പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു; പിന്നാലെ മരവിപ്പിച്ചു

Posted on: October 19, 2016 1:03 am | Last updated: October 19, 2016 at 1:03 am

സ്വന്തം ലേഖകന്‍
തിരുവനന്തപുരം

പോലീസ് സഹകരണ സംഘത്തില്‍ വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ രജ്ഞിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത് പിന്നാലെ നടപടി മരവിപ്പിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ശനിയാഴ്ച ഇരുവരേയും സസ്‌പെന്‍ഡ് ചെയ്ത ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി ശിവവിക്രം മണിക്കൂറുകള്‍ക്കം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ നിയമോപദേശത്തിനായാണ് ഉത്തരവ് മരിവിപ്പിച്ചതെന്നാണ് ഡി സി പിയുടെ പ്രതികരണം.
തിരുവനന്തപുരം ജില്ലാ പോലീസ് സഹകരണസംഘത്തില്‍ മിനുട്‌സ് തിരുത്തിയെന്നും വ്യാജരേഖ ചമച്ചെന്നും കാട്ടി സംഘം പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് അജിത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ അജിത്ത്്് ഹൈക്കോടതിയെ സമീപിച്ച് നടപടി രണ്ടാഴ്ച സ്റ്റ ചെയ്യിച്ചു. പിന്നീട് കോടതി സ്റ്റ ഒഴിവാക്കുകയും അന്വേഷണം നാലാഴ്ചയ്്്ക്കകം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. അതുവരെ അറസ്റ്റ് പാടില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് അജിത്തിനെയും രജ്ഞിത്തിനെയും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് നടപ്പാക്കാന്‍ സാവകാശം കിട്ടും മുമ്പേ ഇരുവരുടെയും സസ്‌പെന്‍ഷന്‍ നടപ്പാക്കേണ്ടതില്ലെന്ന് മറ്റൊരു ഉത്തരവ് ഇറക്കി. രാത്രി ഏഴോടെ അസാധാരണ വേഗത്തിലാണ് മരവിപ്പിക്കല്‍ ഉത്തരവ് ഇറങ്ങിയത്. പോലീസുകാര്‍ ഗുരുതരമായ അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും നടത്തിയതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. അതിനാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധം സസ്‌പെന്‍ഡ് ചെയ്യുന്നതായാണ് ഉത്തരവില്‍ പറഞ്ഞത്. കൂടുതല്‍ അന്വേഷണത്തിനായി കന്റോണ്‍മെന്റ്്്് അസി. കമ്മീഷണറെ ചുമതലപ്പെടുത്തിയതുമാണ്. ഇത്രയും വിശദമായ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെ മരവിപ്പിച്ചതിന് പിന്നിലെ കാരണം ദൂരൂഹമാണെന്നാണ് ആരോപണം.