ദേശഭക്തി മോദിഭക്തിയായി മാറുന്നുവെന്ന് കനയ്യകുമാര്‍

Posted on: October 11, 2016 12:33 pm | Last updated: October 11, 2016 at 5:04 pm

kanayya-kumarതിരുവനന്തപുരം: ദേശഭക്തിയെ മോദിഭക്തിയായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. മോദി പ്രൈംമിനിസ്റ്ററല്ല, പ്രൈംമോഡലാണ് എന്നും കനയ്യകുമാര്‍ പരിഹസിച്ചു. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വര്‍ഗീയ-സാമ്രാജ്യത്വ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി ഓഫീസിലിരുന്ന് ട്വീറ്റ് ചെയ്തത് കൊണ്ടോ കൈവീശി കാണിച്ചത് കൊണ്ടോ രാജ്യത്ത് പുരോഗതിയുണ്ടാകില്ല. സ്‌കില്‍ ഇന്ത്യയല്ല, കില്‍ ഇന്ത്യയാണ് ഇവിടെ നടപ്പാക്കുന്നത്. ബിജെപി കേരളത്തിലും അക്കൗണ്ട് തുറന്നതിന്റെ അപകടം തിരിച്ചറിയണമെന്നും കനയ്യകുമാര്‍ പറഞ്ഞു.

പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പോലും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് മോദി ചെയ്യുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ച് വിട്ട് രാജ്യത്ത് യുദ്ധജ്ജ്വരം പടര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.