Connect with us

Editorial

മുസ്‌ലിം ലീഗും തീവ്രവാദ സമീപനവും

Published

|

Last Updated

തീവ്രവാദവിരുദ്ധ സമീപനമാണ് തങ്ങള്‍ക്കെന്ന മുസ്‌ലിം ലീഗ് അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ് ഇസില്‍/സലഫി വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചുവരുന്ന നയം. കേരളത്തില്‍ നിന്ന് ഈയിടെ ചിലര്‍ ആഗോള ഭീകര പ്രസ്ഥാനമായ ഇസിലിലേക്ക് ആകൃഷ്ടരായതിന് പിന്നില്‍ സലഫിസത്തിന്റെ സ്വാധീനമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ചില മുജാഹിദ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പോലീസ് ആരംഭിച്ച നടപടികളുമായി സഹകരിക്കുന്നതിന് പകരം സലഫിസത്തെ വെള്ളപൂശുന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം ലീഗ് സെക്രട്ടേറിയേറ്റ് കൈക്കൊണ്ടത്. തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചുവന്നിരുന്ന പാര്‍ട്ടി സലഫികള്‍ പ്രതിരോധത്തിലാകുന്നു എന്ന് കണ്ടപ്പോള്‍ തീവ്രവാദത്തോട് സന്ധിയാകാനാണോ നോക്കുന്നത്? വലിയ വിലകൊടുത്ത് നടന്നു തീര്‍ത്ത വഴികള്‍ ലീഗ് സ്വയം റദ്ദ് ചെയ്യുകയാണോ?
അടുത്തിടെയായി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ ചില മലയാളി മുസ്‌ലിം യുവാക്കളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇസിലില്‍ ചേരാനാണ് ഇവര്‍ നാടുവിട്ടതെന്ന് കണ്ടെത്തിയത്. ഇവരെല്ലാം തന്നെ മുസ്‌ലിം ഉത്പതിഷ്ണു വിഭാഗമായ മുജാഹിദ് ആശയക്കാരാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതോടെയാണ് പോലീസ് മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ സ്ഥാപനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. അവരുടെ ചില സ്ഥാപങ്ങളിലെ പാഠപുസ്തകങ്ങളില്‍ മതനിരപേക്ഷതക്ക് യോജിക്കാത്ത പരാമര്‍ശങ്ങളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചത്. ഈ ഘട്ടത്തില്‍ കുറ്റാരോപിതരെ ന്യായീകരിക്കാനുള്ള പാര്‍ട്ടിയുടെ എടുത്തുചാട്ടം സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ നിര്‍ത്താനേ ഉപകരിക്കൂ.
സലഫിസം തുടക്കം മുതലേ ഒരു ഭീകര പ്രസ്ഥാനമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയ സാരഥ്യം വഹിച്ചിരുന്ന ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാനും ആശയപരമായ ഭിന്നത സൃഷ്ടിച്ചു ഇസ്‌ലാമിനെ തകര്‍ക്കാനും നിന്നുകൊടുത്ത പാരമ്പര്യമാണ് ഈ പുരോഗമന വാദികള്‍ക്കുള്ളത്. പണ്ഡിതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയും പുണ്യസ്ഥലങ്ങള്‍ നശിപ്പിച്ചുമായിരുന്നു അവരുടെ അരങ്ങേറ്റം. ഇസ്‌ലാമിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം ഇസ്‌ലാമിക മുന്നേറ്റത്തിനുള്ള പാത വെട്ടിത്തെളിയിക്കുന്നതിന് പകരം ഇസ്‌ലാമിന് മേല്‍ ശത്രുക്കള്‍ക്ക് അധീശത്വം സ്ഥാപിക്കാനുള്ള ഇടങ്ങളാണ് സംഭാവന ചെയ്തത്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിച്ചു അവയെ നാമാവശേഷമാക്കുന്നതിന് ഇവര്‍ ആവിഷ്‌കരിച്ച പുതിയ തുറുപ്പാണ് ഇസില്‍.
