Connect with us

Articles

ആരാണ് ടോള്‍ വിരുദ്ധര്‍?

Published

|

Last Updated

പൊതുവഴികളിലെ ടോള്‍ എന്ന വിഷയം വീണ്ടും ചര്‍ച്ചക്ക് വന്നിരിക്കുന്നു. സംസ്ഥാന റോഡുകളില്‍ ടോള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നിടത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നു; നല്ലത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി നടന്നുവരുന്ന ജനകീയ സമരങ്ങളുടെ വിജയമാണത്. ടോള്‍ എന്നതിനെ കേവലം ഒരു അധികച്ചെലവായി മാത്രമാണ് എല്ലാ കക്ഷികളും ഒരു പരിധി വരെ മാധ്യമങ്ങളും കണ്ടിരുന്നത്. മിതമായ നിരക്കില്‍ ടോള്‍ എന്നതായിരുന്നു അവരെല്ലാം ഉന്നയിച്ച ആവശ്യം. കൊച്ചി നഗരത്തിനകത്ത് മട്ടാഞ്ചേരി ബി ഒ ടി പാലത്തില്‍ ഏര്‍പെടുത്തിയ ടോളിനെതിരെ ആണ് അതിശക്തമായ പോരാട്ടം തുടങ്ങിയത്. ഗാമണ്‍ ഇന്ത്യ എന്ന കമ്പനിക്കു പാലം നിര്‍മിക്കാനും അതിന്റെ ചെലവ് ടോള്‍ ആയി 13 വര്‍ഷങ്ങള്‍ കൊണ്ട് പിരിക്കാനും അനുമതി നല്‍കിയതാണ് തുടക്കം. കേരളത്തിലെ ആദ്യത്തെ ബി ഒ ടി പദ്ധതി. 1995ല്‍ അത് ഉദ്ഘാടനം ചെയ്തു കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ആന്റണിയും പൊതുമരാമത്ത് മന്ത്രി ഡോ. എം കെ മുനീറും പറഞ്ഞത് ഇതൊരു ടെസ്റ്റ് ഡോസ് ആണെന്നാണ്. ഈ സംരംഭം വിജയിച്ചാല്‍ കേരളത്തിലെ 250ല്‍ പരം പദ്ധതികള്‍ ഇതേ രീതിയില്‍ നടപ്പാക്കും എന്നുമാണ്. പ്രതിപക്ഷവും ഈ പ്രഖ്യാപനത്തെ എതിര്‍ത്തില്ല. കാരണം മട്ടാഞ്ചേരി ബി ഒ ടി നടപ്പാക്കുന്നതില്‍ കൊച്ചി നഗരസഭയുടെയും വിശാല കൊച്ചി വികസന അതോറിറ്റിയുടെയും ഭരണക്കാരെന്ന നിലയില്‍ അവരും പങ്കാളികളായിരുന്നു. എന്നാല്‍ ആ ഒരൊറ്റ പ്രഖ്യാപനം കൊണ്ട് തന്നെ ഈ പദ്ധതി എത്രമാത്രം അപകടകരമാണെന്ന് സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ബി ഒ ടിയുടെയും ടോളിന്റെയും രാഷ്ട്രീയം രാഷ്ട്രീയ കക്ഷികളും സര്‍ക്കാറും തിരിച്ചറിഞ്ഞില്ലെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതാണ് കാര്യം. ഇത് പിന്നീട് കേരളത്തില്‍ ഉയര്‍ന്നുവന്ന ഒട്ടനവധി സമരങ്ങളിലും കണ്ട ഒരു രീതിയാണ്.
എന്താണ് ടോള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം? രണ്ടര പതിറ്റാണ്ടിലേറെയായി കേരളത്തില്‍ നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്ന വാക്കുകളാണല്ലോ ആഗോളീകരണം, ഉദാരീകരണം, സ്വകാര്യവത്കരണം എന്നിവ. ഇവക്കെതിരെ നിരന്തരം സംസാരിക്കുന്നവരായിരുന്നു ഇടതുപക്ഷം. ഈ വാക്കുകളുടെ ശരിയായ അര്‍ഥം അവര്‍ മനസ്സിലാക്കാത്തതാണോ അതോ മറച്ചുപിടിച്ചിരുന്നതാണോ എന്ന സംശയം ഈ ലേഖകനടക്കം പലര്‍ക്കും ഉയര്‍ന്നുവന്നത് അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതുകൊണ്ടാണ്. സര്‍ക്കാറുകള്‍ തങ്ങളുടെ പ്രാഥമിക കടമകളില്‍ നിന്നു പിന്‍വാങ്ങുകയും അവിടെ മൂലധനമിറക്കാന്‍ സ്വകാര്യ മേഖലക്ക് അവസരം നല്‍കുകയും ചെയ്യുന്നതിനെയാണ് ഉദാരീകരണം, സ്വകാര്യവത്കരണം എന്നൊക്കെ പറയുന്നത് എന്ന വസ്തുത അവയെ എതിര്‍ക്കുന്ന ഇടതുപക്ഷം പോലും അറിഞ്ഞില്ലെന്നാണോ?
