Connect with us

Malappuram

ആദ്യാക്ഷരം കുറിക്കാന്‍ ഭാഷാപിതാവിന്റെ മണ്ണില്‍ ആയിരക്കണക്കിന് കുരുന്നുകള്‍

Published

|

Last Updated

തിരൂര്‍: ഭാഷാ പിതാവിന്റെ മണ്ണില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഇത്തവണയും ആയിരക്കണക്കിനു കുരുന്നുകളെത്തി. നാടിന്റെ നാനാഭാഗത്തു നിന്നും ഹരിശ്രീ കുറിക്കാന്‍ കുരുന്നുകളുമായി തിങ്കളാഴ്ച തന്നെ നിരവധി പേര്‍ എത്തിയിരുന്നു. തുഞ്ചന്‍ പറമ്പില്‍ രാവിലെ 10മണിക്ക് തുടങ്ങിയ വിദ്യാരംഭം മൂന്നു മണി വരെ നീണ്ടു. തുഞ്ചന്‍സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി നടന്ന എഴുത്തിനിരുത്തില്‍ 4112 കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
സരസ്വതി മണ്ഡപത്തില്‍ തുഞ്ചന്‍ ട്രസ് റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍, സാഹിത്യകാരന്‍മാരായ മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍, പി കെ. ഗോപി, ആനന്ദ് കാവാലം, രാധാമണി അയിങ്കലത്ത്, ജി.കെ രാംമോഹന്‍, സേതുമാധവന്‍, ടി കെ ശങ്കരനാരായണന്‍, കാനേഷ് പുനൂര്‍, കിളിമാനൂര്‍ മധു, പി ആര്‍ നാഥന്‍ തുടങ്ങിയവര്‍ ഹരിശ്രീ കുറിച്ചു നല്‍കി. സരസ്വതി മണ്ഡപത്തില്‍ മുപ്പതിലേറെ എഴുത്തുകാരാണ് വിവിധ സമയങ്ങളിലായി പങ്കെടുത്തത്.
തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ എഴുത്താശാന്‍മാരായ പ്രമേഷ് പണിക്കര്‍, പി സി സത്യനാരായണന്‍, വി മുരളി എന്നിവര്‍ നേതൃത്വം നല്‍കി. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പുറത്തിറക്കിയ തുഞ്ചത്തെഴുത്തഛന്റെ അധ്യാത്മ രാമായാണം കിളിപ്പാട്ട് പുസ്തകം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.
എം ടി വാസുദേവന്‍ നായര്‍, തുഞ്ചന്‍ ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍, എം എന്‍ കാരശേരി, പുസ്തകം സംശോധനം നിര്‍വഹിച്ച ഡോ. രാധാമണി അയിങ്കലത്ത് എന്നിവര്‍ സംബന്ധിച്ചു. കവികളുടെ വിദ്യാരംഭത്തില്‍ നൂറിലേറെ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, പി.കെ ഗോപി, ജി.കെ രാംമോഹന്‍, ശ്രീജിത്ത് പെരുന്തയന്‍, കാനേഷ് പൂനൂര്‍, മാധവന്‍ പുറഞ്ചേരി, പ്രസാദ് പച്ചാട്ടിരി, ഗംഗാദേവി തിരൂര്‍, അസോകന്‍ വയ്യാട്ട്, കെ.എക്‌സ്. ആന്റോ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.