Connect with us

Editorial

ടോള്‍പിരിവില്ലാത്ത റോഡുകള്‍

Published

|

Last Updated

ടോള്‍ പിരിവ് നിര്‍ത്തണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നും ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാറുമായി ആലോചിക്കുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞത് പ്രതീക്ഷയുണര്‍ത്തുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിവ് ഒഴിവാക്കിയതായി മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിവ് ഉണ്ടാകില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. നാഷനല്‍ ഹൈവേയ്‌സ് അതോറിറ്റിയാണ് ദേശീയ പാത നിര്‍മിക്കുന്നത്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അവിടെ തീരുമാനമെടുക്കണം. അതാണ് കേന്ദ്ര സര്‍ക്കാറുമായി ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
നല്ല റോഡിന് പണം മുടക്കണം. പൊതുനികുതിയിലൂടെ സമാഹരിച്ച പണമൊടുക്കി സര്‍ക്കാര്‍ റോഡ് പണിതാല്‍ എല്ലാവര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. എന്നാല്‍, ഇത്തരം പദ്ധതികളില്‍ നിന്ന് സര്‍ക്കാറുകള്‍ പിന്‍വാങ്ങുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സര്‍ക്കാറുകളുടെ കൈയില്‍ പണമില്ലാത്തതാണ് പറയുന്ന കാരണം. എന്നാല്‍, സൗജന്യങ്ങളില്‍ നിന്നും സേവന മേഖയില്‍ നിന്നും സര്‍ക്കാറുകള്‍ കൈ വലിക്കണമെന്നാണ് ഉദാരവത്കരണം നിഷ്‌കര്‍ഷിക്കുന്നത്. ആ സമ്മര്‍ദമാണ് പലപ്പോഴും ഇത്തരം പിന്‍വാങ്ങലുകള്‍ക്ക് നിര്‍ബന്ധിക്കുന്നത്.
ടോള്‍ പിരിവിന്റെ രാഷ്ട്രീയമെന്താണ്? ടോളും ടാക്‌സും എങ്ങനെ വ്യത്യസ്തമാകുന്നു? ഉദാരവത്കരണം എന്തുകൊണ്ടാണ് ടോളുകള്‍ക്ക് വേണ്ടി വാദിക്കുകയും നികുതികള്‍ അപ്രധാനമായി കാണുകയും ചെയ്യുന്നത്? ഇത്തരം മൗലിക കാര്യങ്ങളെ അന്വേഷിക്കുമ്പോഴാണ് ചുങ്കപ്പാതയുടെ ദുഷ്ടലാക്കും അതിലന്തര്‍ഭവിച്ചിരിക്കുന്ന ചതിയും മനസ്സിലാകുക. നികുതി ഒടുക്കേണ്ടത് ഓരോരുത്തരുടെയും ശേഷി അനുസരിച്ചാണ്. ധനികന്‍ അവന്റെ ശേഷിക്കനുസരിച്ച്, അവന്‍ ചൂഷണം ചെയ്യുന്ന വിഭവത്തിന്റെ തോതിനൊത്ത് ടാക്‌സ് അടക്കേണ്ടിവരുന്നു. മാത്രമല്ല, അത് പൊതുഖജനാവിലേക്ക് എത്തുകയും ഗുണം എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യുന്നു. നേരിട്ട് ഗുണമുണ്ടാകില്ല. എല്ലാവരും പങ്കിട്ടെടുക്കുന്നു. രാഷ്ട്ര സംവിധാനത്തിന് അത് നല്‍കുന്ന പിന്തുണ ചെറുതല്ല.
ടോളിന്റേത് മറ്റൊരു ലോകമാണ്. രാജ്യത്തിനകത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുപരിയായ സമാന്തര രാജ്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സേവനം വില കൊടുത്തു വാങ്ങുന്നു. പണം കൊടുക്കുന്നു വാങ്ങുന്നു. യാത്ര ചെയ്യുന്ന എല്ലാവരോടും അത് ചുങ്കം നിഷ്‌കര്‍ഷിക്കുന്നു. രാഷ്ട്രം ദുര്‍ബലര്‍ക്ക് നല്‍കുന്ന പരിഗണനകള്‍ ഉണ്ടല്ലോ. അതിനൊന്നും ഇവിടെ പ്രസക്തിയേ ഇല്ല. അങ്ങനെ ക്ഷേമരാഷ്ട്രം എന്ന പരികല്‍പ്പന പോലും ഇല്ലാതാക്കുന്നു. റോഡ് പണിയുന്നത് രാഷ്ട്രത്തിന്റെ മണ്ണിലാണ്. പാതക്ക് വേണ്ടി സര്‍ക്കാറുകള്‍ ഭൂമി ഏറ്റെടുക്കുന്നു. ഭൗതിക സാഹചര്യങ്ങള്‍ മുഴുവന്‍ കൊടുക്കുന്നു. ഇളവുകളും ഒത്താശകളും ഉദാരമാക്കുന്നു. എന്നിട്ടും അധികാരിയായി വരുന്നത് സ്വകാര്യ കമ്പനിയാണ്. റോഡ് പണിക്കാവശ്യമായ തുകയില്‍ എത്രയോ ഇരട്ടി അവന് പിരിച്ചെടുക്കാം. ആരാണ് ഈ കണക്കുകള്‍ നോക്കുന്നത്? പണപ്പിരിവ് എത്രകാലം മുന്നോട്ട് പോകുന്നു എന്ന് ആരെങ്കിലും കൃത്യമായി നോക്കുന്നുണ്ടോ? സത്യത്തില്‍ ദേശീയപാത എന്ന പേര് തന്നെ അസംബന്ധമാകുകയാണ് ചുങ്കപ്പാതയാകുന്നതോടെ. ഈ സാഹചര്യത്തിലാണ് മന്ത്രി ജി സുധാകരന്റെ പ്രസ്താവന പ്രതീക്ഷാര്‍ഹമാകുന്നത്. ബി ഒ ടി പാതകള്‍ തന്നെ അസംബന്ധമാകുന്ന കാലമാണ്.