1930കളില്‍ പാശ്ചാത്യ ലോകമാകെ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കര കയറാന്‍ കെയിന്‍സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൊണ്ടുവന്ന സിദ്ധാന്തമാണ് ക്ഷേമരാഷട്രം എന്ന സങ്കല്‍പത്തിന് അടിസ്ഥാനം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ പണം മുടക്കി ഒരുക്കണം. ഗതാഗതം, ഖനനം, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം, വൈദ്യുതി തുടങ്ങിയവ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആകണം. ഇതിനായി സര്‍ക്കാര്‍ മുതല്‍ മുടക്കുക വഴി സമൂഹത്തില്‍ സാമ്പത്തിക ചലനം ഉണ്ടാകും. ഇവക്കു വേണ്ട മൂലധനം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ കാലം വേണം. അത്രയും കാത്തുനില്‍ക്കാന്‍ സ്വകാര്യ മേഖലക്ക് കഴിയില്ല. സര്‍ക്കാര്‍ ഒരുക്കുന്ന ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ മൂലധനം പുതിയ മേഖലകളില്‍ ഇറങ്ങും. മാന്ദ്യം മാറും. ഇതായിരുന്നു കെയിന്‍സിന്റെ സിദ്ധാന്തം. യൂറോപ്പില്‍ ഇത് വന്‍ വിജയം കണ്ടു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ടാറ്റയും കൂട്ടരും ചേര്‍ന്ന് തയാറാക്കി നെഹ്‌റുവിനു സമര്‍പ്പിച്ച “ബോംബെ പ്ലാനി”ന്റെ തത്വവും ഇതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക വികസന നയം രൂപപ്പെടുത്തിയത്. റോഡും റെയിലും ഖനനവും വിദ്യാഭ്യാസവും ആരോഗ്യവും പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു നികുതി പിരിച്ചാണ് ഈ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത്. അധികവരുമാനമുള്ളവര്‍ അധികം നികുതി നല്‍കും. എന്നാല്‍ ഇങ്ങനെ ഉണ്ടാകുന്ന സൗകര്യങ്ങള്‍ നികുതി നല്‍കുന്നവര്‍ക്കും നല്‍കാത്തവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം. ഇതാണ് നികുതിയുടെ ആശയം.
എന്നാല്‍ ആഗോളീകരണ കാലമായപ്പോള്‍ സംഗതികള്‍ മാറി മറിഞ്ഞു. മൂലധനത്തിനു രാജ്യാതിര്‍ത്തികള്‍ ഇല്ലാതായി. ലാഭം കിട്ടുന്നിടത്തേക്കു അതിവേഗം ഒഴുകിയെത്താമെന്നായി. അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന മൂന്നാം ലോക രാജ്യങ്ങളില്‍ വന്‍ തോതില്‍ പ്രകൃതി വിഭവശേഖരം ഉണ്ട്. അത് കൊള്ളയടിച്ചാല്‍ പെട്ടന്ന് ലാഭം കൊയ്യാം എന്ന് മൂലധനശക്തികള്‍ കണ്ടെത്തി. ഇതിനനുകൂലമായ വിധത്തില്‍ ആ നാടുകളിലെ സാമ്പത്തിക നയങ്ങള്‍ മാറ്റാന്‍ ലോകബേങ്കും ഐ എം എഫും ഏഷ്യന്‍ വികസന ബേങ്കും വഴി സമ്മര്‍ദം ചെലുത്തി. അതിന്റെ ഒക്കെ ഫലമായാണ് ഇന്ന് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ എന്ന് പറയുന്ന നയങ്ങള്‍ ഇവിടെയും നടപ്പാക്കിയത്. എല്ലാ മേഖലകളിലും സ്വകാര്യ വിദേശ മൂലധനത്തിനു കടന്നുവരാമെന്നായി. ഖനനം, ഗതാഗതം തുടങ്ങി കുടിവെള്ളം കടന്നു രാജ്യരക്ഷ വരെ അതെത്തി. ചെറുകിട വ്യാപാരമടക്കം നിരവധി രംഗങ്ങളില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വേറെ ചര്‍ച്ച ചെയ്യപ്പെടണം. നമുക്ക് തെരുവിലേക്ക് വരാം.
