Connect with us

Articles

'മാനവ സംഗമം' സൗഹൃദത്തിന്റെ വഴിതുറക്കുന്നു

Published

|

Last Updated

സമകാലിക കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വിപ്ലവകരമായ ഒരു മാറ്റത്തെ ലക്ഷ്യമാക്കിയാണ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്) മാനവ സംഗമങ്ങള്‍ ആരംഭിക്കുന്നത്. പുതിയ സാമ്പത്തിക വളര്‍ച്ചയും നേട്ടങ്ങളും അതോടൊപ്പം വളര്‍ന്നു വരുന്ന കാഴ്ചപ്പാടുകളും മറ്റെല്ലാ കാലത്തേക്കാളും നമ്മുടെ സാമൂഹിക ജീവിതത്തെയും കൂട്ടായ്മകളെയും ഭിന്നിപ്പിച്ച് നിര്‍ത്താനും പരസ്പരം വിദ്വേഷങ്ങളും അകലങ്ങളും വളര്‍ത്തിയെടുക്കാനും സഹായകമായിട്ടുണ്ട്. ചില പ്രത്യേക രാഷ്ട്രീയ ആശയങ്ങളും ഇതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. മതങ്ങളെയും ഇതില്‍ ഉപയോഗപ്പെടുത്തി വരുന്നത് പതിവായിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ആസൂത്രിതമായി ഭിന്നിപ്പുകള്‍ വളര്‍ത്തിയെടുക്കപ്പെടുന്നു. മുമ്പു കാലങ്ങളില്‍ ജാതിഭേദവും മതദ്വേഷവുമില്ലാതെ പരസ്പരം വാണിരുന്ന പ്രദേശങ്ങളില്‍ ഇന്ന് ഭിന്നിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ നടന്നു വരുന്നത്. അതുപോലെ വിദ്വേഷത്തിന്റെ വിത്തുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഈ ഭിന്നിപ്പുകളുടെ പശ്ചാത്തലം മതവും സമ്പത്തും രാഷ്ട്രീയവുമാണെന്ന് ആര്‍ക്കും എളുപ്പം കാണാവുന്നതാണ്. ഓരോ ജാതി മത വിഭാഗവും അവരുടെ പ്രത്യേകം പ്രത്യേകമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമേ വിദ്യാഭ്യാസം നടത്താന്‍ പാടുള്ളൂ എന്ന കടും പിടുത്തം ചില ഭാഗത്തു നടക്കുന്നു. പാഠാവലികളില്‍ പോലും “എ” എന്ന അക്ഷരം പഠിപ്പിക്കുന്നത് അബ്ദുല്ല എന്ന പദം വഴിയും “സ” എന്ന അക്ഷരം പഠിപ്പിക്കുന്നത് സരസ്വതി എന്ന പദം വഴിയും ആയിരിക്കണമെന്നു കൂടി ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്. മുമ്പൊരിക്കലും ഇത്തരം ചിന്താഗതി കേരളീയ സമൂഹത്തില്‍ ഉണ്ടായിരുന്നില്ല. ഇത്തരം സമീപനങ്ങള്‍ വഴി വിദ്വേഷത്തിന്റെയും തീവ്രവാദത്തിന്റെയും വിത്തുകള്‍ ഗ്രാമങ്ങളില്‍ പോലും ചിലര്‍ വിതറിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ പഴയ കാലത്തെ സാമൂഹിക ബന്ധങ്ങളുടെ ചരിത്രപരമായ വികാസങ്ങള്‍ വീണ്ടും നിര്‍മിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് മമ്പുറം തങ്ങളും കോന്തു നായരും ഉള്‍പ്പെടെയുള്ള കഴിഞ്ഞ കാല ബന്ധങ്ങളെ പുനരവതരിപ്പിച്ചുകൊണ്ട് കേരളത്തിലുടനീളം നടത്തപ്പെടുന്ന സംഗമങ്ങളെല്ലാം. നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന് ക്രിസ്തു ഉപദേശിച്ചപ്പോള്‍ അതു ലോകം മുഴുവന്‍ വ്യാപനം ചെയ്യുന്ന ഒരു സ്‌നേഹശൃംഖലയായി മാറി. പ്രവാചകനായ നബി തിരുമേനിയുടെ കാരുണ്യം ലോക ചരിത്രത്തില്‍ ഇടംപിടിച്ചു. ഹിന്ദു മതത്തിന്റെ പാഠങ്ങളിലും ഉണ്ട് ഇതുപോലുള്ള മാനവിക മൂല്യങ്ങള്‍. എന്നാല്‍ ഇന്ന് അയല്‍വാസിയെ നമുക്കറിയില്ല. അവന്റെ കണ്ണുനീര്‍ കാണുന്നില്ല. അവന്റെ പട്ടിണി അവന്റെ മാത്രം പട്ടിണിയാണ്. അത് മറ്റാരെയും അലട്ടുന്നില്ല. ഈ രീതിയില്‍ സാമൂഹിക ബന്ധങ്ങള്‍ മാറുമ്പോള്‍ ഒരു പുതിയ മാനവികത ഉയര്‍ത്തിയെടുക്കാനുളള ശ്രമങ്ങളാണ് ഈ സംഗമങ്ങള്‍.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും മത പണ്ഡിതന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും സമൂഹത്തെ നയിക്കാന്‍ മുന്നിലുണ്ട്. ഒരു കാലത്ത് ഈ കേരളം തന്നെ മാനവ സംഗമത്തിന്റെ പുണ്യ ഭൂമിയായിരുന്നു. അറേബ്യയില്‍ നിന്ന് വന്ന ഇസ്‌ലാമിക മിഷനറിമാരെ ഇവിടെ സസന്തോഷം സ്വീകരിച്ചു. അവര്‍ക്ക് താമസ സ്ഥലവും ഭൂമിയും കുടുംബങ്ങള്‍ ഉണ്ടാക്കുവാന്‍ സ്ത്രീകളെയും നല്‍കി. അവരുടെ സന്തതികള്‍ ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോര്‍ച്ചുഗീസുകാരോടും ബ്രിട്ടീഷുകാരോടും ധീര യുദ്ധങ്ങള്‍ നടത്തി. ഹിന്ദുവും മുസ്‌ലിമും ഒന്നിച്ചു പോരാട്ടം നടത്താന്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിനെ പോലുള്ളവര്‍ ആഹ്വാനം ചെയ്തു. ചാലിയം കോട്ടക്കു മുമ്പില്‍ അവരുടെ രക്തം ഒന്നിച്ചൊഴുകി. എന്നാലിന്നു തീവ്രവാദത്തിന്റെ പേരില്‍ രക്തമൊഴുക്കാനാണ് ചിലരുടെ പരിശ്രമം. എനിക്കു ജാതിയും മതവുമില്ല എന്നു പറഞ്ഞ നാരായണഗുരു ഹിന്ദുവാണോ ഏത് ജാതിക്കാരനാണോ എന്നു നോക്കാനാണ് ചിലര്‍ക്കു താത്പര്യം. സര്‍വമത സാഹോദര്യത്തിന്റേതായി അദ്ദേഹം നല്‍കിയ പ്രത്യയശാസ്ത്രം അവര്‍ക്കാവശ്യമില്ല.
പുതിയ സമ്പത്തും പരിഷ്‌കരണ ബോധവും സാമൂഹിക ജീവിതത്തിന്റെ കെട്ടുറപ്പാക്കുന്നതിനു പകരം ഭിന്നിപ്പിന്റെ തത്വ ശാസ്ത്രം പ്രചരിപ്പിക്കുന്നു. കൂട്ടായ്മകളെ പരസ്പരം ശത്രുക്കളാക്കുന്നു. ഈ പ്രക്രിയ മതപണ്ഡിതന്മാരുടെ തലയില്‍ ചിലര്‍ കെട്ടിവെക്കുന്നു. ജീവിതം മുഴുവന്‍ ദൈവത്തിനും സമൂഹത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച അവരെ ഇതിന്റെ കര്‍ത്താക്കളായി വ്യാഖ്യാനിക്കുന്നു. കത്തി ഹിന്ദുവിന്റേയോ മുസ്‌ലിമിന്റേയോ ആരുടേതായാലും മുറിവേല്‍പ്പിക്കുമെന്ന കാര്യം ചിലര്‍ തങ്ങളുടെ താല്‍പര്യത്തിന്റെ പേരില്‍ ഒളിച്ചുവെക്കുന്നു.
