Connect with us

National

വിവരാവകാശത്തിന് 11 വയസ്സ് ലഭിച്ചത് 1.75 കോടി അപേക്ഷകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിവരാവകാശ നിയമം നടപ്പാക്കി പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ലഭിച്ചത് 1.75 കോടി അപേക്ഷകള്‍. വിവരാവകാശ നിയമ പ്രകാരം രാജ്യത്താകമാനം പ്രതിദിനം 4,800ത്തോളം അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ് ഇനീഷ്യേറ്റീവ് (സി എച്ച് ആര്‍ ഐ) നടത്തിയ പഠനത്തില്‍ പറയുന്നു. 2005നും 2015നും ഇടയില്‍ ലഭിച്ച അപേക്ഷകളില്‍ 27.2 ശതമാനവും (47.66 ലക്ഷം) കേന്ദ്ര മന്ത്രാലയങ്ങളുമായോ വകുപ്പുകളുമായോ ബന്ധപ്പെട്ടവയാണ്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര സംസ്ഥാനമാണുള്ളത്. ഇവിടെ ഇതേ കാലയളവില്‍ 26.40 ശതമാനം (46.26 ലക്ഷം) വിവാരാവകാശ അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടത്. മൂന്നാം സ്ഥാനത്തുള്ള കര്‍ണാകയില്‍ ഇക്കാലയളവില്‍ 11.83 ശതമാനം (20.73 ലക്ഷം) അപേക്ഷകള്‍ ലഭിച്ചു. കേന്ദ്രം, മഹാരാഷ്ട്ര, കര്‍ണാടക എന്നീ മൂന്ന് ഇടങ്ങളില്‍ ലഭിച്ച അപേക്ഷകള്‍ ഇതുവരെ ലഭിച്ച മൊത്തം എണ്ണത്തിന്റെ മൂന്നില്‍ രണ്ട് (65.43 ശതമാനം) വരുമെന്നും പഠനം വ്യക്തമാക്കുന്നു.
തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ മൊത്തം അപേക്ഷകളുടെ നാലില്‍ ഒന്ന് മാത്രമാണ് (24.90 ശതമാനം) സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നിയമത്തിന്റെ സാധ്യതകള്‍ ഏറ്റവും കുറച്ച് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. വെറും 11,092 അപേക്ഷകള്‍ മേഘാലയയില്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ 16,009 അപേക്ഷകള്‍ നാഗാലാന്‍ഡ് സര്‍ക്കാറിനും ലഭിച്ചു.
അതേസമയം, 2005 ഒക്‌ടോബറില്‍ പ്രാബ്യത്തില്‍ വന്ന വിവരാവകാശ നിയമം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും, ഇതുവരെയായി എത്ര പരാതികള്‍ ലഭിച്ചുവെന്നതേക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ ഇല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പല പൊതുമേഖലാ സ്ഥാപനങ്ങളും തങ്ങള്‍ക്ക് ലഭിച്ച വിവരാവകാശ അപേക്ഷകളുടെ കണക്ക് നല്‍കിയിട്ടില്ല. ഇതുകൂടി കണക്കാക്കുമ്പോള്‍ അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് സി എച്ച് ആര്‍ ഐയിലെ വെങ്കടേഷ് നായക് പറഞ്ഞു. ആര്‍ ടി ഐ ആക്ടിന്റെ 25ാം വകുപ്പ് പ്രകാരം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവര്‍ക്ക് ലഭിച്ച വിവരാവകാശ അപേക്ഷകളുടെ സ്ഥിതിവിവര കണക്കുകള്‍ വിവരാവകാശ കമ്മീഷന് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍, കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷനുകള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പല സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷനുകളുടെ വെബ്‌സൈറ്റുകള്‍ പുതുക്കുക പോലും ചെയ്യുന്നില്ലെന്നും സി എച്ച് ആര്‍ ഐ പഠനത്തില്‍ പറയുന്നു.

Latest