Connect with us

Kerala

വരവില്‍ കവിഞ്ഞ സ്വത്ത് : കെ എം എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മുപ്പത് ദിവസത്തിനകം അന്വേഷണം നടത്തി നവംബര്‍ ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് എ ബദറുദ്ദീന്‍ ഉത്തരവിട്ടത്.
പ്രതിമാസ ശമ്പളത്തില്‍ നിന്ന് ലോണ്‍ അടവ് കഴിഞ്ഞാല്‍ ദൈനംദിന ചെലവിന് ലഭിക്കുന്ന തുക അഴിമതിയിലൂടെയാണെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് അന്വേഷണം. മുംബൈ സിറ്റിയിലുള്ള കോഹിന്നൂര്‍ ഫേസ് മൂന്നില്‍ 950 സ്‌ക്വയര്‍ ഫീറ്റ് വരുന്ന 110 ലക്ഷം രൂപ വിലയുള്ള ഫഌറ്റിന്റെ ലോണ്‍ റീ പേയ്‌മെന്റ് പ്രതിമാസം 84,000 രൂപയാണ്. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള മില്ലേനിയം അപ്പാര്‍ട്ട്‌മെന്റില്‍ കെ എം എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിനും ലോണുണ്ട്. ഇതിന് പുറമെ കൊല്ലം ജില്ലയില്‍ കടപ്പാക്കടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് കോടികള്‍ ചെലവായതിന്റെ കണക്ക് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രോപ്പര്‍ട്ടിസ്റ്റേറ്റ്‌മെന്റില്‍ കാണിച്ചിട്ടില്ലെന്നും ഹരജിക്കാരാന്‍ ആരോപിച്ചു.
1968 ലെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പെരുമാറ്റച്ചട്ടത്തിലെ റൂള്‍ 16(1) പ്രകാരം 15,000 രൂപയില്‍ കൂടുതലുള്ള ആശ്രിതരുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരം ചീഫ് സെക്രട്ടറിക്ക് വര്‍ഷം തോറും നല്‍കണമെന്ന നിയമം നിലനില്‍ക്കെ കെ എം എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും സ്ഥാവരജംഗമവസ്തുക്കളുടെ വിവരം 33 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഒരിക്കല്‍ പോലും ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Latest