മലയിഞ്ചിയിലെ മഴവില്‍ വിസ്മയം

  Posted on: October 16, 2016 6:20 pm | Last updated: October 16, 2016 at 7:19 pm

  travelകേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ പലതും പുറംലോകത്ത് അധികം ആരും അറിയാതെ മറഞ്ഞു കിടക്കുകയാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. പക്ഷെ കേരളത്തിലെ പല കാടുകളിലും കടന്നു ചെല്ലുകയും അവിടത്തെ മനോഹരമായ വെള്ളച്ചാട്ടങ്ങളെ അടുത്ത് കാണുകയും ചെയ്തപ്പോള്‍ ഇത്രയും കാലം കണ്ട വെള്ളച്ചാട്ടങ്ങളെക്കാള്‍ മനോഹരമായ വെള്ളച്ചാട്ടങ്ങളാണ് കാടുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

  യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു സുഹൃത്തില്‍ നിന്നാണ് ഇടുക്കിയിലെ മലയിഞ്ചിയിലുള്ള മഴവില്‍ വെള്ളച്ചാട്ടത്തെ കുറിച്ച് അറിയുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്ന യാത്രകളെ പ്രണയിക്കുന്ന കുറച്ചു പേരോടൊപ്പം എറണാകുളത്ത് നിന്നും തൊടുപുഴ, ചീനിക്കുഴി വഴി മലയിഞ്ചി എന്ന ഗ്രാമത്തിലെത്തി. എറണാകുളത്തു നിന്നും 95 കിലോമീറ്റര്‍ ദൂരത്തായാണ് മലയിഞ്ചി. പേരില്‍ തന്നെ ഒരു പ്രത്യേകത തോന്നിയ, ഒരു തനി നാട്ടിന്‍പുറം. ആധുനികതയുടെ സൗകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത ഒരു ചെറിയ സ്ഥലം. പോകുന്ന വഴിയിലെല്ലാം റബ്ബര്‍ മരങ്ങളും ജാതിയും മറ്റും നിറഞ്ഞ തോട്ടങ്ങള്‍. മൂന്നോ നാലോ ചെറിയ കടകള്‍ മാത്രം ഉള്ള ഒരു കവലയും പിന്നെ ഒരു ക്രിസ്ത്യന്‍ പള്ളിയും. ജനവാസം ഒട്ടും ഇല്ലാത്ത റബ്ബര്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികളിലൂടെ ചെറിയ ചെറിയ സംഘങ്ങളായി നടന്നു നീങ്ങി. മുമ്പിലും പിറകിലും ആ വഴികള്‍ സുപരിചിതരായ, ഞങ്ങള്‍ക്ക് വഴികാട്ടികളായി വരുന്ന രണ്ടു നാട്ടുകാര്‍ ഉണ്ടായിരുന്നു.

  travel

  ഏകദേശം അര കിലോമീറ്റര്‍ നടന്നപ്പോള്‍ കണ്ട ചെറു വഴിയിലൂടെ ശരിക്കും കാട്ടിലേക്ക് ഉള്ള യാത്ര തുടങ്ങി. തുടക്കം തന്നെ ദുഷ്‌കരം ആയിരുന്നു. പലയിടത്തും പാറകളുടെ മുകളിലൂടെ കടന്നു വേണം പോകാന്‍. മറ്റൊരാളുടെ സഹായം ഇല്ലാതെ നടന്നു പോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ആദ്യം ഒരാള്‍ പാറ ചാടിക്കടക്കുകയും മറ്റുള്ളവരെ കൈ പിടിച്ചു കടത്തുകയും ചെയ്തു കൊണ്ട് വളരെ പതുക്കെ ആയിരുന്നു നടത്തം. വളരെ സൂക്ഷ്മതയോടെ സഞ്ചരിക്കേണ്ട കാട്. നടക്കുന്ന വഴിയുടെ ഇരുവശത്തും ചിലപ്പോള്‍ മുള്ള് നിറഞ്ഞ വള്ളിപ്പടര്‍പ്പുകള്‍ കാണും അല്ലെങ്കില്‍ നിലത്തു ചെറിയ ചെറിയ പാറക്കഷണങ്ങള്‍, ചിലയിടത്ത് ചിലപ്പോള്‍ മരങ്ങള്‍ വീണു കിടക്കുന്നുണ്ടാകും, ഒരു കൊക്കയുടെ ഭാഗത്ത് കൂടെ ആയിരിക്കും നടപ്പ്. മറ്റുള്ളവരെ നോക്കാതെ സ്വയം ശ്രദ്ധിച്ചു ഓരോ ചുവടും വെച്ചില്ലെങ്കില്‍ അപകടം ഉറപ്പ്.

