ഗോവ: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് പുടിന്‍ ഈ ഉറപ്പ് നല്‍കിയത്. ഭീകരതയോട് വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളതെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
എസ് 400 വ്യോമ പ്രതിരോധ മിസൈല്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നതിനും കമോവ് ഹെലികോപ്റ്റര്‍ റഷ്യന്‍ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുമടക്കം 16 പ്രതിരോധ, അടിസ്ഥാന സൗകര്യവികസന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കൂടംകുളം ആണവനിലയത്തില്‍ പുതുതായി രണ്ട് റിയാക്ടറുകള്‍ കൂടി നിര്‍മിക്കും. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വാതകപൈപ്പ് ലൈന്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും മോദി പറഞ്ഞു.