Connect with us

Articles

തീവ്ര വലതുപക്ഷ രാഷ്ട്രീയം മുസ്‌ലിംകളെ ഉന്നംവെക്കുന്നു

Published

|

Last Updated

രാജ്യത്തിന്റെ ബഹുസ്വരതയെന്ന യാഥാര്‍ഥ്യത്തെ കൃത്യമായി അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ മഹത്വം. വ്യക്തികളുടെ മതപരവും സാംസ്‌കാരികവുമായ സ്വത്വത്തെ അത് കണക്കിലെടുക്കുന്നു. ഭരണഘടനയുടെ ആമുഖം തൊട്ട് എല്ലാ ഘടകങ്ങളും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും വൈവിധ്യത്തെയും യഥാര്‍ഥ മതേതരത്വത്തെയും അടയാളപ്പെടുത്തുന്നു. മത പ്രമാണങ്ങള്‍ക്കനുസരിച്ചുള്ള വ്യക്തിനിയമം അനുവദിക്കുമ്പോള്‍ മതവിശ്വാസത്തെ ആദരിക്കുകയാണ് ഭരണഘടന ചെയ്യുന്നത്. എല്ലാ മതങ്ങളുടെയും വ്യക്തിത്വത്തെ അംഗീകരിക്കുകയെന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യം. ഇത് രണ്ട് തരത്തിലാണ് സാധ്യമാകുന്നത്. ഒരു പ്രത്യേക മതത്തിന്റെ വിധി വിലക്കുകള്‍ രാജ്യത്തിന്റെ പൊതു നിയമങ്ങളുടെ അടിസ്ഥാനമായിക്കൂടെന്നതാണ് ഒരു തത്വം. എന്നാല്‍ വ്യക്തിതലത്തില്‍ ഓരോ മതവിശ്വാസിയും അവന്റെ വിശ്വാസ പൂര്‍ത്തീകരണത്തിന് അനിവാര്യമായി ആചരിക്കേണ്ട നിയമങ്ങള്‍ക്ക് മേല്‍ ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ട് തത്വങ്ങളും ഏറ്റുമുട്ടലില്ലാതെ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇവിടെ പൊതുസിവില്‍, ക്രിമിനല്‍ കോഡും പ്രത്യേക മതസ്ഥര്‍ക്ക് വ്യക്തി നിയമങ്ങളും നിലനില്‍ക്കുന്നത്. എന്നുവെച്ചാല്‍ വ്യക്തി നിയമങ്ങള്‍ (പേഴ്‌സനല്‍ ലോ) പൗരന്‍മാരുടെ മത വൈവിധ്യത്തെ അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. വൈവിധ്യത്തോട് അടങ്ങാത്ത അസഹിഷ്ണുതയുള്ള ഹിന്ദുത്വ ശക്തികള്‍ രണ്ട് തത്വങ്ങളെയും നിരാകരിക്കുന്നു. ബ്രാഹ്മണിക്കല്‍ ഹിന്ദു മത സംഹിതകള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. പ്രത്യേക വ്യക്തിനിയമങ്ങള്‍ക്ക് നേരെ അവര്‍ വാളെടുക്കുകയും ചെയ്യുന്നു. ഈ പശ്ചാതലത്തിലാണ് ഏക സിവില്‍ കോഡിനായുള്ള മുറവിളി വിശകലനം ചെയ്യേണ്ടത്. അപ്പോള്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം അസഹിഷ്ണുതയുടെ പ്രകടനമാണെന്ന് വ്യക്തമാകും. ഏകീകൃത സിവില്‍ കോഡ് ദേശീയ ആവശ്യമല്ല; രാഷ്ട്രീയ ആവശ്യമാണെന്നും വ്യക്തമാകും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഏക സിവില്‍ കോഡ് ഉണ്ടായിരുന്നു. ലോകസഭയില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതോടെ ഏക സിവില്‍ കോഡ് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി ജെ പിയും കൂട്ടാളികളും ശ്രമം തുടങ്ങി. യൂനിഫോം സിവില്‍ കോഡ് (യു സി സി)നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ ലോ കമ്മീഷനെ നിയമമന്ത്രാലയം ചുമതലപ്പെടുത്തി. അതിന് മുമ്പ് തന്നെ ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ (ബി ജെ പി അനുകൂല സംഘടന) മുസ്‌ലിം കുടുംബ ചട്ടങ്ങളുടെ കോഡിഫിക്കേഷന് വേണ്ടി കരുനീക്കങ്ങള്‍ നടത്തിയിരുന്നു. അവര്‍ ഒരു കരട് നിയമം തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. നൂര്‍ജഹാന്‍ സഫിയ നിയാസിനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ കരട് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നു: ഒന്ന്, ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് (1937) ഭേദഗതി ചെയ്യണം. രണ്ട്, മുസ്‌ലിം മാര്യേജസ് ആക്ട് (1939) റദ്ദാക്കണം. മൂന്ന്, മുസ്‌ലിം പേഴ്‌സനല്‍ ലോ തീര്‍ത്തും പരിഷ്‌കരിക്കണം. ഇതു വഴി ഏകീകൃത സിവില്‍ കോഡിലേക്കുള്ള വാതിലുകള്‍ തുറക്കാനാണ് അവരും ശ്രമിക്കുന്നത്. കോഡ് ഏകീകരണത്തില്‍ പൊതു ജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് നിയമ മന്ത്രാലയം ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏകീകൃത ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നും ഏകീകൃത കോഡ് വ്യക്തിയുടെ മതസ്വാതന്ത്ര്യത്തിലുള്ള കടന്ന് കയറ്റമാകുമോയെന്നും കമ്മീഷന്‍ ആരായുന്നു.
മുത്വലാഖിന്റെ സാധുത ചോദ്യം ചയ്ത് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഏതാനും ഹരജികളില്‍ വാദം കേള്‍ക്കുന്നത് കൊണ്ടും ഏക സിവില്‍ കോഡ് (യൂനിഫോം സിവില്‍ കോഡ് – യു സി സി)അന്തരീക്ഷത്തില്‍ ഉദിച്ച് നില്‍ക്കുന്നു. മുത്വലാഖിനെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. യു സി സി ഒരിക്കല്‍ കൂടി സംവാദ മണ്ഡലത്തിലേക്ക് വരികയാണെന്ന് ചുരുക്കം. അത് സ്വാഭാവികമായും സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സംഘ്പരിവാറിന്റെ വര്‍ഗീയവിഭജന ദൗത്യം നിര്‍വഹിക്കുന്ന പുതിയ ആയുധമായി അത് പരിണമിക്കും. രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് ഇത്തരം വൈകാരികതകള്‍ വലിച്ചിടുകയെന്നതാണല്ലോ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ നിതാന്ത തന്ത്രം. ഏക സിവില്‍ കോഡ് വാദം ക്രിസ്ത്യാനികളെയും ഹിന്ദുക്കളില്‍ തന്നെയുള്ള ചില വിഭാഗങ്ങളെയുമെല്ലാം മുറിവേല്‍പ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ഉന്നം മുസ്‌ലിംകള്‍ തന്നെയാണ്. ശരീഅത്തിന്റെയും അനുഷ്ഠാന ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ട വ്യക്തി നിയമം നിലനില്‍ക്കുന്നത് കൊണ്ട് മുസ്‌ലിംകള്‍ എന്തൊക്കെയോ ആനുകൂല്യങ്ങള്‍ നേടുന്നുണ്ടെന്നും കടുത്ത സ്ത്രീവിരുദ്ധത പുലര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നുമാണ് പ്രചാരണം. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പുറത്ത് പ്രത്യേക അവകാശങ്ങള്‍ അനുഭവിക്കുന്നവരാണ് മുസ്‌ലിംകളെന്ന ധ്വനി പരത്താന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമായിട്ടുണ്ട്. ഏക സിവില്‍ കോഡ് അടക്കം മതസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളെ നഖശിഖാന്തം ചെറുക്കുന്നത് ഒരര്‍ഥത്തില്‍ ഈ പ്രചാരണങ്ങള്‍ക്ക് ശക്തി പകരുകയാണ്. ചര്‍ച്ചകളിലൂടെ സിവില്‍ കോഡ് ഏകീകരിക്കുന്നതില്‍ വിരോധമില്ലെന്ന് ചില ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അതോടെ ഈ വിഷയം ഒരു മുസ്‌ലിം വിഷയമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ നടത്തുന്ന പ്രതികരണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൈവന്നിരിക്കുന്നു. മത സ്വാതന്ത്ര്യത്തിന് എന്തോ അപകടം പിണയാന്‍ പോകുന്നുവെന്ന ധാരണയല്ലാതെ യഥാര്‍ഥത്തില്‍ എന്താണ് ഏക സിവില്‍ കോഡിന്റെ വിവക്ഷകള്‍ എന്ന് ചിന്തിക്കാന്‍ ആരും തയ്യാറാകാറില്ല എന്നതാണ് വസ്തുത.
ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാജ്യത്ത് സാധ്യമാകുന്നതിന്റെ അങ്ങേയറ്റം ഏകത്വം നമ്മുടെ നിയമവ്യവസ്ഥക്ക് ഇപ്പോഴുണ്ട്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്‍മാരാണ് എന്ന ഭരണഘടനാ തത്വം നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാന മൂല്യമാണ്. ക്രിമിനല്‍ കോഡും ഇന്ത്യന്‍ പീനല്‍ കോഡും സിവില്‍ പ്രൊസീജ്യര്‍ കോഡും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡുമെല്ലാം എല്ലാവര്‍ക്കും ബാധകമായതാണ്. ഇവയടക്കം ആയിരക്കണക്കായ നിയമങ്ങളും ശിക്ഷാ വിധികളുമെല്ലാം മതം, ജാതി, പ്രദേശം, സാമ്പത്തിക നിലവാരം തുടങ്ങിയ പരിഗണനകളില്‍ നിന്ന് തികച്ചും മുക്തമാണ്. സമൂഹവുമായി വ്യക്തി ഇടപെടുന്ന മുഴുവന്‍ മേഖലകളിലും ഈ നിയമങ്ങളാണ് വാഴുന്നത്. അതുകൊണ്ടാണ് രാജ്യത്ത് നിയമവാഴ്ച (റൂള്‍ ഓഫ് ലോ)സാധ്യമാകുന്നത്. മതപ്രമാണങ്ങള്‍ക്കനുസരിച്ച് പാലിക്കപ്പെടേണ്ട തികച്ചും വ്യക്തി നിഷ്ഠമായ വിഷയങ്ങളില്‍ മാത്രമാണ് വ്യക്തി നിയമങ്ങള്‍ ബാധകമായിട്ടുള്ളത്. 1937ല്‍ നിലവില്‍ വന്ന ഇസ്‌ലാമിക് ശരീഅത്ത് ആക്ട് പ്രകാരം രൂപപ്പെട്ടിട്ടുള്ള മുസ്‌ലിം വ്യക്തി നിയമം വിവാഹം, വിവാഹാനുബന്ധ മറ്റ് കാര്യങ്ങള്‍, അനന്തരാവകാശം, ദത്ത്, വഖ്ഫ് തുടങ്ങിയ കാര്യങ്ങളില്‍ പരിമിതപ്പെട്ടിരിക്കുന്നു. ഇവ നിര്‍ണയിച്ചിരിക്കുന്നത് ദൈവദത്തമായ വിധിവിലക്കുകള്‍ ക്കനുസരിച്ചാണ്. ഖുര്‍ആന്‍ അധ്യാപനങ്ങളെ വ്യാഖ്യാനിച്ച് മഹാമനീഷികള്‍ ക്ലിപ്തപ്പെടുത്തിയതാണ് ശരീഅത്ത് നിയമങ്ങള്‍. ചരിത്രത്തിലൂടെ കടന്ന് വന്ന് സ്ഫുടം ചെയ്യപ്പെട്ടവയാണ് അവ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഘട്ടത്തിലും ഭരണഘടനാ നിര്‍മാണത്തിന്റെ ഘട്ടത്തിലും അതിന് ശേഷം നടന്ന ജുഡീഷ്യല്‍ പരിശോധനകളുടെ ഘട്ടത്തിലുമൊന്നും ഇത്തരമൊരു നിയമ സംഹിതയുടെ സാധുത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പൊതു സമൂഹവുമായി ഈ നിയമങ്ങള്‍ ഒരിക്കലും ഏറ്റുമുട്ടുന്നില്ല എന്നതാണ് അതിന് കാരണം. ഒരു മതവിശ്വാസിക്ക് അങ്ങനെയല്ലാതായി മാറാന്‍ ആഗ്രഹമുണ്ടെങ്കില്‍ വ്യക്തിനിയമത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരു തടസ്സവുമില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് തന്നെ ഏറ്റവും നല്ല ഉദാഹരണം. വ്യക്തി നിയമത്തിന്റ പരിധിയില്‍ നിന്ന് കൊണ്ട് ഒരാള്‍ക്ക് മതനിഷ്ഠകള്‍ പാലിച്ച് ശരീഅത്ത് അനുസരിച്ച് വിവാഹിതനാകാം. തുടര്‍ന്നും ആ നിയമസംഹിത പാലിക്കാം. ഇനി അത് വേണ്ടെന്നാണെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതനാകാം. ആരിലും വ്യക്തി നിയമം അടിച്ചേല്‍പ്പിക്കുന്നില്ല. (തുടരും)

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest