Connect with us

Kerala

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയുള്ള പോരാട്ടം മറ്റെന്നെത്തെക്കാളും ശക്തിയായി മുമ്പോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ലോകത്തെയും സമൂഹത്തെയും സര്‍വനാശത്തിലേക്കാണ് ഭീകരവാദികള്‍ നയിക്കുന്നത്. ഭരണകൂടങ്ങള്‍ വിചാരിച്ചാല്‍ മാത്രം തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ല. നമ്മള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. “തീവ്രവാദം, മതപരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു” എന്ന തലക്കെട്ടില്‍ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന മാനവ രക്ഷാ ക്യാമ്പയിനിന്റെ ഉദ്ഘാടനം കോഴിക്കോട് സമസ്ത സെന്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയും. നാടിനും രാജ്യത്തിനും കുടുംബത്തിനും അസ്വസ്ഥതകള്‍ മാത്രം നല്‍കാനല്ലാതെ ഈ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഒരു നന്മയും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലേക്ക് ഇസ്‌ലാം വന്നത് സൗഹൃദത്തിന്റെയും, സമാധാനത്തിന്റെയും വഴിയിലൂടെയാണ്. സൂഫികളാണ് ഈ രാജ്യത്ത് മതപ്രബോധനം ചെയ്തത്. ഈ പാരമ്പര്യ വിശ്വാസികളോട് മുഖംതിരിഞ്ഞു നിന്ന സലഫികളും മതരാഷ്ട്രവാദികളുമാണ് തീവ്രവാദ നിലപാടുകളിലേക്ക് പലരേയും വഴിതെറ്റിച്ചത്. മതത്തിന്റെ നന്മയുടെയും സൗമ്യതയുടെയും യഥാര്‍ഥ ചരിത്രം മറച്ചുവെച്ച് ഭീകരതയുടെ മുഖം നല്‍കിയത് സലഫിസമാണെന്ന വസ്തുത ചരിത്രമറിയുന്നവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല . കാന്തപുരം പറഞ്ഞു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കെ.കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രൊഫ. കെ. എം എ റഹീം, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട് പ്രസംഗിച്ചു.

Latest