പാര്‍ശ്വവത്കൃതരും ബഹിഷ്‌കൃതരുമായ ഹരിജനങ്ങള്‍ക്ക് ആരാധനാ കേന്ദ്രം അനുവദിക്കുകയും അവരുടെ ഉത്സവ ദിവസം കുറിച്ചു നല്‍കുകയും ചെയ്ത സൂഫി വര്യനായ മമ്പുറം തങ്ങളുടെ പ്രിയപ്പെട്ട കാര്യസ്ഥന്‍ കോന്തുണ്ണി നായരായിരുന്നു. ഫ്യൂഡല്‍ ബന്ധങ്ങള്‍ക്കെതിരായി തങ്ങള്‍ക്കു പോരാടേണ്ടി വന്നപ്പോള്‍ അതിന്റെ പൊതുവായ നേട്ടം മുസ്‌ലിം കുടിയാന്മാര്‍ക്കു മാത്രമായിരുന്നില്ല, ഹിന്ദുക്കളായ കുടിയാന്മാര്‍ക്കും ലഭിച്ചു. ഖുത്ബുസ്സമാന്‍ എന്ന് ആ വ്യക്തിത്വം വിശേഷിപ്പിക്കപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും ഇവിടെ വ്യാപകമായിരുന്നു. എന്നാല്‍ ഇത്തരം ഗ്രാമീണ സൗഹൃദങ്ങളും പരസ്പര ബന്ധങ്ങളും ഇന്നു തകര്‍ക്കപ്പെടുമ്പോള്‍ അതിനെതിരായി സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ആശയ പ്രചാരണവും പ്രവര്‍ത്തനങ്ങളും ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ദേശീയ പ്രസ്ഥാനം ശക്തിയാര്‍ജിച്ച 1930കളില്‍ ജവഹര്‍ലാല്‍ നെഹ്‌റു, താന്‍ ഗ്രാമങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പോകുന്നുവെന്നും ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗീയ സമീപനത്തിനെതിരായി പ്രതികരിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളൂവെന്നും എഴുതിയിരുന്നു. പക്ഷേ, അത്തരം ഒരു പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന്റെ മറ്റു തിരക്കുകളാല്‍ കഴിയാതെ പോയി. സൗഹൃദത്തിന്റെ റോസാപ്പൂക്കള്‍ നട്ടു വളര്‍ത്താന്‍ കഴിയാതെ പോയപ്പോള്‍ അന്നവിടെ മുളച്ച് പൊങ്ങിയത് മുള്‍ച്ചെടികളായിരുന്നു. ആ മുള്‍ച്ചെടികള്‍ ഇന്ന് കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ പുതിയ റോസാപ്പൂക്കള്‍ വിരിയിക്കാനുള്ള ഒരു എളിയ പരിശ്രമമാണ് എസ് എസ് എഫ് നടത്തുന്ന ഇത്തരം സംഗമങ്ങള്‍. വാക്കുകള്‍ മാത്രമല്ല, പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ അനേകായിരം കുടുംബങ്ങളില്‍ വര്‍ഗീയതക്കും വിഭിന്നതകള്‍ക്കും എതിരായി ഒരു പുതിയ സന്ദേശം ഉയര്‍ന്നുവരും. അങ്ങനെ കാരുണ്യത്തിന്റെതും സ്‌നേഹത്തിന്റെതും പരസ്പര വിശ്വാസത്തിന്റെതും സഹായത്തിന്റെതുമായ ഒരു പ്രത്യയ ശാസ്ത്രം വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കട്ടെ.

Latest