റോഡ്, പാലം മുതലായവയുടെ നിര്‍മാണം എന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നു നടന്നിരുന്നത്. എല്ലാ മനുഷ്യര്‍ക്കും ഉപകാരപ്രദമായ സേവനങ്ങള്‍ ആയിരുന്നു അവ. വിദ്യഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്വകാര്യമൂലധനം ഉണ്ടായിരുന്നു എങ്കിലും അവക്ക് മേല്‍ സര്‍ക്കാറിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് നാം കാണുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു നയമാണ്. ഈ വ്യവസ്ഥയുടെ തുടക്കം പൊതു ശൗചാലയങ്ങളില്‍ ആയിരുന്നു. അവ ഉപയോഗിക്കുന്നതിനു ഫീസ് നല്‍കണമെന്നായി. റോഡുകളിലും പാലങ്ങളിലും ആദ്യം സര്‍ക്കാര്‍ തന്നെ ടോള്‍ ഏര്‍പ്പെടുത്തി. ടോള്‍ എന്നത് നികുതി അടിസ്ഥാനമാക്കിയ ക്ഷേമരാഷ്ട്ര തത്വത്തിന്റെ നിഷേധമായിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് ഈ പരിപാടി ഏറെ ലാഭകരമെന്നു കണ്ടെത്തിയ സ്വകാര്യമൂലധനത്തിന്റെ പ്രവേശനം. മുമ്പ് പറഞ്ഞ മട്ടാഞ്ചേരി പാലത്തിലെ ടോള്‍ പിരിക്കാന്‍ തുടങ്ങിയപ്പോളാണ് അത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്. നിലവിലുണ്ടായിരുന്ന ടോള്‍ നിയമം വെച്ച് സര്‍ക്കാറിന് മാത്രമേ ടോള്‍ പിരിക്കാന്‍ കഴിയൂ. പിന്നീട് അത് ഭേദഗതി ചെയ്തതുകൊണ്ടാണ് പിരിവു ന്യായീകരിക്കപ്പെട്ടത്.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ എല്ലാ സര്‍ക്കാറുകളും ടോള്‍ വ്യവസ്ഥയുടെ പ്രചാരകരായിരുന്നു. നിരവധി നിയമങ്ങള്‍ അവര്‍ മാറ്റി. ദേശീയപാതാ അതോറിറ്റി എന്ന സ്ഥാപനം വളര്‍ത്തിയെടുത്തത് തന്നെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു. രാജ്യത്തെ ദേശീയപാതകള്‍ എല്ലാം ബി ഒ ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുക എന്നതാണ് നയം. ഇതിന്റെ പിന്നിലെ അഴിമതി വളരെ വലുതാണ്. ഇത് ടു ജി അഴിമതിയെക്കാള്‍ വലുതാണെന്ന് കണ്ടെത്തി പുറത്ത് പറഞ്ഞത് ഇപ്പോഴത്തെ കെ പി സി സി അധ്യക്ഷനാണ്. നിര്‍മാണത്തിന് വേണ്ടതിന്റെ രണ്ടും മൂന്നും മടങ്ങു ചെലവ് കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കും. ഇതിന്റെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റ് ആയി നല്‍കും. നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലും ടോള്‍ പിരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലുമടക്കം പല ജോലികളും സംസ്ഥാന സര്‍ക്കാറിന്റേതാണ്. പോലീസിനെ കരാറുകാരുടെ കീഴിലാക്കുകയാണ് പ്രധാന കടമ. മുപ്പതു കൊല്ലം വരെ ടോള്‍ പിരിക്കാം. ഇതുവഴി നിര്‍മാണച്ചിലവിന്റെ നൂറു കണക്കിന് മടങ്ങു പണം ഇവര്‍ ജനങ്ങളില്‍ നിന്നും പിരിക്കും. ഇതിന്റെ നല്ലൊരു പങ്കും രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ക്കും നല്‍കും. പലപ്പോഴും ഇവര്‍ക്ക് ഈ കമ്പനികളില്‍ ഓഹരിയുമുണ്ടാകും. കേരളത്തില്‍ എല്ലാ ദേശീയ പാത നിര്‍മാണക്കരാറുകളും ഏറ്റെടുത്തിട്ടുള്ളത് ഒരൊറ്റ കമ്പനിയാണ്. ഓരോ ഭാഗത്തിനും വ്യത്യസ്തമായ താല്‍ക്കാലിക കമ്പനികള്‍ ഉണ്ടാക്കും.

Latest