‘വീട് വിട്ടിറങ്ങിയത് വളര്‍ത്തമ്മയുടെ പീഡനം മൂലം’

Posted on: October 14, 2016 7:24 pm | Last updated: October 14, 2016 at 7:24 pm
SHARE

ar-161019661റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ നിന്ന് ഏതാനും ദിവസം മുമ്പ് കാണാതാവുകയും ബുധനാഴ്ച കണ്ടെത്തുകയും ചെയ്ത പാക്കിസ്ഥാനി ബാലിക പോലീസിനോട് രക്ഷിതാക്കളെക്കുറിച്ച് പരാതിപ്പെട്ടു.
കുട്ടിയെ കാണാനില്ലെന്നുള്ള പരാതിയെ തുടര്‍ന്ന് റാക് പോലീസ് അലെര്‍ട് പ്രഖ്യാപിക്കുകയായിരുന്നു. പിതാവിന്റെ പരാതിയനുസരിച്ച് ഈ മാസം 10ന് രാവിലെ 6.30ന് തന്റെ ഇളയ മകളെ സ്‌കൂളില്‍ ആക്കിയ ശേഷം തിരികെയെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് പറയുന്നു. ഉടന്‍ തന്നെ സി ഐ ഡി വിഭാഗം അന്വേഷണം ആരംഭിക്കുകയും താമസക്കാരുടെ സഹായത്തോടെ എമിറേറ്റിന്റെ പല ഭാഗങ്ങളിലും തിരച്ചില്‍ നടത്തി. എന്നാല്‍ പരിചിതയായ സ്ത്രീയോടൊപ്പം ദുബൈയിലേക്ക് ടാക്‌സിയില്‍ യാത്ര ചെയ്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബൈ പോലീസുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. റാക് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അലി അറിയിച്ചു.എന്തിനാണ് വീട് വിട്ടിറങ്ങിയതെന്ന ചോദ്യത്തിന്, തന്റെ ദത്തു മാതാവ് വീട്ടിലെ പണികള്‍ ചെയ്യുന്നതിന് തന്നെ കഠിനമായി ശിക്ഷിക്കാറുണ്ടായിരുന്നുവെന്ന് പോലീസിനോട് പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ അനാഥയായ പെണ്‍കുട്ടി തന്റെ മുത്തശ്ശിയുടെ ഒപ്പം താമസിച്ചു വരികയായിരുന്നുവെന്നും ആറുമാസം മുമ്പ് തുച്ഛമായ തുകക്ക് കുട്ടിയെ അവരില്‍ നിന്ന് വാങ്ങുകയായിരുന്നുവെന്നും കണ്ടെത്തി.
എന്നാല്‍ തന്റെ കൊച്ചു മകളോടൊപ്പം കളിക്കുന്നതിനും താനും ഭാര്യയും ജോലിക്ക് പോകുന്നതിനാല്‍ മകളുടെ കാര്യം ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ അവളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനുമാണ് താന്‍ ബാലികയെ വാങ്ങിയതെന്നും വളര്‍ത്തു പിതാവ് പോലീസിന് മൊഴി നല്‍കി. കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here