കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പ്രിവന്റീവ് ഐ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

Posted on: October 18, 2016 8:18 pm | Last updated: October 18, 2016 at 8:18 pm

താമരശ്ശേരി: ആയുര്‍വേദ നേത്ര ചികിത്സയിലൂടെ നേത്ര സംരക്ഷണം എന്ന ലക്ഷ്യത്തോടെ കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പ്രിവന്റീവ് ഐ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ആയുര്‍വേദ വിധിപ്രകാരമുള്ള നേത്ര ചികിത്സക്കും പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഐ കെയര്‍ യൂണിറ്റ് പ്രാധാന്യം നല്‍കുക. ജില്ലയില്‍ മൂന്ന് ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ നേത്ര ചികിത്സാ യൂണിറ്റ് നിലവില്‍ വന്നെങ്കിലും കട്ടിപ്പാറ, തലയാട് സെന്ററുകളില്‍ മാത്രമാണ് ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളത്. നേത്ര രോഗ വിദഗ്ദന്‍ കൂടിയായ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചയും സ്‌പെഷ്യല്‍ ഒ പി പ്രവര്‍ത്തിക്കും. കുട്ടികളിലെ കാഴ്ചക്കുറവ്, കണ്ണിലെ അലര്‍ജി, ചുകപ്പ്, തുടര്‍ച്ചയായി വെള്ളം ഒലിക്കല്‍, പഴുപ്പ്, വേദന, നേത്ര നാഡി രോഗങ്ങള്‍, കണ്ണില്‍ ഉണ്ടാകുന്ന മുറിവുകള്‍, കോങ്കണ്ണ്, വെള്ളെഴുത്ത്, രാത്രിയില്‍ ഉള്ള കാഴ്ച കുറവ്, തലവേദന, കണ്ണിലെ കുരുക്കള്‍, പാടവളര്‍ച്ച, തിമിരം, ഡയബെറ്റിക്ക് റെറ്റിനോപ്പതി, മാക്കുലാര്‍ എഡിമ, തുടങ്ങിയ നേത്ര രോഗങ്ങള്‍ക്കെല്ലാം ആയുര്‍വേദ വിധി പ്രകാരമുള്ള ചികിത്സ ഇവിടെ ലഭ്യമാണ്. യുവ തലമുറയെ വേട്ടയാടുന്ന പ്രമേഹം കാരണമായുള്ള നേത്ര രോഗങ്ങള്‍ക്കുള്ള ചികിത്സകളും പ്രതിരോധ ചികിത്സയും ലഭ്യമാണ്. കാഴ്ച പരിശോധിച്ച് കണ്ണട നല്‍കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ഐ കെയര്‍ യൂണിറ്റിന്റെ കീഴില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും, നേത്ര രോഗ പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും. നേത്ര സംരക്ഷണ വിധികളും, ദിനചര്യ, ഋതുചര്യ തുടങ്ങിയ ശീലങ്ങളും സംയോജിപ്പിച്ച് നേത്രാരോഗ്യം വീണ്ടെടുക്കുന്നതിന് പൊതുജനങ്ങളെ പരിശീലിപ്പിക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ കണ്ണടയില്‍ നിന്നും മോചിപ്പിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ അധികം ഉപയോഗിക്കുന്നവര്‍ക്കുണ്ടാവുന്ന കമ്പ്യൂട്ടര്‍ വിഷന്‍ സിണ്ട്രോം എന്ന രോഗാവസ്ഥകള്‍ ഇല്ലാതാക്കുന്നതിനും കണ്ണുനീരിന്റെ കുറവ് മൂലം ഉണ്ടാകുന്ന ഡ്രൈ ഐ എന്നിവക്കും ഇവിടെ ആയുര്‍വേദ ചികിത്സ ലഭ്യമാണ്. കര്‍ഷകരും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന കട്ടിപ്പാറയിലെ ആയുര്‍വേദ നേത്ര ചികിത്സ നാട്ടുകാര്‍ക്കൊപ്പം പരിസരപ്രദേശങ്ങളിലെ സാധാരണക്കാര്‍ക്കും ആശ്വാസമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2270204, 9847730088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.