ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: October 15, 2016 10:20 am | Last updated: October 15, 2016 at 10:01 am

തിരൂര്‍: ഡോക്ടര്‍മാര്‍മാരുടെ അശ്രദ്ധ ആരോപിക്കപ്പെടുന്ന കേസുകളില്‍ അന്വേഷിക്കാന്‍ പുതിയ സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പരിശോധനക്കായി നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡുകള്‍ പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് അനുകൂലമായിട്ടുള്ള നടപടിയാണ് സ്വീകരിക്കാറുള്ളതെന്നും കമ്മീഷന്‍ അംഗം അഡ്വ. കെ മോഹനകുമാര്‍ പറഞ്ഞു.
പോലീസ് സര്‍ജനടങ്ങുന്നവരും ഡോക്ടര്‍ ബിരുദം നേടിയ പോലീസുകാരും അടങ്ങുന്ന സംഘമായിരിക്കണം ഇത്തരം കേസുകള്‍ പരിശോധിക്കേണ്ടത്. പലപ്പോഴും ഇവ അന്വേഷിക്കുന്ന മെഡിക്കല്‍ സംഘം ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. അപൂര്‍വം കേസുകളില്‍ മാത്രമാണ് ഇതിന് വിരുദ്ധമായിട്ട് നടപടിയുണ്ടാകാറുള്ളത്. ശരിയായ കേസുകളും ഇത്തരത്തില്‍ വിട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില്ലേജ് ഓഫീസര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നഷ്ടപരിഹാരമായി ഒരു കോടിയോളം രൂപ വേണമെന്നാണ് പറഞ്ഞിട്ടുള്ളത്. വീട് അക്രമിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തെക്കുറിച്ച് കലക്ടര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. കെ. മോഹനകുമാര്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനാണെന്ന് പറഞ്ഞ് ‘ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ രണ്ടു തവണയായി അറുപതിനായിരം രൂപ തട്ടിയെടുത്തെന്നുള്ള പരാതി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചെങ്കിലും പരാതിക്കാരന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിവെച്ചു.
സിമന്റ് ക്ഷാമവും വിലക്കയറ്റവും പരിഹരിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എടപ്പാള്‍ സ്വദേശി രാജു പരാതി നല്‍കി. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുറഞ്ഞ വിലക്ക് സിമന്റ് ലഭ്യമായതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സിമന്റ് വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിയില്‍ തൊഴില്‍ വകുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
തങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഇടപെടാമെന്നും എന്നാല്‍ കൂടുതല്‍ ഇടപെടേണ്ടത് വ്യവസായ വകുപ്പാണെന്നുമുള്ള റിപ്പോര്‍ട്ടാണ് തൊഴില്‍ വകുപ്പ് സമര്‍പ്പിച്ചിട്ടുള്ളത്. കടലില്‍ നിന്ന് 33 മീറ്റര്‍ മാത്രം അകലെയുള്ളുവെന്നതിനാലാണ് കൈവശ രേഖ നല്‍കാത്തതെന്ന് വെട്ടം പറവണ്ണ കടലോരത്ത് താമസിക്കുന്ന പുത്തന്‍പുരയില്‍ ഹംസയുടെ പരാതിയില്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.
200 മീറ്റര്‍ ദൂരയാണെങ്കില്‍ മാത്രമാണ് കൈവശ രേഖ നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിച്ചാല്‍ മാത്രമേ കൈവശ രേഖ നല്‍കാന്‍ സാധിക്കുവെന്നും കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. തിരൂര്‍ ടി ബിയില്‍ നടന്ന സിറ്റിങില്‍ 56 കേസുകളാണ് പരിഗണിച്ചത്.