ഐ എസ് ഭീകരത: അറസ്റ്റും നടപടികളും യഥാര്‍ഥ കുറ്റവാളികളിലെന്ന് ഉറപ്പാക്കണം- ലീഗ്

Posted on: October 6, 2016 12:16 am | Last updated: October 6, 2016 at 12:16 am

മലപ്പുറം: ഐ എസ് ഭീകരതയും അതിലെ കണ്ണികളായവര്‍ക്കും എതിരെയുള്ള സര്‍ക്കാറിന്റെയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്‌ലിംലീഗ് പാര്‍ട്ടി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഏതാനും ചില യുവാക്കളെങ്കിലും ഐ എസ് ആശയങ്ങളുമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വെച്ചു പൊറുപ്പിക്കാനാകില്ല.
അറസ്റ്റും നടപടികളും യഥാര്‍ഥ കുറ്റവാളികള്‍ക്ക് നേരെയാണ് നടക്കുന്നതെന്ന് ഭരണകൂടം ഉറപ്പിക്കണം. ഐ എസ് ഭീകരരുടെ അപകടം തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിനെ തള്ളിക്കളഞ്ഞവരാണ് കേരളത്തിലെ മുസ്‌ലിംലീഗും മറ്റു മുസ്‌ലിം മതസംഘടനകളും. അവരെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടികള്‍ക്ക് മാത്രമേ ആത്യന്തികമായി വിജയിക്കാനാകുകയുള്ളൂ. ഐ എസിന്റെ പേരിലുള്ള അറസ്റ്റും റെയ്ഡും പൊതൂ സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ചുമതല അന്വേഷണ ഏജന്‍സികളും സര്‍ക്കാറും ഏറ്റെടുത്തേ മതിയാകൂ. സമൂഹത്തില്‍ കടുത്ത സംശയവും ആശങ്കയും നിലനില്‍ക്കാന്‍ ഇടവരുത്തുന്ന നടപടികള്‍ ഉണ്ടാകരുത്. കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് ചെയ്തികള്‍ ഭയത്തിലാക്കിയ ന്യൂനപക്ഷ സമൂഹത്തെ ഐ എസ് ഭീഷണിയുടെ പേരില്‍ സംശയത്തിന്റെ നിഴലിലാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.