Connect with us

Editorial

ക്രൂരന്‍മാരെ വീരന്‍മാരാക്കുന്നോ?

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന നീതിന്യായ വ്യവസ്ഥയനുസരിച്ച് കൊലക്കേസില്‍ പ്രതിയായ ഒരാളുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിക്കുന്ന വൈരുധ്യം ഇന്നത്തെ ഇന്ത്യനവസ്ഥയെ അടയാളപ്പെടുത്തുന്നുണ്ട്. ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃത്‌ദേഹം ദേശീയപതാക പുതച്ചുകിടക്കുമ്പോള്‍ നമ്മുടെ വ്യവസ്ഥ ഉദാസീനമായി നിന്ന് അതിനെ പിന്തുണച്ചു. ആ പിന്തുണയറിയിക്കലിലും ഒരു വാചാലതയുണ്ടായിരുന്നു.
ഡങ്കിപ്പനി ബാധിച്ച് മരിച്ച പ്രതി രവി സിസോദിയയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമുണ്ട്. കുട്ടിയുടെ വിദ്യാഭ്യാസവും ഭാര്യക്ക് ജോലിയും പരിഗണിക്കുമെന്നും കേസില്‍ സി ബി ഐ അന്വേഷണം നടത്തുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാഗ്ദത്തം നല്‍കി. മര്‍ദനമേറ്റാണ് മരിച്ചതെന്നാരോപിച്ച് സംഘ്പരിവാര്‍ മുതലെടുപ്പിന് രംഗത്തുണ്ടായിരുന്നു. കേന്ദ്രമന്ത്രി ഡോ. മഹേഷ് ശര്‍മ ദാദ്രി യിലെത്തി പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. “നമ്മുടെ മറ്റു കുട്ടികള്‍ ലോക്കപ്പില്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെ”ന്നു അദ്ദേഹം പരിഭവിച്ചു.
ജനാധിപത്യ ഭരണകൂടം മൗലിക ധര്‍മങ്ങള്‍ വിസ്മരിച്ച് ഹിംസകളോടും അസംബന്ധങ്ങളോടും സന്ധി ചെയ്യുന്ന കാഴ്ചകള്‍ ആവര്‍ത്തിക്കുന്നു. ഒത്താശകള്‍ കൂടുതല്‍ കൂടുതല്‍ ഉദാരമാകുകയാണ്. കടും ചായത്തിലുള്ള തലത്തിലേക്ക് പോകാന്‍ സാംസ്‌കാരിക ദേശീയത ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നു. ദേശീയ പതാക എന്നത് ഹിംസയെ വെള്ള പൂശാനുള്ള ഒരു കഷണം തുണിയല്ലായിരുന്നു; അത് ദേശീയ പ്രസ്ഥാനത്തന്റെ പൈതൃകം പേറുന്ന രാജ്യത്തിന്റെ ആഭിജാത പ്രതീകമായിരുന്നു കഴിഞ്ഞ ദിവസം വരെ. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി എന്നതിനൊപ്പം ദേശീയ ചിഹ്നത്തെ അവഹേളിക്കലും സംഭവിച്ചിരിക്കുന്നു. ദേശീയ ചിഹ്നങ്ങളെ അനവസരത്തിലും അനര്‍ഹമായ ഇടങ്ങളിലും ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ കുത്സിത കുതന്ത്രങ്ങളാണ് ഇതൊക്കെ അടയാളപ്പെടുത്തുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ ഗോഡ്‌സെ ആദരിക്കപ്പെടുന്ന ഭീബത്സമായ നാട്ടില്‍ ഇങ്ങനെയൊരാളുടെ മൃത്‌ദേഹത്തിനു മേല്‍ ദേശീയ പതാക വന്നുപതിച്ചതില്‍ അതിശയിക്കുന്നതില്‍ അര്‍ഥമില്ല. മരണാനന്തര ബഹുമതികള്‍ നല്‍കാതിരുന്നാല്‍ ഭാഗ്യം.
