കുഞ്ഞന്‍ ഈത്തപ്പന കായ്ച്ചത് കൗതുകമാകുന്നു

Posted on: October 7, 2016 8:09 pm | Last updated: October 7, 2016 at 8:09 pm
ഈത്തപ്പന ചെടിയിലെ പഴം. കായ്ച്ചപ്പോഴുള്ള ചിത്രം (ഇടത്)
ഈത്തപ്പന ചെടിയിലെ പഴം. കായ്ച്ചപ്പോഴുള്ള ചിത്രം (ഇടത്)

ദോഹ: പ്രവാസിയുടെ വീട്ടുമുറ്റത്തെ ഒന്നര വര്‍ഷം മാത്രം പ്രായമെത്തിയ കുഞ്ഞന്‍ ഈത്തപ്പനയില്‍ പഴമുണ്ടായത് കൗതുകമാകുന്നു. മഅ്മൂറയില്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കുറ്റിയാടി സ്വദേശി മൊയ്തു പി പള്ളത്തിലിന്റെ വീട്ടിലാണ് കുഞ്ഞന്‍ ഈത്തപ്പനയില്‍ പഴം കായ്ച്ചത്.
ഏകദേശം ഒന്നര വര്‍ഷം മുമ്പ് മദീനയില്‍ നിന്ന് വാങ്ങിയ ഈത്തപ്പഴത്തിന്റെ കുരുക്കള്‍ കൗതുകത്തിന് മൊയ്തുവും കുടുംബവും ചേര്‍ന്ന് വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. കുരുക്കള്‍ കുഴിച്ചിട്ടതും മുളപൊട്ടിയതും വളര്‍ന്നതുമെല്ലാം ഒരേ സമയത്താണെങ്കിലും ഒരു പനച്ചെടി മാത്രമാണ് കായ്ച്ചത്. സാധാരണനിലയില്‍ കുരുവില്‍ നിന്ന് പെട്ടെന്ന് ചെടിയുണ്ടാകുമെങ്കിലും വൈകിയാണ് കായ്ക്കുക. സാധാരണ ഈത്തപ്പന നാല്- എട്ട്് വര്‍ഷമെങ്കിലും വളര്‍ന്നാലാണ് കായ്ക്കുക. ഒട്ടിക്കല്‍ നടത്തുന്ന മരം സാധാരണ മരത്തേക്കാള്‍ രണ്ട്, മൂന്ന് വര്‍ഷം മുമ്പ് കായ്ക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍, സാധാരണ ഈത്തപ്പനകള്‍ കുലക്കുന്ന സമയത്ത് തന്നെ ഈ കുഞ്ഞന്‍ പനയും കായ്ച്ചു.
മൊത്തം എട്ട് ചെടികള്‍ വളര്‍ന്നെങ്കിലും ഒരു പനയില്‍ മാത്രം ഒരു കുല ഈത്തപ്പഴമുണ്ടാകുകയായിരുന്നു. ചെറിയ കുലയില്‍ പത്ത്- പന്ത്രണ്ട് കായ്കളാണ് ഉണ്ടായത്. സാധാരണ നിലക്കുള്ള പരിചരണമാണ് ഇവക്ക് നല്‍കിയിരുന്നത്. കായ്ച്ചയുടനെ പ്രത്യേകം കമ്പിവേലികെട്ടി സംരക്ഷിച്ചു.
സാധാരണ ഇത്തരം പ്രായമെത്താത്ത ചെടികളില്‍ പഴമുണ്ടാകാത്തതിനാല്‍, പെട്ടെന്ന് കൊഴിഞ്ഞുപോകുമോയെന്ന ആശങ്ക കാരണം പഴുത്ത് പാകമാകുന്നത് വരെ കാത്തിരിക്കുകയായിരുന്നു മൊയ്തുവും കുടുംബവും. പഴുത്തതിന് ശേഷവും ഇവര്‍ ഇത് പറിച്ചിരുന്നില്ല. ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ രുചിയറിയാനായി രണ്ട് മൂന്ന് പഴം പറിച്ചു. പറിച്ച പഴങ്ങളില്‍ കുരുവില്ലെന്നും നല്ല മധുരമാണെന്നും മൊയ്തു പറയുന്നു. സന്ദര്‍ശകര്‍ക്ക് കാണാനായി ഇപ്പോഴും മുഴുവനും പറിക്കാതെ സൂക്ഷിക്കുകയാണ് ഇവര്‍.
മലയോര മേഖലയായ കുറ്റിയാടിയില്‍ നിന്ന് പ്രവാസജീവിതത്തിലേക്ക് വന്ന മൊയ്തു കൃഷിയോട് അതീവ താത്പര്യമുള്ളയാളാണ്. ഖത്വര്‍ ഫൗണ്ടേഷനില്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറേറ്റിലെ ഗവണ്‍മെന്റ് അഫയേഴ്‌സ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് മൊയ്തു പി പള്ളത്തില്‍.