Connect with us

National

ബീഹാറില്‍ 68 കോളജുകളുടെ അംഗീകാരം റദ്ദാക്കി

Published

|

Last Updated

പാറ്റ്‌ന: മതിയായ ഭൗതിക സൗകര്യങ്ങളില്ലാതെ ബീഹാറില്‍ പ്രവര്‍ത്തിക്കുകയായിരുന്ന 68 കോളജുകളുടെയും 19 സ്‌കൂളുകളുടെയും അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഗ്യാരേജിന് പുറത്ത് പ്രവര്‍ത്തിക്കുകയായിരുന്ന കേശവ വിന്ദേവരി ദേവി കോളജും ഒറ്റ മുറിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഏതാനും സ്‌കൂളുകളും ഉള്‍പ്പെടെയുള്ളവയുടെ അംഗീകാരമാണ് റദ്ദാക്കിയിരിക്കുന്നതെന്ന് ബീഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ആനന്ദ് കിഷോര്‍ പറഞ്ഞു.
പല കോളജുകളും സ്‌കൂളുകളും കടലാസില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 12ാം ക്ലാസ് പരീക്ഷയില്‍ തിരിമറി നടന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തിവന്ന അന്വേഷണങ്ങളിലാണ് തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുന്നിരിക്കുന്നത്.
നേരത്തെ പരീക്ഷാ തട്ടിപ്പിലൂടെ റൂബി റായി എന്ന വിദ്യാര്‍ഥിനി ഹ്യുമാനിറ്റിയില്‍ ഒന്നാം റാങ്ക് നേടിയത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിദ്യാര്‍ഥിനിക്ക് വിഷയത്തില്‍ പ്രാഥമിക ജ്ഞാനം പോലുമില്ലെന്ന് ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുകൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ ഒറ്റ ചോദ്യത്തിന് പോലും റൂബി റായിക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
പല വിദ്യാര്‍ഥികള്‍ക്കും വേണ്ടി മറ്റു ചിലര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് ഉത്തരക്കടലാസുകളുടെ ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍, താന്‍ പരീക്ഷ ജയിക്കാന്‍ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളുവെന്നും പിതാവാണ് ഉന്നത വിജയം നേടാന്‍ വേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ചതെന്നും റൂബി പിന്നീട് പറഞ്ഞിരുന്നു.
സംഭവത്തില്‍ റൂബി അടക്കം 18 പേര്‍ അറസ്റ്റിലായിരുന്നു. വി എന്‍ റായ് കോളജ് പ്രിന്‍സിപ്പല്‍ ബച്ചാ റായിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളോടൊപ്പം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രൊഫ. ലാല്‍കേശ്വര്‍ പ്രസാദ് സിംഗ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനുമതി നല്‍കിയ കോളജുകളുടെ അംഗീകാരമാണ് ഇന്നലെ റദ്ദാക്കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest