ഗോരക്ഷകരെ വാഴ്ത്തി ആര്‍ എസ് എസ്

Posted on: October 12, 2016 12:02 am | Last updated: October 12, 2016 at 12:02 am

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരി ല്‍ രാജ്യമെങ്ങും അഴിഞ്ഞാടുന്ന ഗോരക്ഷാ പ്രവര്‍ത്തകരെ പ്രകീര്‍ത്തിച്ച് ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത്. ഗോരക്ഷകര്‍ നല്ല മനുഷ്യരാണ്. അവരെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. വ്യാജന്മാരില്‍ നിന്ന് യഥാര്‍ഥ ഗോരക്ഷകരെ തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. രാജ്യത്ത് പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ ഗോരക്ഷകര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിയമാനുസൃതമായുള്ള പ്രവര്‍ത്തനമാണ് അവരുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയദശമി ദിനത്തില്‍ ആര്‍ എസ് എസിന്റെ 91ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ നടക്കുന്ന രാജ്യവിരുദ്ധ സംഭവങ്ങള്‍ക്ക് പിറകില്‍ പാക്കിസ്ഥാനാണെന്ന് കുറ്റപ്പെടുത്തിയ ഭാഗവത് പാക് അധീന കശ്്മീരിന്റെ യഥാര്‍ഥ അവകാശി ഇന്ത്യയാണെന്നും പറഞ്ഞു. രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഇടപെടലുകളാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മിന്നലാക്രമണത്തിലൂടെ ഇതിന് ചുട്ടമറുപടിയാണ് ഇന്ത്യന്‍ സേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്‍കിയതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.