ഇസിലിലേക്ക് കേരളീയ യുവാക്കള്‍ ആകൃഷ്ടരാകുന്നത് സംസ്ഥാനത്തെ മുസ്‌ലിം പണ്ഡിതന്മാരും നേതൃത്വങ്ങളും ആശങ്കയോടയാണ് നോക്കിക്കാണുന്നത്. ഇതേ കുറിച്ച് അവര്‍ സമുദായത്തിനും സമൂഹത്തിനും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ ആശയ സ്രോതസ്സുകളെയും ഒത്താശ ചെയ്യുന്ന സ്ഥാപനങ്ങളെയും തള്ളിപ്പറയുന്നതിന് പകരം അവയെ വെള്ള പൂശാനുള്ള ലീഗ് ശ്രമം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഈ നിലപാടിന് പിന്നില്‍ സംഘടനയിലെ മുജാഹിദ് സമ്മര്‍ദമാണെന്നാണ് കരുതേണ്ടത്. മുസ്‌ലിം സംഘടനകള്‍ക്കെതിരെ തീവ്രവാദ ആരോപണമുയരുന്നത് ഇതാദ്യമല്ല. നേരത്തെ മഅ്ദനിക്കെതിരെയും അദ്ദേഹത്തിന്റെ ഐ എസ് എസിനെതിരെയും തീവ്രവാദ അരോപണം ഉയര്‍ന്നിരുന്നു. ഫാസിറ്റ് ശക്തികളായിരുന്നു ഈ ആരോപണമുന്നയിച്ചു മഅ്ദനിയെ വേട്ടയാടിയത്. അന്ന് ലീഗ് അദ്ദേഹത്തിന്റെ രക്ഷക്കെത്തിയില്ലെന്ന് മാത്രമല്ല, ഫാസിസ്റ്റ് ശക്തികള്‍ക്കൊപ്പം ചേര്‍ന്ന അദ്ദേഹത്തെ തുറുങ്കിലടക്കാന്‍ എല്ലാ ഒത്താശയും ചെയ്യുകയായിരുന്നു.
മുജാഹിദുകളുടെ രാഷ്ട്രീയ സ്വാധീനം ഒരു പുതിയ കാര്യമല്ല. കേരളത്തില്‍ മുജാഹിദുകള്‍ വേരോട്ടമുണ്ടാക്കിയതും എതിരെ വന്ന ആരോപണങ്ങളെ അതിജീവിച്ചതും സമുദായ രാഷ്ട്രീയത്തെ കൂട്ടുപിടിച്ചായിരുന്നു. പാരമ്പര്യമായി സുന്നികള്‍ നടത്തിവന്ന ഒട്ടേറെ പള്ളികളും സ്ഥാപനങ്ങളും ഇന്ന് മതപരിഷ്‌കരണവാദികളുടെ അധീനതയലാണ്. ഇവയില്‍ പലതും രാഷ്ട്രീയ സഹായത്തോടയാണ് അവര്‍ പിടിച്ചെടുത്തത്. കേരളത്തിലെ അറബി പാഠപുസ്തകങ്ങളില്‍ പലപ്പോഴും സുന്നിവിരുദ്ധ പരാമര്‍ശങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ഇതും ഇങ്ങനെ വന്നതാണ്.
മുസ്‌ലീം ലീഗിന് കരുത്ത് പകരുന്നതും പ്രസ്ഥാനത്തെ കേരളത്തിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി നിലിര്‍ത്തുന്നതും പാരമ്പര്യ മുസ്‌ലിംകളാണെങ്കിലും പാര്‍ട്ടി നേതൃത്വത്തെ പുരോഗമന വാദികള്‍ ഹൈജാക്ക് ചെയ്യുന്നു. സമുദായത്തില്‍ ആദരണീയരായവരെ മുന്നില്‍ നിര്‍ത്തി സലഫികള്‍ തങ്ങളുടെ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കുന്നു. പുതിയ സാഹചര്യത്തിലും ഇത് തുടരുകയാണ് എന്നാണ് ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുന്നത്. പാര്‍ട്ടിയെ പുരോഗമന നാട്യക്കാര്‍ ഹൈജാക്ക് ചെയ്യുന്നത് തടയാന്‍ ലീഗ് നേതൃത്വം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest