സന്ദര്‍ശകരെ ആകര്‍ഷിച്ച് ഉമ്മുല്‍ ഖുവൈന്‍ കടല്‍ തീരം

Posted on: October 6, 2016 8:13 pm | Last updated: October 6, 2016 at 8:13 pm

whatsapp-image-2016-10-01-at-2-27ഷാര്‍ജ: പ്രകൃതി രമണീയമായ ഉമ്മുല്‍ ഖുവൈന്‍ കടല്‍ തീരം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പാറക്കൂട്ടങ്ങള്‍ക്കും കുന്നുകള്‍ക്കുമിടയില്‍ വിശാലമായി പരന്നുകിടക്കുന്നു കടല്‍ തീരം സന്ദര്‍ശകര്‍ക്കു മാനസിക ഉല്ലാസം നല്‍കുന്നതാണ്. മത്സ്യ ബന്ധനത്തിനുള്ള സൗകര്യവും കടല്‍ തീരത്തുണ്ട്. മത്സ്യബന്ധന ബോട്ടുകളും, യാത്രബോട്ടുകളും നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന തീരം സന്ദര്‍ശകര്‍ക്കു ഏറെ ആസ്വാദ്യകരമാണ്.
ഉമ്മുല്‍ ഖുവൈന്‍ ടൗണിലേക്കുള്ള പ്രധാന പാതകളിലാണ് കടല്‍തീരം. അതുകൊണ്ടുതന്നെ സന്ദര്‍ശകര്‍ക്കു എത്തിപ്പെടാന്‍ പ്രയാസമില്ല.
സായാഹ്നങ്ങളില്‍ കുടുംബമൊത്ത് ഉല്ലസിക്കാനും, സവാരിക്കും ഏറെ സൗകര്യമുണ്ട്. പാറക്കൂട്ടങ്ങളും കുന്നുകളും തീരത്തിനു ഏറെ സൗന്ദര്യം പകരുന്നു.
ഇതര എമിറേറ്റുകളിലെ തീരങ്ങളെപോലെ അവധി ദിനങ്ങളിലും സാധാരണ ദിനങ്ങളിലും സന്ദര്‍ശകരുടെ ഒഴുക്കൊന്നും ഈ തീരത്തേക്ക് ഉണ്ടാവാറില്ല. സന്ദര്‍ശകര്‍ക്കു ആവശ്യമായ സൗകര്യങ്ങളൊന്നും വേണ്ടത്ര ഇല്ലാത്തതാകാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.
വികസന രംഗത്ത് വന്‍കുതിപ്പാണ് ഉമ്മുല്‍ ഖുവൈനില്‍ നടക്കുന്നത്. കൂറ്റന്‍ കെട്ടിങ്ങളും വ്യാപാര സമുച്ചയങ്ങളും താമസ കേന്ദ്രങ്ങളും ധാരാളം ഉയര്‍ന്നുവരികയാണ്. ഗതാഗത മേഖലയിലും വന്‍ വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലുലുവിന്റെ ഏറ്റവും വലിയ ഒരു വ്യാപാര കേന്ദ്രവും ഇവിടെ ഉയരുന്നുണ്ട്.
പുതിയ ജനവാസ കേന്ദ്രങ്ങള്‍ ഉയര്‍ന്നു തുടങ്ങിയതോടെ നിലവിലെ താമസ കേന്ദ്രങ്ങളില്‍ നിന്ന് സ്വദേശികള്‍ പുതിയ കേന്ദ്രങ്ങളിലേക്ക് താമസം മാറുന്നുമുണ്ട്. ഇതേതുടര്‍ന്ന് വില്ലകള്‍ക്കു വാടക കുറഞ്ഞുവരുന്നതായി പറയുന്നു. ഇത് മറ്റിടങ്ങളില്‍ അധിക വാടക കൊണ്ട് ബുദ്ധിമുട്ടാകുന്ന മലയാളികളടക്കമുള്ള പ്രവാസികളെ താമസം ഇങ്ങോട്ടേക്ക് മാറാന്‍ പ്രേരിപ്പിരിപ്പിക്കുന്നു. ഫലജ് അല്‍ മുല്ലയില്‍ നിര്‍മിക്കുന്ന മേല്‍പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ മറ്റു എമിറേറ്റുകളില്‍ നിന്നുള്ള ഗതാഗതവും എളുപ്പമാകും.
ടൂറിസം മേഖലയില്‍ നടക്കുന്ന വികസനം കടല്‍ തീരങ്ങളിലേക്ക് വിദേശികളുള്‍പെടെയുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഇടയാകും. വിശാലമായ കടല്‍തീരം ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിന്റെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാണ്. അജ്മാന്‍ എമിറേറ്റിനോട് ചേര്‍ന്നാണ് ഉമ്മുല്‍ഖുവൈന്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ അവികസിത എമിറേറ്റുകളിലൊന്നായിരുന്നു അടുത്തകാലംവരെ. ഇത് എന്നാല്‍ ഇപ്പോള്‍ മറ്റുപല എമിറേറ്റുകളേയും പോലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എമിറേറ്റായി ഉമ്മുല്‍ ഖുവൈനും മാറിയിട്ടുണ്ട്.