കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം;ഒരു ജവാന്‍ കൊല്ലപ്പെട്ടു

Posted on: October 14, 2016 8:55 pm | Last updated: October 15, 2016 at 9:19 am

ശ്രീനഗര്‍: ശ്രീനഗറിലെ പ്രാന്തപ്രദേശമായ സകൂറയില്‍ അര്‍ധ സൈനിക വിഭാഗമായ സശസ്ത്ര സീമാ ബല്‍(എസ് എസ് ബി) സേനക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. ക്യാമ്പിലേക്ക് സൈനികരെ വഹിച്ചു കൊണ്ടുള്ള എസ് എസ് ബിയുടെ വാഹനത്തിന് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. കൃത്യ നിര്‍വഹണം കഴിഞ്ഞ് തിരികെ ക്യാമ്പിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും കശ്മീര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് ജെ എം ഗിലാനി പറഞ്ഞു. ആക്രമണം നടന്നയുടനെ സുരക്ഷാസേന സ്ഥലത്തെത്തി ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് നേരെ നടക്കുന്ന പുതിയ ആക്രമണമാണിത്.