  കുറേ നേരം നടന്നപ്പോള്‍ പുഴയുടെ ആരവം. വീണ്ടും കുറച്ചു നടന്നപ്പോള്‍ ഒരു പുഴയുടെ അടുത്തെത്തി. അകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നും ഒഴുകി വരുന്ന വെള്ളമായിരുന്നു അത്. കാട്ടിലെ യാത്രകളില്‍ ഒരു ചെറിയ പുഴ കാണുന്നത് തന്നെ ആശ്വാസമാണ്. എന്നെങ്കിലും ഏതെങ്കിലും കാട്ടില്‍ വെച്ച് വഴി തെറ്റുകയാണെങ്കില്‍ ഒഴുകുന്ന പുഴയുടെ അരികിലൂടെ നടന്നാല്‍ പുറം ലോകത്ത് എത്താമെന്ന കാര്യം കാട്ടില്‍ ആദ്യമായി വരുന്ന ചിലര്‍ക്ക് പറഞ്ഞു കൊടുത്തു നടന്നു.
  ചില ദുര്‍ഘടമായ സ്ഥലങ്ങളില്‍ താഴേക്ക് ഇറങ്ങുന്നത് ശരിക്കും അപകടകരമായിരുന്നു. ഇത് മുന്‍കൂട്ടി മനസിലാക്കി വലിയ കയറുകള്‍ ഞങ്ങള്‍ കൂടെ കരുതിയിരുന്നു. വലിയ ഇറക്കം ഇറങ്ങുന്നതിനു മുമ്പ് ഉറപ്പുള്ള ഏതെങ്കിലും മരത്തില്‍ കയര്‍ കെട്ടും എന്നിട്ട് എല്ലാവരും അതില്‍ പിടിച്ചു താഴേക്കിറങ്ങും. ഏറ്റവും അവസാനം വരുന്ന ആള്‍ ആ കയര്‍ അഴിച്ചെടുത്തു കൊണ്ട് വരും. ഇറക്കവും കയറ്റവും ശരിക്കും രസകരമായിരുന്നു, വളരെ അപകടകരവും.

  travel-4

  പോകുന്ന വഴിയില്‍ പലയിടത്തും ചെറിയ പാമ്പുകളെ കണ്ടു. ചുരുട്ട എന്ന വിഭാഗത്തില്‍ പെട്ട പാമ്പുകളാണ് കൂടുതലും. വഴിയില്‍ തടസമായി കിടക്കാത്തത് കൊണ്ട് പാമ്പിനെ കണ്ട കാര്യം ആരോടും പറഞ്ഞില്ല.
  വളരെ ശ്രദ്ധിച്ചു നടന്നാല്‍ മാത്രമേ ഇത്തരം പാമ്പുകളെ കാണാന്‍ കഴിയൂ. പലപ്പോഴും നിലത്തു വീണു കിടക്കുന്ന ഇലയുടെ അതെ കളറില്‍ ആയിരിക്കും ആ പാമ്പിന്റെ നിറവും. വളരെ ചെറിയ ശരീരവും തിരിച്ചറിയാനാവാത്ത കളറും കാരണം പലരും പാമ്പിനെ ചവിട്ടുന്നത് പതിവാണ്. ചുരുട്ട എന്ന ഈ പാമ്പ് കടിച്ചാല്‍ ആള്‍ പെട്ടെന്ന് മരിക്കുകയൊന്നും ഇല്ല . ശരീരം നീര് വന്നു തടിക്കും. അങ്ങിനെയാണ് പറഞ്ഞു കേട്ടിരിക്കുന്നത്.

  കുറെ നേരം നടക്കുകയും കയറ്റങ്ങള്‍ കയറുകയും ഇറങ്ങുകയും മറ്റും ചെയ്തപ്പോള്‍ കാട് കയറി വലിയ പരിചയമില്ലാത്ത പലരും അവശ നിലയിലായി. പല സ്ഥലങ്ങളിലും നിന്നും ഇരുന്നും പതുക്കെ മല കയറാന്‍ പ്രേരിപ്പിച്ചും സമയം കൊടുത്തും എന്താണ് ട്രക്കിംഗ് എന്ന് അവരെ പഠിപ്പിച്ചു കൊടുത്തുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. വഴിയില്‍ പലയിടത്തും മരങ്ങളില്‍ പടര്‍ന്നു നല്ല വണ്ണം ഉള്ള വള്ളികള്‍ കണ്ടു. പ്ലാശ് എന്ന പേരില്‍ അറിയപ്പെടുന്ന ആ വള്ളികള്‍ മുറിച്ചാല്‍ ഒരാള്‍ക്ക് ദാഹം മാറ്റാനുള്ള വെള്ളം അതില്‍ നിന്നും കിട്ടും എന്നറിയാമായിരുന്നു.

