പരിസ്ഥിതി ലോല സത്യവാങ്മൂലം പുകയുന്നു; എം പിയും ഡി സി സിയും നേര്‍ക്കുനേര്‍

Posted on: October 12, 2016 5:13 am | Last updated: October 12, 2016 at 12:14 am

joys-george-land-issue-1തൊടുപുഴ: പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച വിവാദ സത്യവാങ്മൂലത്തെച്ചൊല്ലി യു ഡി എഫ് 15ന് ഇടുക്കി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കെ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജും ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസും നേര്‍ക്കു നേര്‍. കേരളത്തിലെ 123 വില്ലേജുകളും ഇ എസ് എ യിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന പ്രചാരണം അസത്യവും അബദ്ധജഡിലവുമാണെന്ന് എം പി പറയുമ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി എം പിയും എം എല്‍ എയുമായ ജോയ്‌സ് ജോര്‍ജും എം എം മണിയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന് ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ് ആവശ്യപ്പെടുന്നു. ഇരുവരും വ്യത്യസ്ത വാര്‍ത്താ സമ്മേളനങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയതോടെ ഒരിടവേളക്ക് ശേഷം കസ്തൂരിരംഗന്‍ വിഷയം മലയോരത്തെ ചൂടുപിടിപ്പിക്കുന്നു. എന്നാല്‍ ഇതിന്റെ സാങ്കേതികത്വങ്ങളും നിയമക്കുരുക്കുകളും മനസിലാകാതെ ആശങ്കയിലാണ് കര്‍ഷക സമൂഹം.
പത്തനംതിട്ടയിലെ രണ്ട് പാറമടകള്‍ക്കു ഖനനാനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് വിവാദമായിരിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശമായ കേരളത്തിലെ 123 വില്ലേജുകളില്‍പ്പെട്ട സ്ഥലങ്ങളിലുള്ള പാറമടക്ക് ഖനനാനുമതി നല്‍കരുതെന്നാണ് 2016 ഓഗസ്റ്റ് 31ന് പരിസ്ഥിതി ആഘാത പഠന അതോറിറ്റി കണ്‍വീനര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതാണ് യു ഡി എഫ് ആയുധമാക്കുന്നത്. ഈ അപ്പീലിന്മേല്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ 123 വില്ലേജുകളിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുന്ന സാഹചര്യമുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതിന് എം പിയുടെ മറുപടി ഇങ്ങനെ- 2013 നവംബര്‍ 13 ന് യു പി എ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് പരിസ്ഥിതി സംരക്ഷണനിയമം 5ാം വകുപ്പ് പ്രകാരം കേരളത്തിലെ 123 ഉള്‍പ്പെടെ രാജ്യത്തെ 4152 വില്ലേജുകള്‍ ഇ എസ് എ ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുളളത്. 2014 മാര്‍ച്ച് 10 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലും, അന്തിമവിജ്ഞാപനം പുറപ്പെടുവിക്കും വരെ പശ്ചിമഘട്ട മേഖലയില്‍ നിയന്ത്രണങ്ങളും, നിരോധനങ്ങളും തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അടിവരയിട്ടുകൊണ്ടാണ് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ കേസില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ 2015 സെപ്റ്റംബര്‍ 25ന് വിധി പ്രസ്താവിച്ചത്. ഈ വിധി പ്രകാരം നവംബര്‍ 13 ലെ ഉത്തരവ് അനുസരിച്ച് പ്രസ്തുത വില്ലേജുകള്‍ പരിസ്ഥിതിലോല പട്ടികയില്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കേന്ദ്ര വിഷയമായ പരിസ്ഥിതി കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ചു മാത്രമേ സംസ്ഥാന സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കാനാകൂ. അടുത്ത ഏപ്രിലില്‍ അന്തിമ വിജ്ഞാപനം വരുമ്പോള്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലപട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാരും എം പിയെന്ന നിലയില്‍ താനും ശ്രമിക്കുന്നത്. പത്തനംതിട്ടയിലെ രണ്ട് പാറമടകള്‍ക്കുവേണ്ടി ഹൈക്കോടതിയെ സമീപിച്ചവര്‍ നവംബര്‍ 13 ലെ ഉത്തരവ് മറച്ചുവച്ചാണ് കേസ് നല്‍കിയത്. 2014 മാര്‍ച്ച് 10 ലെ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇ എസ് എയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ചില പ്രദേശങ്ങളെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് മാത്രം കോടതിക്ക് മുന്നില്‍ ഹാജരാക്കിയാണ് ക്വാറി ഉടമകള്‍ അനുകൂല വിധി നേടിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍ നവംബര്‍ 13ലെ വിജ്ഞാപനം ചൂണ്ടിക്കാണിക്കുകയും അതിനനുസരിച്ച സത്യവാങ്മൂലം നല്‍കുകയും ചെയ്തു. ഈ വിജ്ഞാപനത്തിനാണ് അന്തിമ നോട്ടിഫിക്കേഷന്‍ വരും വരെയുളള നിയമപ്രാബല്യം. അത് സര്‍ക്കാര്‍ നയമല്ലെങ്കിലും നിലവിലെ നിയമം അനുസരിക്കുക മാത്രമാണ് ഉണ്ടായത്.
യു ഡി എഫ് മറുവാദം- 2013 നവംബര്‍ 13ലെ ഉത്തരവ് പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലെ 13108 സ്‌ക്വയര്‍ കി മി ആയിരുന്നു കേരളത്തില്‍ ഇ എസ് എ ആയി തീരുമാനിച്ചത്.
യു ഡി എഫ് സര്‍ക്കാറിന്റെ നിരന്തര സമ്മര്‍ദ ഫലമായി 2014 മാര്‍ച്ച് 10ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതുക്കിയ നോട്ടിഫിക്കേഷനില്‍ ഇ എസ് എ പരിധി 9993.70 സ്‌ക്വയര്‍ കി മി ആയി കുറഞ്ഞു. 3114.30 സ്‌ക്വയര്‍ കി മി വരുന്ന ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോലമല്ലാതായി. ഈ ഒഴിവാക്കികിട്ടിയ പ്രദേശത്തു വരുന്നതാണ് ഹരജിക്കാധാരമായ ക്വാറി.