അസ്‌ലം വധം: പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി

Posted on: October 15, 2016 10:55 am | Last updated: October 15, 2016 at 10:55 am

aslamനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലം വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് തുടങ്ങി. വടക്കുമ്പാട് സ്വദേശി കെ കെ ശ്രീജിത്ത്, പാട്യം പത്തായകുന്നിലെ ഇ കെ വിജേഷ് എന്നിവരെയാണ് പ്രതികള്‍ ഒളിവില്‍ കഴിയുകയും അക്രമത്തിനായി കാറില്‍ കയറുകയും മറ്റും ചെയ്്ത കണ്ണൂര്‍ ജില്ലയിലെ പാട്യം, പത്തായകുന്ന്, വടക്കുമ്പാട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നാദാപുരം സി ഐ ജോഷി ജോസ് തെളിവെടുപ്പ് നടത്തിയത്. അക്രമ സമയത്ത് പ്രതികളില്‍ ഒരാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ നാല് ദിവസത്തേക്കാണ്് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. അസ്‌ലം കൊല്ലപ്പെട്ട ചാലപ്പുറത്തും മറ്റിടങ്ങളിലും എത്തിച്ച് അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. കൊലപാതക കേസിലെ മുഖ്യ പ്രതികളായ ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട നാല് പേരെ കൂടിയാണ് ഇനി കണ്ടെത്താനുളളത്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ പ്രതികളെ പിടികൂടന്‍ പോലീസിന് തടസമായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചില്‍ നടത്തിയെങ്കിലും ഹര്‍ത്താല്‍ ഉള്‍പ്പെടെയുളള സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ നിന്ന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാത്ത സ്ഥിതിയാണ് ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.