മിന്നലാക്രമണം: പ്രചോദനമായത് ആര്‍എസ്എസ് തത്വശാസ്ത്രമെന്ന് പരീക്കര്‍

Posted on: October 18, 2016 10:00 am | Last updated: October 18, 2016 at 1:36 pm
SHARE

manohar parikkarഅഹമ്മദാബാദ്: പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ തനിക്കും പ്രധാനമന്ത്രി മോദിക്കും പ്രചോദനമായത് ആര്‍എസ്എസ് തത്വശാസ്ത്രമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഗാന്ധിജിയുടെ നാട്ടില്‍ നിന്ന് വരുന്ന മോദിക്കോ ഗോവയില്‍ നിന്ന് വരുന്ന പ്രതിരോധമന്ത്രിയായ തനിക്കോ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ആവില്ലായിരുന്നു. അതിലേക്ക് ഞങ്ങളെ നയിച്ചത് ആര്‍എസ്എസ് തത്വശാസ്ത്രമാണെന്നും പരീക്കര്‍ വ്യക്തമാക്കി. നിര്‍മ യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നവരെ പരീക്കര്‍ വിമര്‍ശിച്ചു. മിന്നലാക്രമണത്തിന് തെളിവ് വേണമെന്നാണ് ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നത്. യഥാര്‍ഥ തെളിവ് നല്‍കിയാലും ഇത്തരക്കാര്‍ വിശ്വസിക്കില്ല. ഒരു കാര്യം ഉറപ്പാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെ സംശയിക്കാന്‍ ആര്‍ക്കുമാവില്ല.

ദേശീയ സുരക്ഷക്കുമേല്‍ കടന്നാക്രമണമുണ്ടായാല്‍ രാജ്യം പെട്ടന്ന് പ്രതികരിക്കുമെന്നും രാജ്യം മുഴുവന്‍ പിന്തുണയുമായി സൈന്യത്തിന് പിന്നിലുണ്ടാകുമെന്നുമുള്ള രണ്ട് കാര്യങ്ങള്‍ മിന്നലാക്രമണത്തിലൂടെ ഇന്ത്യ തെളിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്കിസ്ഥാന്‍ നിരവധി വര്‍ഷങ്ങളായി ആക്രമണം തുടരുകയാണ്. എന്നാല്‍ ശത്രുവിന് തക്കതായ മറുപടി നല്‍കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here