ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് തീരുമാനം

Posted on: October 19, 2016 11:25 am | Last updated: October 19, 2016 at 1:33 pm

jacob-thomas

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് തീരുമാനം. എകെജി സെന്ററില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജേക്കബ് തോമസിനെ മാറ്റേണ്ടെന്നാണ് സര്‍ക്കാറിന്റേയും തീരുമാനം.

ജേക്കബ് തോമസിനെ മാറ്റിയാല്‍ സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ നിലപാടിന് മങ്ങലേല്‍ക്കുമെന്നാണ് സര്‍ക്കാറിന്റേയും പാര്‍ട്ടിയുടേയും നിലപാട്. ഇപി ജയരാജന്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ ശക്തമായ അഴിമതി വിരുദ്ധ സന്ദേശമാണ് നല്‍കിയത്. എന്നാല്‍ ജേക്കബ് തോമസിനെ മാറ്റിയാല്‍ അതിന് മങ്ങലേല്‍ക്കും. ജയരാജനെതിരെ ത്വരിതാന്വേഷണം നടത്തിയതിനാലാണ് ജേക്കബ് തോമസിനെ മാറ്റുന്നതെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജേക്കബ് തോമസിനെ മാറ്റിയാല്‍ അത് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കരുത്ത് പകരുമെന്നും സിപിഎം മനസിലാക്കുന്നുണ്ട്.

അതേസമയം തന്നെ സ്ഥാനത്ത് നിന്ന് മാറ്റിത്തരണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്.