ഇന്ത്യന്‍ രാഷ്ട്രീയ പരിസരത്ത് പശു പാല്‍ ചുരത്തുന്ന ഒരു പാവം മൃഗമല്ലല്ലോ ഇന്ന്. കൂര്‍പ്പിച്ച കൊമ്പുമായി ദളിതരെയും മുസ്‌ലിംകളെയും കുത്തിയോടിക്കുന്ന ഭീകരജീവിയാണ്. എന്നാല്‍ ഇവിടെയുമുണ്ട് വ്യത്യാസം. ദളിതന് അവനെതിരെയുള്ള ആക്രമണം ഇന്ധനമായി ഉപോയോഗിച്ച് പ്രക്ഷോഭമെങ്കിലും നടത്താം. എന്നാല്‍, ഇരകളാകുന്നത് പോലും പാപമാകുന്ന അവസ്ഥയാണ് മുസ്‌ലിംകളുടേത്. അഖ്‌ലാഖിന്റെ കുടുംബമാണ് ചെറുപ്പക്കാര്‍ ജയിലില്‍ പോകാന്‍ കാരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ കുടുംബം പലായനം ചെയ്യേണ്ടിവന്നല്ലോ.
മതവികാരത്തെ മുറിവേല്‍പ്പിച്ച് സംഘ്പരിവാര്‍ കൊമ്പുകുലുക്കി പായുമ്പോള്‍ കൂപ്പുകൈയോടെ തൊഴുതുനില്‍ക്കാനേ കഴിയുന്നുള്ളൂ നമ്മുടെ മതേതര സമൂഹത്തിനും ഔദ്യോഗിക സംവിധാനങ്ങള്‍ക്കും. ഫാസിസത്തിന്റെ ആക്രോശങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന മതേതര സര്‍ക്കാറുകള്‍ ആഘാതം കുറയ്ക്കാനുള്ള യത്‌നങ്ങളിലാണ് പിന്നെ വ്യാപൃതരാകുന്നത്. അങ്ങനെയാണ് ധനസഹായം പ്രഖ്യാപിക്കലും സഹായത്തിലെ തൂക്കമൊപ്പിക്കലുമൊക്കെ നടക്കുന്നത്. ഭയങ്കരമായ ഈ അവസ്ഥയെ ലഘൂകരിക്കാനുള്ള, നിര്‍ദോശമെന്ന് തോന്നാവുന്ന ഈ ശ്രമങ്ങള്‍പോലും സത്യത്തില്‍ നിര്‍വഹിക്കുന്ന ദൗത്യമെന്താണ്? സംശയം വേണ്ട, അതിക്രമങ്ങളെയും ഫാസിസത്തെയും പരോക്ഷമായി സാധൂകരിക്കുക തന്നെയാണ്. അഖ്‌ലാഖ് കഴിച്ചത് പശു ഇറച്ചി ആയിരുന്നില്ല എന്ന് ആണയിട്ട് അക്രമത്തെ തള്ളിപ്പറഞ്ഞതിന്റെ അപകടം അന്ന് ഉന്നയിക്കപ്പെട്ടതാണല്ലോ. എല്ലാം വോട്ട് രാഷ്ട്രീയത്തിന്റെ പരിമിത വരിവൃത്തത്തില്‍ പര്യവസാനിക്കുന്നവര്‍ക്ക് സാധൂകരിക്കപ്പെട്ടാലെന്ത്, ഇല്ലെങ്കിലെന്ത്?
അയാള്‍ എങ്ങനെ മരിച്ചു, അസുഖമാണോ അതല്ല, ആരോപിക്കപ്പെടും പോലെ മര്‍ദനമേറ്റോ എന്നതൊക്കെ അന്വേഷിക്കട്ടെ. തെറ്റ് വന്നെങ്കില്‍ ശിക്ഷിക്കട്ടെ. അതിന്റെ പേരില്‍ ന്യായീകരിക്കാവുന്നതല്ല ഫാസിസത്തിനുള്ള ഇത്തരം കൊടിപിടിക്കലുകള്‍. ക്രൂരന്മാരെ വീരന്മാരാക്കുന്ന ഫാസിസ്റ്റ് ചര്യയുടെ ഇന്ത്യന്‍ അനുബന്ധമായി മൃതദേഹത്തിലെ ആ പതാകയെ കാണാം. ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ അപമാനിച്ച കിരാത സംഭവത്തിലെ പ്രതിയെയാണ് ഇങ്ങനെ ചട്ടം ലംഘിച്ച ആദരവാല്‍ മൂടുന്നത് എന്നതില്‍ തീരുന്നില്ല വിഷയം: ഒരു പട്ടാളക്കാരന്റെ പിതാവിന്റെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കിട്ടുന്ന ആദരം എന്ന വിചിത്രമായ വൈപരീത്യവും ഇവിടെ ദംഷ്ട്ര കാട്ടുന്നുണ്ട്.

Latest