Connect with us

Kerala

മഴക്കുറവ്: വൈദ്യുതി മേഖലയില്‍ പ്രതിസന്ധി; 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങും

Published

|

Last Updated

തിരുവനന്തപുരം: മഴ ലഭ്യതയിലെ കുറവ് മൂലം വേനല്‍ക്കാലത്തുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടി കണ്ട് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങാന്‍ ടെന്‍ഡര്‍ നടപടി തുടങ്ങി. സംസ്ഥാനത്തെ സംഭരണികളില്‍ 45 ശതമാനം വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്.
പ്രതിസന്ധിയുണ്ടെങ്കിലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വലിയ വൈദ്യുതി പദ്ധതികള്‍ ആലോചിക്കാതെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവില്ല. പരിസ്ഥിതിക്ക് ആഘാതമാവാതെ ഇത്തരം പദ്ധതികള്‍ എങ്ങനെ നടപ്പാക്കാനാവുമെന്ന് കൂട്ടായി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിവര്‍ഷം 6000 കോടി രൂപയുടെ വൈദ്യുതി പുറത്തു നിന്നുവാങ്ങുന്നു. ആവശ്യമായതിന്റെ 65 ശതമാനമാണ് പുറത്ത് നിന്ന് വാങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയപ്രകാരം പുതിയ പ്രൊജക്ടുകളില്‍ നിന്നുള്ള 85 ശതമാനം വൈദ്യുതി സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനത്തിന് ലഭിക്കും. ഇത് കേരളത്തിന് ഭാവിയില്‍ വന്‍തിരിച്ചടിയാകും. ഇത് മുന്‍കൂട്ടിക്കണ്ട് വിവിധ മേഖലകളില്‍ നിന്നായി 1008 മെഗാവാട്ട് വൈദ്യുതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദിപ്പിക്കും.
മുടങ്ങിക്കിടക്കുന്ന 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ 40 മെഗാവാട്ടിന്റെ തോട്ടിയാര്‍ എന്നീ പദ്ധതികള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉടന്‍ നിര്‍മാണം ആരംഭിക്കും. 149 മെഗാവാട്ട് ശേഷി വരുന്ന 14 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഒരുവര്‍ഷത്തിനകം നിര്‍മാണം ആരംഭിക്കും.
24 മെഗാവാട്ടിന്റെ ഭൂതത്താന്‍കെട്ട്, ആറ് മെഗാവാട്ടിന്റെ പെരുന്തേനരുവി, രണ്ട് വാട്ടിന്റെ അപ്പര്‍ കല്ലാര്‍, 24 മെഗാവാട്ടിന്റെ പെരിങ്ങല്‍കുത്ത്, മൂന്ന് മെഗാവാട്ടിന്റെ കക്കയം പദ്ധതികള്‍ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കി 59 മെഗാവാട്ട് ശേഷി രണ്ട് വര്‍ഷത്തിനകം കൂട്ടിച്ചേര്‍ക്കും. 200 മെഗാവാട്ടിന്റെ കാസര്‍കോട് സോളാര്‍ പാര്‍ക്ക് പദ്ധതിയുടെ ആദ്യഘട്ടമായ 50 മെഗാവാട്ട് ഈ വര്‍ഷംതന്നെ പൂര്‍ത്തീകരിക്കും. കെ എസ് ഇ ബിയുടെയും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് 100 മെഗാവാട്ടിന്റെ സോളാര്‍ പദ്ധതി സ്ഥാപിക്കും. സൗരോര്‍ജത്തില്‍ നിന്ന് 700 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്ന് കാറ്റില്‍ നിന്നുള്ള 100 മെഗാവാട്ട് വൈദ്യുതി കൂട്ടിച്ചേര്‍ക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം വൈദ്യുതി ഭവന് മുകളില്‍ 300 വാട്‌സ്‌ശേഷിയുള്ള മൈക്രോ വിന്‍ഡ് നിലയം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ വിജയം വിലയിരുത്തിയശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest