Connect with us

Kerala

കേരളത്തിലെ ആം ആദ്മിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷം

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയില്‍ അഭിപ്രായ വിത്യാസം രൂക്ഷം. പാര്‍ട്ടി നേതാക്കളായ മനോജ് പത്മനാഭന്‍, സാറാ ജോസഫ് എന്നിവരെ അവഗണിച്ച് പാര്‍ട്ടി സംസ്ഥാന ഘടകം കൈപ്പിടിയിലൊതുക്കാന്‍ സി ആര്‍ നീലകണ്ഠന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളായ സോംനാഥ് ഭാരതി, അല്‍ക ലാംബ എന്നിവരെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് നാളെ നടത്തുന്ന ഉത്തരമേഖലാ സംഗമത്തില്‍ നിന്ന് സാറാ ജോസഫ് അടക്കമുള്ള മറ്റ് നേതാക്കളെ ബോധപൂര്‍വം ഒഴിവാക്കിയതായാണ് ആരോപണം.
കോഴിക്കോട്ടെ പരിപാടിക്ക് ശേഷം തൊട്ടടുത്ത ദിവസം മൂന്നാറിലും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലും സാറാ ജോസഫ് ഉള്‍പ്പെടെ പങ്കെടുക്കുന്നില്ല. പൊമ്പിളൈ ഒരുമൈ എന്ന സംഘടനയെ എ എ പിയുമായി ബന്ധപ്പെടുത്തിയത് സാറാ ജോസഫാണ്. എന്നാല്‍ ഇവരോളം തനിക്ക് ജന സ്വാധീനമില്ലെന്ന് തിരിച്ചറിഞ്ഞ സി ആര്‍ നീലകണ്ഠന്‍ നടത്തുന്ന നീക്കമാണ് പരിപാടിക്ക് പിന്നിലെന്ന് എതിര്‍ വിഭാഗം പറയുന്നു. ഇതിനെതിരെ പരിപാടി നടക്കുമ്പോള്‍ പ്രതിഷേധിക്കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ അഭിപ്രായ വിത്യാസമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി ആര്‍ നീലകണ്ഠന്‍ പറയുന്നു. ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങുള്ളതുകൊണ്ടാണ് സാറാ ജോസഫ് കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ സമയം മൂന്നാറിലെ പരിപാടിയില്‍ അവര്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഡി സി ബുക്‌സിന്റെ പരിപാടിയുള്ളതുകൊണ്ട് പങ്കെടുക്കാന്‍ സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Latest