മന്ത്രിസഭാ യോഗ തീരുമാനം വെബ്‌സൈറ്റില്‍: പഴുതുകളിട്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്‌

Posted on: October 12, 2016 6:00 am | Last updated: October 11, 2016 at 11:45 pm

കൊച്ചി: മന്ത്രിസഭാ യോഗ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രഹസനമാകുന്നു. സര്‍ക്കാറിന് മൂടി വെക്കേണ്ട വിവരങ്ങള്‍ മൂടിവെക്കാനും താത്പര്യമുള്ളവ മാത്രം പരസ്യപ്പെടുത്താനും പഴുതുകളിട്ടാണ് ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വിവാദപരമായ പല തീരുമാനങ്ങളും ഇപ്പോഴും മൂടിവെക്കപ്പെടുകയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ വെബ്്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാന്‍ പൗരന് മുന്നില്‍ നിലവില്‍ മാര്‍ഗങ്ങളില്ല. മന്ത്രിബന്ധുക്കളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയാല്‍ മറുപടി ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു ചൂണ്ടിക്കാട്ടുന്നു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് ഒറ്റ വാചകത്തിലുള്ള ഉത്തരവിന്റെ രത്‌നച്ചുരുക്കം മാത്രമാണ്. അതിലാകട്ടെ മന്ത്രിസഭാ തീരുമാനമെടുത്തതിന്റെ തീയതിയോ നമ്പറോ ഉണ്ടാകില്ല. പൊതുഭരണ വകുപ്പിന് നല്‍കുന്നത് ഒഴികെയുള്ള ഉത്തരവിന്റെ പകര്‍പ്പുകളില്‍ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ നമ്പറും തീയതിയും രേഖപ്പെടുത്തേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്തരവിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്നതിന് മന്ത്രിസസഭാ യോഗം നടന്ന തീയതിയും തീരുമാനത്തിന്റെ നമ്പറും അറിയേണ്ടത് ആവശ്യമാണ്.
തീയതിയും നമ്പറുമില്ലാതെ വിവരം ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സാങ്കേതികത്വത്തിന്റെ പേരില്‍ തള്ളിക്കളയാം. ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിലെ ഈ വിവാദ നിര്‍ദേശം പുന:പരിശോധിക്കണമെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയും കടുത്ത ഉദാസീനതയാണ് കാണിക്കുന്നതെന്നാണ് ആക്ഷേപം. ഹൈക്കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രണ്ടും മൂന്നും ആഴ്ച കഴിഞ്ഞ് മാത്രമാണ് വെബ് സൈറ്റില്‍ വിധിന്യായം പ്രസിദ്ധീകരിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പത്രങ്ങളിലൂടെ കോടതി ഉത്തരവുകള്‍ പുറത്തുവരാതായതോടെ അഭിഭാഷകരടക്കം ഹൈക്കോടതിയുടെ വെബ്‌സൈറ്റാണ് ആശ്രയിക്കുന്നത്. 48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ ഹൈക്കോടതിയും ജനങ്ങളുടെ അറിയാനുള്ള അവകാശം മാനിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കണമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു.