സമാധാന സന്ദേശവുമായി തീരദേശത്ത് സൈക്കിള്‍ റാലി

Posted on: October 8, 2016 10:18 am | Last updated: October 8, 2016 at 10:18 am
താനൂര്‍ തീരദേശത്ത് നടത്തിയ സമാധാന സന്ദേശ സൈക്കിള്‍ റാലിക്ക് ജില്ലാ പോലീസ്  മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നേതൃത്വം നല്‍കുന്നു
താനൂര്‍ തീരദേശത്ത് നടത്തിയ സമാധാന സന്ദേശ സൈക്കിള്‍ റാലിക്ക് ജില്ലാ പോലീസ്
മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നേതൃത്വം നല്‍കുന്നു

താനൂര്‍/തിരൂര്‍: തീരദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സമാധാന സന്ദേശ സൈക്കിള്‍ റാലി നടത്തി. ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബെഹ്‌റ വെള്ളരി പ്രാവുകളെ പറത്തി റാലി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ആറ് മാസക്കാലമായി തീരദേശത്ത് അരങ്ങേറിയ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് തീരദേശത്തുകാര്‍ അനുഭവിക്കുന്ന കഷ്ടതകളെ സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തുവാനും സംഘര്‍ഷങ്ങള്‍ സമാധാനം നഷ്ടപ്പെടുത്തുമെന്നത് തീരമേഖലയിലെ ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും വേണ്ടിയാണ് സമാധാന സന്ദേശ യാത്ര പോലീസ് നടത്തുന്നതെന്ന് ഉദ്ഘാടന വേളയില്‍ ദേബേഷ് കുമാര്‍ ബെഹ്‌റ പറഞ്ഞു. തീരദേശങ്ങളില്‍ അക്രമണത്തെ ചെറുത്തു നില്‍ക്കുന്നതിനുവേണ്ടി ഈയിടെയായി പോലീസും മറ്റു വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളും അനവധി സമാധാന സമ്മേളനങ്ങളും സന്ദേശ റാലികളും നഗര മധ്യത്തില്‍ നടത്തിയിട്ടുണ്ട്.
ഇവകളൊക്കെയും വേണ്ടത്ര ഫലം കാണാതെപോയ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ‘വിഭാഗീയ ചിന്തകള്‍ മാറ്റിവെയ്ക്കൂ സമാധാനത്തിനായ് സഹകരിക്കൂ എന്ന സന്ദേശവുമായി റാലി നടത്തിയത്. ജില്ലയിലെ 34 പോലീസ് റ്റേഷനുകളിലെ പ്രിന്‍സിപ്പല്‍ എസ് ഐമാര്‍,13 സി ഐമാര്‍, ആറ് ഡി വൈ എസ് പിമാര്‍ എന്നിവരും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെടെ അറുപതോളം വരുന്ന പോലീസ് സംഘം സൈക്കിള്‍ സവാരി ചെയ്തുകൊണ്ട് സമാധാന സന്ദേശവുമായി തീരദേശത്തിന്റെ 35 കിലോമീറ്റര്‍ സഞ്ചരിച്ചു. താനൂര്‍ ഒട്ടുംപുറം ഫാറൂഖ് പള്ളി പരിസരത്ത് നിന്നും രാവിലെ കൃത്യം ഏഴ് മണിക്ക് തുടക്കം കുറിച്ച റാലി തീരദേശത്തിന്റെ ഹൃദയ ഭാഗമായ താനൂര്‍ ഹാര്‍ബര്‍ വഴി ഉണ്ണിയാല്‍, പറവണ്ണ കൂട്ടായി എന്നീ മേഖലയിലൂടെ കടന്നുപോയി പടിഞ്ഞാറെകരയില്‍ സമാപനം കുറിച്ചു.
സമാധാന സന്ദേശ റാലിക്ക് താനൂര്‍ ജി ആര്‍ എഫ് ടി എച്ച് എസ് എസിലെ വിദ്യാര്‍ഥികളും ഐ സി എച്ച് എസ് എസിലെ വിദ്യാര്‍ഥികളും വിവിധ കേന്ദ്രങ്ങളിലായി ഊഷ്മള വരവേല്‍പ്പുകള്‍ നല്‍കി. താനൂര്‍ ഹാര്‍ബര്‍ ബീച്ചിലും ചാപ്പപ്പടി ബീച്ചിലും ഉണ്യാല്‍ നഗരത്തിലും പറവണ്ണയിലും മറ്റു വിവിധ കേന്ദ്രങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികളും സമാധാന കാംക്ഷികളായ രക്ഷിതാക്കളും നാട്ടുകാരും മധുരങ്ങള്‍ നല്‍കി റാലിയെ സ്വീകരിച്ചു. ഉച്ചക്ക് 11.30ന് സമാധാന സന്ദേശ റാലി പടിഞ്ഞാറെകരയില്‍ സമാപിച്ചു.