ഫേസ്ബുക്കുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted on: October 7, 2016 6:00 am | Last updated: October 6, 2016 at 11:29 pm

facebookന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ഫേസ്ബുക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകോര്‍ക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ യുവാക്കളെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാക്കുന്നതിനായാണ് ഫേസ്ബുക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹകരിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് ബോധവത്കരണം നടത്തുന്നതിനാണ് ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നത്.
രാജ്യത്ത് 155 ദശലക്ഷത്തിലധികം ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പ്രൊഫൈലില്‍ പ്രത്യേകം ലിങ്ക് വഴി പ്രത്യക്ഷപ്പെടുത്തുന്ന രജിസ്റ്റര്‍ ടു വോട്ട് എന്ന സംവിധാനം വഴിയായിരിക്കും പുതിയ വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക. ഈ ലിങ്ക് വഴി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലിലേക്ക് ഉപഭോക്താവിന് എത്തിച്ചേരാന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പോര്‍ട്ടലില്‍ നല്‍കുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിരിക്കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാധ രാതൂരി പറഞ്ഞു.
പഞ്ചാബില്‍ ഇന്നലെ മുതല്‍ സംവിധാനം നിലവില്‍ വന്നു. മണിപ്പൂരില്‍ ഇന്ന് മുതലും യു പിയിലും ഉത്തരാഖണ്ഡിലും നാളെയും ഗോവയില്‍ ഈ മാസം ഒമ്പത് മുതലും ഫേസ്ബുക്ക് വഴി വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ത്തി തുടങ്ങും. കൂടാതെ ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കില്‍ പ്രത്യേകം പേജും ആരംഭിക്കുന്നുണ്ട്.