Connect with us

Gulf

ജി സി സി റെയില്‍ പദ്ധതി 2021 വരെ നീട്ടി

Published

|

Last Updated

ദോഹ: ജി സി സി റെയില്‍ പദ്ധതിയുടെ കാലാവധി 2021 വരെ നീട്ടി. ഈയാഴ്ചയാണ് തീരുമാനമെടുത്തതെന്ന് യു എ ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രി അബ്്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍ നുഐമിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണ വില കുറയുന്നതും അതുമായി ബന്ധപ്പെട്ട ബജറ്റ് വെട്ടിക്കുറക്കലുമാണോ ഇതിന് കാരണമെന്ന ചോദ്യത്തിന് അങ്ങനെയല്ലെന്ന് താന്‍ പറയുന്നില്ലെന്നായിരുന്നു മറുപടി.
ഇത് സംബന്ധമായി ഏപ്രിലില്‍ നടന്ന യോഗത്തില്‍ ഗള്‍ഫ് നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നതായി അല്‍ നുഐമി പറഞ്ഞു. റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഓരോ രാജ്യവും ഏത് ഘട്ടത്തിലാണുള്ളത് എന്നു മനസ്സിലാക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. പല രാജ്യങ്ങളും ഇക്കാര്യത്തില്‍ നിര്‍ദിഷ്ട ലക്ഷ്യത്തില്‍ നിന്ന് വളരെ പിറകിലാണെന്നാണ് വ്യക്തമായതെന്ന് അല്‍ നുഐമി കൂട്ടിച്ചേര്‍ത്തു.
ജി സി സി റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സഊദി അതിര്‍ത്തിയിലേക്കുള്ള 143 കിലോമീറ്റര്‍ റെയില്‍ ട്രാക്കാണ് ഖത്വര്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ ഇതിനു വേണ്ടി ഖത്വര്‍ റെയില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇത് അനിശ്ചിതമായി നിര്‍ത്തിവെക്കുകയായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഖത്വര്‍ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്്ദുല്ല അല്‍സുബാഇ ഇത് സംബന്ധിച്ച് വിശദീകരിച്ചിരുന്നതായി ദോഹ ന്യൂസ് റിപ്പേ്ാര്‍ട്ട് ചെയ്തു. പദ്ധതി നടപ്പാക്കുന്നതിന് ഖത്വര്‍ റെയില്‍ തയ്യാറാണെന്നും എന്നാല്‍, മറ്റു രാജ്യങ്ങള്‍ പദ്ധതി ആരംഭിക്കാതെ തങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.
ഖത്വര്‍ റെയില്‍ വെബ്‌സൈറ്റില്‍ പറയുന്നതു പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചരക്കു പാതയും സഊദിയെയും ബഹ്്‌റൈനെയും ബന്ധിപ്പിക്കുന്ന യാത്രാ പാതയുമാണ് ഖത്വര്‍ നിര്‍മിക്കുക. മിസഈദ് തുറമുഖം മുതല്‍ റാസ് ലഫാന്‍ വരെയുള്ള ചരക്കുപാത, ദോഹയില്‍ നിന്ന് ദുഖാനിലേക്കുള്ള ചരക്ക്‌യാത്രാ പാത, ദോഹയില്‍ നിന്ന് അല്‍ ശമാലിലേക്കുള്ള ചരക്ക്‌യാത്രാ പാത, ദോഹയില്‍ നിന്ന് സഊദി അറേബ്യയിലേക്കുള്ള ചരക്ക്‌യാത്രാ പാത, ദോഹയില്‍ നിന്ന് ബഹ്്‌റൈനിലേക്കുള്ള അതിവേഗ യാത്രാ പാത എന്നിവയാണ് ഖത്വര്‍ ജി സി സി റെയില്‍ ശൃംഖലയുടെ ഭാഗമായി പ്രധാനമായും നിര്‍മിക്കുക.

Latest