വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Posted on: October 9, 2016 2:55 pm | Last updated: October 10, 2016 at 9:56 am

kohli-rahane-jpg-image-784-410ഇന്‍ഡോര്‍: ബാറ്റുകൊണ്ട് മായാജാലം തീര്‍ത്ത നായകന്‍ വിരാട് കോഹ്‌ലിയുടെയും അജിങ്ക്യ രഹാനെയുടെയും മികവില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയുടെയും (211), സെഞ്ച്വറി നേടിയ രഹാനെയുടെയും (188) ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ 557/5 എന്ന നിയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി മാര്‍ട്ടന്‍ ഗുപ്റ്റിലും ആറ് റണ്ണുമായി ടോം ലാതവുമാണ് ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിന് 529 റണ്‍സിന് പിറകിലാണിപ്പോള്‍ സന്ദര്‍ശകര്‍.

മൂന്നിന് 267 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ കിവീസ് ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു. 366 പന്തില്‍ 20 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. ജീതന്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ നായകന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 465 റണ്‍സിലെത്തിയിരുന്നു.

381 പന്തില്‍ 18 ബൗണ്ടറിയും നാല് സിക്‌സറും പറത്തിയ രഹാനെ ബൗള്‍ട്ടിന്റെ പന്തിലാണ് പുറത്തായത്. 79 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച രഹാനെ വേഗത്തില്‍ തന്നെ സെഞ്ച്വറി കുറിച്ചു. 210 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറും സഹതമായിരുന്നു രഹാനെയുടെ ശതകം. രഹാനെയുടെ കരിയറിലെ എട്ടാം സെഞ്ച്വറിയാണിത്.

നാലാം വിക്കറ്റില്‍ കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് 365 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടും ടെസ്റ്റിലെ ഏറ്റവും മികച്ച ഏഴാമത്തെ കൂട്ടുകെട്ടുമാണ് കോഹ്‌ലി- രഹാനെ സഖ്യം കുറിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കറും വി വി എസ് ലക്ഷ്മണും 2004ല്‍ സിഡ്‌നിയില്‍ ആസ്‌ത്രേലിയക്കെതിരെ നേടിയ 353 റണ്‍സായിരുന്നു നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

നേരത്തെ മൂന്ന് വിക്കറ്റിന് 100 റണ്‍സെന്ന നിലയയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 51 റണ്‍സുമായി രോഹിത് ശര്‍മയും 17 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടും സാന്റനര്‍ ഒരു വിക്കറ്റും വീഴ്ത്തി.