Connect with us

Editorial

വൈദ്യുതി പ്രതിസന്ധി

Published

|

Last Updated

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ആശങ്കാജനകമാണെന്നാണ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. വര്‍ഷക്കാലമായിട്ടും ഡാമുകളില്‍ 45 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. വൈദ്യുതോപയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ലോഡ്‌ഷെഡ്ഡിംഗ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യില്ലെങ്കില്‍ വരും നാളുകളില്‍ പ്രതിന്ധി രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം ഇന്നത്തെ തോതില്‍ തുടര്‍ന്നാല്‍ പോലും മൂന്ന് മാസത്തിനകം മുഴുവന്‍ വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങേണ്ടി വരുമത്രെ. ഉപഭോഗം അനുദിനം വര്‍ധിച്ചുവരികയാണെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കാന്‍ പറയത്തക്ക നടപടികളുണ്ടായിട്ടില്ല, എങ്കിലും സംസ്ഥാനത്ത് അടുത്ത അഞ്ച് കൊല്ലത്തിനിടെ ലോഡ്‌ഷെഡ്ഡിംഗോ പവര്‍കട്ടോ ഏര്‍പ്പെടുത്താതെ ഉള്ള നീരൊഴുക്ക് പരമാവധി സംഭരിച്ചും പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയും പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പ്രധാനമായു ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയുടെ തോതില്‍ വന്‍കുറവ് അനുഭവപ്പെട്ടുവരികയാണ്. ഒരു വര്‍ഷത്തിനിടെ 40 ശതമാനം മഴക്കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷക്കാലത്തും 20 ശതമാനത്തിന്റെ കുറവനുഭവപ്പെട്ടു. തുലാമഴയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായത് കൊണ്ടാണ് അന്ന് പിടിച്ചുനില്‍ക്കാനായത്. ഈ വര്‍ഷവും തൂലാവര്‍ഷം രക്ഷക്കെത്തുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്. എങ്കില്‍ പോലും പുറത്തുനിന്ന് വന്‍തോതില്‍ വൈദ്യുതി വാങ്ങിയെങ്കിലേ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകൂ. നിലവില്‍ സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 65 ശതമാനവും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലക്ക് വാങ്ങുകയാണ് സര്‍ക്കാര്‍.
കേരളത്തിന് പ്രതിവര്‍ഷം 1500 കോടി യൂനിറ്റ് വൈദ്യുതി മുതല്‍ 2200 യൂനിറ്റ് വരെ ആവശ്യമായി വരുന്നുണ്ട്. വിവിധ പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം 600-700 കോടി യൂനിറ്റ് മാത്രമാണ്. സോളാര്‍, വിന്‍ഡ് പദ്ധതികളില്‍ നിന്നുള്ള ലഭ്യത അഞ്ച് ശതമാനവും. മന്ത്രി അഭിപ്രായപ്പെട്ട പോലെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനഃരുജ്ജീവിപ്പിക്കുകയും പുതുതായി വന്‍കിട പദ്ധതികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഊര്‍ജാവശ്യം നിറവേറ്റാനാകൂ. 25 വര്‍ഷം മുമ്പുള്ള ഊര്‍ജാവശ്യം പരിഹരിക്കാന്‍ മാത്രം ആവശ്യമായ ഉത്പാദനശേഷിയേ ഇന്നും സംസ്ഥാനത്തിനുള്ളൂ. ആ കാലത്ത് ആവിഷ്‌കരിച്ച ചില പദ്ധതികള്‍ക്കു ശേഷം ശ്രദ്ധേയമായ പുതിയ വൈദ്യുതി ഉത്പാദന സംരംഭങ്ങള്‍ നിലവില്‍ വന്നിട്ടില്ല. ചെറുതും വലുതുമായ 44 നദികളുള്ള സംസ്ഥാനത്ത് 18 നദികളില്‍ മാത്രമാണ് ഇപ്പോള്‍ അണക്കെട്ടുകള്‍ ഉള്ളതും വൈദ്യുതി ഉത്പാദിപ്പിക്കുന്നതും. ബാക്കിയുള്ള ജലം മുഴുവന്‍ അറബിക്കടലിലും അന്യസംസ്ഥാനങ്ങളിലും ചെന്നുചേരുകയാണ്. ഇവ പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാവിഷ്‌കരിക്കേണ്ടതുണ്ട്. മഴലഭ്യത കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ പരിസ്ഥിതി പ്രത്യാഘാതം സൃഷ്ടിക്കാത്ത സോളാര്‍ പോലുള്ള പദ്ധതികളെയും ആശ്രയിക്കണം.
മഴക്കുറവിന് പുറമേ, കേന്ദ്രവിഹിതം പൂര്‍ണമായും ലഭിക്കാത്തതും, പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങുന്നതിലുണ്ടായ പിഴവും, വരുംകാല ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ വന്ന വീഴ്ചയും പ്രതിസന്ധിക്ക് കാരണമാണ്. സര്‍ക്കാറുകളുടെ അനാസ്ഥക്കൊപ്പം പരിസ്ഥിതി വാദികളുടെ എതിര്‍പ്പ് കൂടിയാണ് ഈ അവസ്ഥയിലെത്തിച്ചത്. കുറഞ്ഞ ചെലവില്‍ കുറഞ്ഞ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മാത്രമുണ്ടാക്കാവുന്ന ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പോലും പലപ്പോഴും രൂക്ഷമായ എതിര്‍പ്പാണ് ഉയരുന്നത്. അന്ധമായ പരിസ്ഥിതിസ്‌നേഹം സംസ്ഥാനത്തിന്റെ പുരോഗതിക്ക് വിലങ്ങാകുന്നുണ്ട്. ജല വൈദ്യുത പദ്ധതികള്‍ ഊര്‍ജോത്പാദനം മാത്രമല്ല ജലസേചനം കൂടി നിര്‍വഹിക്കുന്നുണ്ടെന്ന വസ്തുത കാണാതെ പോകരുത്. ഇത് പരോക്ഷമായി കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകുന്നുണ്ട്. എതിര്‍പ്പ് മൂലം നിലച്ചുപോയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഇത്ര രൂക്ഷമാകില്ലായിരുന്നു. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതില്‍ സംശയമില്ല. അതേസമയം, വികസന രംഗത്ത് കേരളത്തിന് കാലോചിതമായി മുന്നേറണമെങ്കില്‍ ഊര്‍ജ്ജോദ്പാദനം ഗണ്യമായി വര്‍ധിപ്പിക്കേണ്ടതുമുണ്ട്. അന്ധമായ പരിസ്ഥിതി വാദം കൈവെടിഞ്ഞു കുറേക്കൂടി പ്രായോഗികവും സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകവുമായ ഒരു തലത്തിലേക്ക് പരിസ്ഥിതി വാദികള്‍ ഇറങ്ങിവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഊര്‍ജ്ജോത്പാദത്തില്‍ സംസ്ഥാനത്തിന് മുന്നേറാനാകൂ.

Latest