ഗോഡ്ഫാദര്‍ പരാമര്‍ശം: ബിജിമോള്‍ക്കെതിരെ നടപടിയുമായി സി പി ഐ

Posted on: October 18, 2016 10:20 am | Last updated: October 18, 2016 at 10:20 am

bijimol21തിരുവനന്തപുരം: മന്ത്രിയാകാത്തത് പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തത് കൊണ്ടാണെന്ന വിവാദ പരാമര്‍ശത്തില്‍ ഇ എസ് ബിജിമോള്‍ക്കെതിരെ നടപടിയെടുക്കാന്‍ സി പി ഐ തീരുമാനം. ബിജിമോള്‍ എം എല്‍ എയെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് തരംതാഴ്ത്താന്‍ സി പി എ സംസ്ഥാന എക്‌സിക്യൂട്ടീവ് ശിപാര്‍ശ ചെയ്തു. ഇന്നു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ബിജി മോള്‍ക്കെതിരെ തീരുമാനമെടുക്കും. ബിജിമോളുടെ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ഗോഡ്ഫാഗറില്ലാത്തതിനാലാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നായിരുന്നു ബിജിമോള്‍ പരാമര്‍ശം നടത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ച് മന്ത്രിസഭാ രൂപവത്കരണ സമയത്ത് സി പി ഐ മന്ത്രിമാരെ കണ്ടെത്തുന്നതിനായി സംസ്ഥാന ഘടകങ്ങള്‍ ചേരവേയാണ് ബിജിമോള്‍ ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ അംഗങ്ങള്‍ അന്നുതന്നെ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
മത്സരിക്കാന്‍ പാര്‍ട്ടി വീണ്ടും അനുമതി നല്‍കിയിട്ടും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ദു: ഖകരമാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ അന്ന് പ്രതികരിച്ചത്. തന്റെ വാക്കുകള്‍ ലേഖകന്‍ അസത്യമായി ഉപയോഗിക്കുകയായിരുന്നൂവെന്നും ബോധപൂര്‍വമല്ല താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നും ചൂണ്ടിക്കാട്ടി ബിജിമോള്‍ നേരത്തെ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു.
ഇതിന്റെ പേരില്‍ ബിജിമോള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ ചേര്‍ന്ന സി പി ഐ കൗണ്‍സില്‍ യോഗം വിലയിരുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ ബിജിമോളെ തരംതാഴ്ത്താന്‍ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ശിപാര്‍ശയുണ്ടായത്.
അതേ സമയം പാര്‍ട്ടി നേതൃത്വത്തിനെതിരേ ഇന്നലെ നടന്ന എക്—സിക്യൂട്ടീവില്‍ സി ദിവാകരന്‍ എം എല്‍ എ പൊട്ടിത്തെറിച്ചു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് ത്രീമൂര്‍ത്തീ ഭരണമാണെന്നും ഇത് അധികകാലം തുടരില്ലെന്നും ദിവാകരന്‍ പറഞ്ഞു. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയോട് ഇത്ര വിധേയത്വം പാടില്ല. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം നേതൃത്വത്തിനെതിരേ വിമര്‍ശം ഉന്നയിച്ചത്.