പ്രചാരണത്തിന് പൊതുമുതല്‍ ഉപയോഗിക്കരുത്: തിര. കമ്മീഷന്‍

Posted on: October 8, 2016 11:36 pm | Last updated: October 8, 2016 at 11:36 pm

online voteന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടിയുടെയും ചിഹ്നത്തിന്റെയും പ്രചാരണത്തിന് പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുതെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതിനും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. പൊതു ഫണ്ട് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ചിഹ്നം പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ഡല്‍ഹി ഹൈക്കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാര്‍ പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകള്‍ സ്ഥാപിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.