വിദൂര പരിഹാരമല്ല വേണ്ടത്
വന്ധ്യംകരണം കൊണ്ട് മാത്രം തെരുവുനായ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. നായ്ക്കളുടെ എണ്ണം കുറക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ആളുകള്‍ നിയമം കൈയിലെടുക്കുമെന്നും സമിതി പറയുന്നു. വലിയൊരു സാമൂഹിക പ്രശ്‌നമായി വളര്‍ന്ന തെരുവ് നായ ശല്യത്തെ വിപാടനം ചെയ്യാനുള്ള നീക്കള്‍ക്ക് വലിയ ദിശാബോധം നല്‍കേണ്ട കണ്ടെത്തലാണിതെന്ന് തന്നെ കരുതണം. പ്രശ്‌നപരിഹാരത്തിന് വന്ധ്യംകരണം എത്ര വിദൂരമായ പരിഹാരമാണ് എന്ന കാര്യത്തില്‍ സാമാന്യബോധമുള്ളവരാരും സംശയിക്കില്ല. ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തിയതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതീതി പരിഹാരമല്ല, യഥാര്‍ഥ പരിഹാരമാണ് ആവശ്യം. അതിന് അക്രമകാരികളായ നായ്ക്കളെ കൊല്ലുക തന്നെ വേണം. അപ്പോഴും, സാങ്കേതികതകളുടെയും നിയമത്തിന്റെയും പ്രശ്‌നങ്ങള്‍ വരും. ബി ജെ പി ദേശീയ സമ്മേളനത്തിന് കോഴിക്കോട്ട് വന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് കേരളത്തിലെ പോലീസ് മേധാവിയെ കണ്ടപ്പോള്‍ ഉണര്‍ത്താനുണ്ടായത് പട്ടികളെക്കുറിച്ചായിരുന്നു. ഇത്തരം നേതാക്കളും നിയമങ്ങളുമൊക്കെയാണ് നമ്മുടെ രാജ്യത്തിന്റെ ദുരന്തം എന്ന് പറയാതെ വയ്യ.

Latest