ഏക സിവില്‍ കോഡ് പ്രായോഗികമല്ല: സമസ്ത

Posted on: October 8, 2016 9:44 pm | Last updated: October 9, 2016 at 10:50 am
SHARE

uniform civil codeകോഴിക്കോട്: ഇന്ത്യപോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പ്രായോഗികമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വ്യക്തമാക്കി.
നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യാരാജ്യത്തിന്റെ മുഖമുദ്ര. വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയാണ് നമ്മുടെ രാജ്യം. ഇവിടെ പൗരന് ഭരണഘടന അനുവദിച്ച് നല്‍കുന്ന മൗലികാവകാശത്തിന് ഭീഷണിയാണ് ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന വാദം.

മത സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തേയും ഹനിക്കുന്ന നിയമനിര്‍മ്മാണത്തിനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. യുക്തിഭദ്രവും കാലാതീതവും പ്രായോഗികവുമായ വിശുദ്ധ ഇസ്‌ലാമിന്റെ നിയമ സംഹിത ദൈവികമാണ്. അതില്‍ മാറ്റംവരുത്താന്‍ ആര്‍ക്കും സാധ്യമല്ല. ഭരണഘടന അനുവദിച്ചു നല്‍കുന്ന അവകാശങ്ങള്‍ ഉള്‍ക്കൊണ്ട് പാരസ്പര്യത്തോടെ എല്ലാമതവിഭാഗങ്ങള്‍ക്കും അവരവരുടെ ആചാരാനുഷ്ഠാന പ്രകാരം ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത്. കഴിഞ്ഞ എഴുപത് വര്‍ഷംകൊണ്ട് രാജ്യം നേടിയെടുത്ത മത സൗഹാര്‍ദ്ദവും പാരസ്പര്യവും കളഞ്ഞുകുളിക്കാന്‍ മാത്രമെ ഈ നീക്കം ഉപകരിക്കൂ.

മുസ്‌ലിംകളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമെ ഭരണം മുന്നോട്ട് കൊണ്ടുപോകൂ എന്ന് നേരത്തെപറഞ്ഞ പ്രധാനമന്ത്രിക്ക് മുത്വലാഖ്, ഏക സിവില്‍ കോഡ് വിഷയത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കാന്‍ ബാധ്യതയുണ്ട്. രാജ്യത്തിന്റെ പൈതൃകവും മതേതരസ്വഭാവവും സങ്കുചിത താല്‍പര്യങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി തകര്‍ക്കരുത്. രാഷ്ട്ര ശില്‍പികള്‍ എഴുതിവെച്ച ഭരണഘടനയുടെ അന്തസത്ത നിലനിര്‍ത്തുന്നതിന് പകരം മനുഷ്യ മനസ്സുകളില്‍ അസഹിഷ്ണുതയും ഛിദ്രതയും ഉണ്ടാക്കുന്ന നീക്കങ്ങള്‍ ആശ്വാസ്യകരമല്ലെന്നും സമസ്ത മുശാവറ പ്രമേയത്തില്‍ പറഞ്ഞു.

പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലിബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എപി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here