തേവരുടെ ആന അല്ല

Posted on: October 7, 2016 6:00 am | Last updated: October 6, 2016 at 11:27 pm
SHARE

SIRAJകെ എസ് ആര്‍ ടി സിയുടെ നഷ്ടക്കണക്കും കടക്കെണിയും ഇന്നലെ തുടങ്ങിയതല്ല. എങ്കിലും ഈ പൊതുമേഖലാ സ്ഥാപനം ഇന്നെത്തിയിരിക്കുന്ന പതനത്തിന്റെ ആഴം വിളിച്ചുപറയുന്നതാണ് ശമ്പളവും പെന്‍ഷനും മുടങ്ങിയ സംഭവം. സ്വകാര്യ ബസ്സുകളും അയല്‍ക്കാരുടെ സര്‍ക്കാര്‍ ബസ്സുകളും സ്പീഡിലോടുമ്പോള്‍ കെ എസ് ആര്‍ ടി സി മാത്രമെന്തുകൊണ്ട് മെല്ലെപ്പോക്കിലായി? അതിന്റെ മൂലകാരണം കണ്ടെത്തുകയും മൗലികമായ പരിഹാരങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നില്ലെങ്കില്‍ സ്റ്റേറ്റ് ബസ് ചരിത്രത്തിന്റെ ഭാഗമാകും.
പൊതുഗതാഗതം മെച്ചപ്പെടുത്തല്‍ ഇന്ന് കെ എസ് ആര്‍ ടി സിയുടെയോ അതിലെ ജീവനക്കാരുടെയോ മാത്രം പരിമിത പ്രശ്‌നമല്ല. വാഹനപ്പെരുപ്പം മൂലം ജീവിതവും യാത്രയും ദുസ്സഹമാണ്. ബസ്സിന് പകരം കാറുകളിറങ്ങുമ്പോള്‍ ഗതാഗതക്കുരുക്കും അപകടങ്ങളും ഇന്ധനച്ചെലവും കൂടുന്നു. മലിനീകരണം കൂടി ജീവിക്കാന്‍ കൊള്ളാതാകും. എല്ലാറ്റിലുമുപരി അതൊന്നും വാങ്ങാന്‍ വകയില്ലാത്തവര്‍ വലയുകയും ചെയ്യും. പൊതുഗതാഗതം, സേവന മേഖല എന്നീ തലങ്ങളില്‍ കെ എസ് ആര്‍ ടി സി നിറവേറ്റുന്ന ദൗത്യം നിസ്സാരമല്ല. ലഭം/നഷ്ടം ദ്വന്ദങ്ങളില്‍ മാത്രം ഊന്നാതെ സാമൂഹിക പ്രതിബന്ധത കാണിച്ച വലിയൊരു ഭൂതകാലം അതിനുണ്ട്. കണ്ണിന്റെ വില അതുള്ളപ്പോള്‍ പലരും മനസ്സിലാക്കില്ല. ഈ സംരംഭം ഇല്ലാതായി നോക്കണം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍. നട്ടപ്പാതിര നേരത്തു മലമ്പാതകളിലേക്കും ഒറ്റപ്പെട്ടയിടങ്ങളിലേക്കും പോകാന്‍ ഏത് സ്വകാര്യ ബസ്സുകളാണുണ്ടാകുക? താരതമ്യേന സുരക്ഷയുള്ള യാത്ര, മത്സര ഓട്ടത്തിനില്ലാത്തത്, യാത്രാ സുഖം തുടങ്ങിയ കാരണങ്ങളാല്‍ ജനം കെ എസ് ആര്‍ ടി സിയെ ഇഷ്ടപ്പെടാന്‍ തുടങ്ങിയ കാലമാണിത്. ജീവനക്കാരുടെ പെരുമാറ്റത്തിലും ഗുണകരമായ മാറ്റങ്ങളുണ്ടായി. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെ തന്നെയാണ് വലിയ പ്രതിസന്ധി.
എവിടെയാണ് പിശകുകള്‍? ജീവനക്കാരുടെ എണ്ണം, ശമ്പള നിരക്ക്, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവ പൂര്‍ണമായി തള്ളിക്കളയാന്‍ കഴിയില്ല. കിലോമീറ്റര്‍ ചെലവ്, സര്‍വീസ് റദ്ദാക്കല്‍ എന്നിവയില്‍ കെ എസ് ആര്‍ ടി സി അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുമ്പിലാണ്. അതേസമയം, ദിവസം ഒരു ബസ് ഓടുന്ന ദൂരം, ജീവനക്കാരന്‍ ഒരു ദിവസം ഓടിക്കുന്ന ദൂരം തുടങ്ങിയവയിലൊക്കെ വളരെ പിറകിലും. ജീവനക്കാരുടെ സൗകര്യം മാത്രം പരിഗണിച്ചുള്ള ഡബിള്‍ ഡ്യൂട്ടി, ത്രിബിള്‍ ഡ്യൂട്ടി പാക്കേജുകള്‍, കലക്ഷന്‍ കൂടുതല്‍ കിട്ടുന്ന റൂട്ടുകളേക്കാള്‍ ചെറിയ റൂട്ടുകളില്‍ പോകാനുള്ള താത്പര്യം, സ്വകാര്യ ബസുകളുമായി ഒളിസൗഹൃദങ്ങള്‍ തുടങ്ങിയവ ഇപ്പോഴും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. സ്വകാര്യ ബസ്സുകാരുടെ ഭീഷണികള്‍ പോലും അവഗണിച്ച് അത്യധ്വാനം ചെയ്യുന്നവരുമുണ്ട്. ആളുകളെ വിളിച്ചുകയറ്റുന്നവരും ജനസൗഹൃദ സമീപനം സ്വീകരിക്കുന്നവരും കെ എസ് ആര്‍ ടി സിയുടെ സമ്പത്തായുണ്ട് താനും. ഈ വ്യത്യാസം ഭരണ, മെയിന്റനന്‍സ് വിഭാഗത്തിലുണ്ടായോ എന്ന് സംശയമാണ്. ആസൂത്രണം, മേല്‍നോട്ടം തുടങ്ങിയവയില്‍ പഴയ തേവരുടെ ആനയുടെ ഗതി തന്നെയാണ്.
സ്റ്റോര്‍ പര്‍ച്ചേഴ്‌സ് ആണ് ചോര്‍ച്ചയുടെ മര്‍മസ്ഥാനം. ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ അതുള്ളതിന്റെ വിലക്ക് വാങ്ങുമ്പോള്‍ ഈടില്ലാത്ത സാമഗ്രികള്‍ കയറിവരുന്നു. ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടി പഴകിത്തുരുമ്പെടുക്കുന്ന അവസ്ഥയുമുണ്ട്. നിസ്സാര കാര്യങ്ങള്‍ക്ക് കട്ടയില്‍ കയറ്റുന്ന കൗശലക്കാരുമുണ്ട്. മേജര്‍ ഫാള്‍ട്ട് അല്ലാതെയും കട്ടയില്‍ കയറ്റിയിടുമ്പോള്‍ ബസിനൊപ്പം ജീവനക്കാര്‍ക്കും വെറുതെയിരിക്കാമല്ലോ. സ്വകാര്യ ബസ്സുകാരോടുള്ള തലപ്പത്തുള്ളവരുടെ ഒത്താശകളും പ്രതിസന്ധി സൃഷ്ടിക്കുന്നു.
സൗജന്യങ്ങള്‍ സാമ്പത്തിക ഭാരമാകുന്നുണ്ടാകണം. എന്നാല്‍, ഭിന്നശേഷിക്കാര്‍ മുതല്‍പേരായവര്‍ക്ക് താങ്ങ് നല്‍കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടത് പൊതുമേഖലാ സ്ഥാപനങ്ങളാണല്ലോ. എന്നാല്‍, സ്ഥാപനത്തിന്റെ ചുറ്റുവട്ടത്തുള്ളവര്‍ക്കെല്ലാം സൗജന്യം എന്നത് പുനരാലോചിക്കേണ്ടതുണ്ട്. ഒരു സേവന മേഖലയാണ് എന്ന് വരുമ്പോള്‍ തന്നെ ഇതൊരു ‘ധര്‍മസ്ഥാപന’മാക്കാന്‍ നിവൃത്തിയില്ല. ഉള്ള ജീവനക്കാര്‍ക്ക് ജോലി കൊടുക്കണം, ദുര്‍മേദസ്സുകള്‍ ഒഴിവാക്കണം. സൗജന്യങ്ങള്‍ വേണമെങ്കിലും അവിഹിതമായി പറ്റുന്നത് തടയണം. സേവന മേഖല എന്നതിനൊപ്പം വ്യവസായമാണെന്നുകൂടി വന്നാലേ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. സാമൂഹിക ബാധ്യതകള്‍ക്കൊപ്പം തന്നെ പെന്‍ഷന്‍ പോലുള്ള കാര്യങ്ങളില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സമയമായി. പെന്‍ഷനെക്കുറിച്ച് പുതിയ കാലത്ത് മറുവാദങ്ങള്‍ ഉയരുന്നുണ്ടല്ലോ. കെ എസ് ആര്‍ ടി സിയുടെ തലപ്പത്ത് ഐ പി എസുകാരനാണ് വരുന്നത്. ഇതിന്റെ യുക്തി എന്തായാലും മെക്കാനിക് ബിരുദമുള്ളയാള്‍ കൂടിയാകേണ്ടേ എം ഡിയാകുന്നത്?
പൊതുഗതാഗതം മെച്ചപ്പെടുത്തുകയും ലാഭകരമാക്കുകയും ചെയ്യാനുള്ള ബൃഹത്തായ പദ്ധതികള്‍ വരേണ്ടതുണ്ട്. കാരണം, അടുത്ത മാസം വരുന്നുണ്ട്, ഇതിലും വലിയ ബാധ്യതകള്‍. പണയം വെക്കാന്‍ ഡിപ്പോകളോ വായ്പ വാങ്ങാന്‍ സ്ഥാപനങ്ങളോ നിലവിലില്ല. ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസ്സുകളുടെ കടന്നുകയറ്റം നിയന്ത്രിക്കണം. അത്തരം റൂട്ടുകളില്‍ കൃത്യസമയത്ത് സ്വന്തം ബസ് ഓടിക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാകുകയും വേണം. നിരക്കു വര്‍ധന താത്കാലിക പരിഹാരമാണെന്ന് തോന്നാമെങ്കിലും ആഴത്തില്‍ ആലോചിച്ചാല്‍ പ്രശ്‌നമാണ്. ഓട്ടയടച്ചിട്ട് ഇനി മുന്നോട്ട് പോകാനാകില്ല. സമഗ്രമായ നടപടി തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here