  travel-3

  കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പീച്ചി കാടുകളിലൂടെ നടത്തിയ ഒരു സാഹസിക യാത്രയിലാണ് ഈ വള്ളികളെ ആദ്യമായി ഫോറസ്റ്റര്‍ പരിചയപ്പെടുത്തി തന്നത്. കുടിക്കാന്‍ ഒട്ടും വെള്ളം ഇല്ലാതെ വലയുന്നതിനിടയില്‍ പ്ലാശ് വെട്ടി വെള്ളം കുടിച്ചു ദാഹം തീര്‍ത്തത് ഒരു ഓര്‍മയായി മനസില്‍ ഇപ്പോഴും കിടക്കുന്നുണ്ട്. ചില വള്ളികളില്‍ നന്നായി വെള്ളം കാണും ചിലതില്‍ വളരെ കുറച്ചു മാത്രം അതും തുള്ളി തുള്ളിയായി വന്നു കൊണ്ടിരിക്കും. ചെറിയ മധുരം തോന്നിക്കുന്ന ഒരു പ്രത്യേക രുചിയുള്ള വെള്ളമുള്ള ആ വള്ളികള്‍ കുറച്ചു മുറിച്ചു എല്ലാവര്‍ക്കും കൊടുത്തു. നടന്ന് ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടുതുടങ്ങി.

  മൂന്ന് ഭാഗവും വലിയ പാറകള്‍ കൊണ്ട് ചുറ്റപ്പെട്ട ചെരിഞ്ഞു കിടക്കുന്ന ഒരു വലിയ പാറയിലൂടെ നടന്നു കയറി അവിടേക്ക് വെള്ളമൊഴുകുന്ന വഴിയിലൂടെ മാത്രം നടന്നാലേ എത്താന്‍ പറ്റുകയുള്ളു. ഈ പാറയുടെ ഒരു ഭാഗം അഗാധമായ കൊക്കയാണ്. ആദ്യം ഒരാള്‍ ശ്രദ്ധിച്ചു പാറകളിലൂടെ പിടിച്ചു കയറി ഒരു മരത്തില്‍ കയറു കെട്ടി. പിന്നെ വന്നവര്‍ ആ കയറില്‍ പിടിച്ചു വളരെ ശ്രദ്ധയോടെ കയറി മുകളില്‍ എത്തി. ഓരോരുത്തരെയായി കയറിലൂടെ കയറ്റി യാത്രയുടെ ലക്ഷ്യ സ്ഥാനത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു.

  വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. ഏകദേശം 200 അടി ഉയരമുണ്ട് വെള്ളച്ചാട്ടത്തിന്. ഉയരത്തില്‍ നിന്നും വീഴുന്ന വെള്ളം പാറകളില്‍ അടിച്ചു ചിതറി ഒപ്പം സൂര്യ പ്രകാശവും കൂടി ചേരുമ്പോള്‍ പലയിടങ്ങളിലും മഴവില്ല് വിരിയുന്നത് കാണാം. ഈ മനോഹരമായ കാഴ്ചകള്‍ എപ്പോഴും കാണുന്നത് കൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിനു മഴവില്‍ വെള്ളച്ചാട്ടം എന്ന് പേര് വരാന്‍ കാരണം. വേനലായതിനാല്‍ വെള്ളം വളരെ കുറവായിരുന്നു. എങ്കിലും കണ്ണിനു കുളിര്‍മ നല്‍കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഭക്ഷണം കഴിച്ചും ആ വെള്ളച്ചാട്ടത്തില്‍ കുളിച്ചും എല്ലാവരും യാത്രയുടെ ക്ഷീണം തീര്‍ത്തു.
  ഒന്നര മണിക്കൂര്‍ അവിടെ ചിലവഴിച്ച ശേഷം മടക്കയാത്ര ആരംഭിച്ചു.

  തിരികെയുള്ള യാത്ര താരതമ്യേന എളുപ്പമായി തോന്നി. കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു വിശ്രമിച്ചും കഴിഞ്ഞപ്പോള്‍ കിട്ടിയ ഊര്‍ജം കൊണ്ട് എല്ലാവരും ആഞ്ഞു നടന്നു. തിരികെ വരുന്ന വഴിയില്‍ അല്‍പം മാറി നടന്നാല്‍ ഒരു ഗുഹയുണ്ട് എന്ന് വഴികാട്ടിയായി വന്ന ആ നാട്ടുകാരന്‍ ചേട്ടന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ അവിടേക്ക് പോയി. ഏകദേശം 10 പേര്‍ക്ക് മഴ നനയാതെ കിടക്കാനുള്ള സൗകര്യമുള്ള ഒരു ഗുഹയായിരുന്നു അത്. മുമ്പ് താമസിച്ചിരുന്ന ആളുകള്‍ കൂട്ടിയ അടുപ്പും രാത്രി കിടക്കാന്‍ പറ്റിയ ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റും അവിടെ ഉണ്ടായിരുന്നു. അല്‍പനേരം അവിടെയും ചെലവഴിച്ച ശേഷം വീണ്ടും നടന്നു കാട്ടില്‍ നിന്നും പുറം ലോകത്തെത്തി. പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കമിട്ടായിരുന്നു ‘മഴവില്ല്’ തേടിയുള്ള യാത്രയുടെ അവസാനം.