ലയണല്‍ മെസി ബാഴ്‌സ ക്യാമ്പില്‍

Posted on: October 13, 2016 9:27 am | Last updated: October 13, 2016 at 10:31 am

14iht-soccer14-messi-articleLargeബാഴ്‌സലോണ: പരുക്കേറ്റ് മൂന്നാഴ്ചയോളം പുറത്തായിരുന്ന ലയണല്‍ മെസി ബാഴ്‌സലോണയുടെ പരിശീലന ക്യാമ്പില്‍ തിരിച്ചെത്തി. മെസിക്കൊപ്പം ഫ്രഞ്ച് ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിടിയും പരിശീലനത്തിനിറങ്ങിയെന്ന് ക്ലബ്ബ് വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
മെസിയും സാമുവലും പരുക്കില്‍ നിന്ന് മോചിതരായെങ്കിലും മത്സരത്തിനുള്ള ഫിറ്റ്‌നെസ് ഇനിയും വീണ്ടെടുത്തിട്ടില്ല. എന്നാല്‍, ഏതാനും പരിശീലന സെഷനുകള്‍ക്കുള്ളില്‍ മെസിക്ക് പൂര്‍ണ ഫിറ്റ്‌നെസ് കൈവരിക്കാന്‍ സാധിക്കുമെന്ന് ക്ലബ്ബ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ തിരക്കുകള്‍ കഴിഞ്ഞ് സ്പാനിഷ് താരങ്ങളായ ആന്ദ്രെ ഇനിയെസ്റ്റ, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സ് എന്നിവരും ബാഴ്‌സക്കൊപ്പം ചേര്‍ന്നു. സെപ്തംബര്‍ 21ന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെയാണ് പേശീവലിവ് കാരണം മെസി പിന്‍വാങ്ങിയത്.
ബാഴ്‌സലോണയുടെ അടുത്ത ലാ ലിഗ മത്സരം ശനിയാഴ്ച ഡിപോര്‍ട്ടീവോ ലാ കൊരുനക്കെതിരെയാണ്. മെസി ഈ മത്സരത്തിലും വിശ്രമിച്ചേക്കും. കാരണം, അടുത്താഴ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ ബാഴ്‌സക്ക് കളിയുണ്ട്.
മുന്‍ കോച്ച് പെപ് ഗോര്‍ഡിയോളയുടെ ടീമിനെതിരെ ആയതിനാല്‍ ബാഴ്‌സക്ക് ശരിക്കും ഒരുങ്ങാതെ തരമില്ല. കോച്ച് ലൂയിസ് എന്റിക്വെ മെസിയെ പൂര്‍ണ ആരോഗ്യവാനായി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാകും കളത്തിലിറക്കുക എന്ന് സൂചനയുണ്ട്.