Connect with us

Kerala

ബന്ധുനിയമനം: ഇപി ജയരാജന്‍ രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. തീരുമാനം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാറിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ജയരാജന്‍ സ്വയം രാജിസന്നദ്ധത അറിയിക്കുകയായിരുന്നു എന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഇത്തരം ഘട്ടങ്ങളില്‍ അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന നടപടിയാണ് സ്വീകരിച്ചത്. എന്നാല്‍ അതില്‍ നിന്ന് ഭിന്നമാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. വ്യവസായ വകുപ്പിലെ നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു.

എകെ ബാലന്‍, എളമരം കരീം, തോമസ് ഐസക് തുടങ്ങിയവരും യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. അതിനിടെ രാജിവെക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായവുമുണ്ടായി. എന്നാല്‍ കോടിയേരിയും മുഖ്യമന്ത്രിയും രാജിയെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ജയരാജന്‍ രാജിവെക്കാന്‍ തീരുമാനമായത്.

Latest