Connect with us

Kerala

അസഹിഷ്ണുതക്കെതിരെ മാധ്യമങ്ങള്‍ നിലപാടെടുക്കണം: കാരാട്ട്‌

Published

|

Last Updated

കൊച്ചി: ഭരണകൂടം തന്നെ സര്‍ക്കാരുകളിലൂടെ അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരായ നിലപാട് ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയെ നേരിടുന്നകാര്യത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ഗുണപരമായ നിലപാടും നിഷേധാത്മകനിലപാടും ഉണ്ടാവുന്നുണ്ട്. മതേതര നിലപാടുകള്‍ ശക്തമായ കേരളം പോലുള്ള സ്ഥലങ്ങളില്‍ അസഹിഷ്ണുതക്കെതിരായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനും അസഹിഷ്ണുത ശക്തിപ്പെടുത്തുന്ന സമീപനങ്ങളെ തുറന്നുകാണിക്കുന്നതിനും മാധ്യമങ്ങള്‍ ശക്തമായിതന്നെ രംഗത്തുണ്ട്. അതേസമയം രാജ്യത്തിന്റെ മറ്റ് പല പ്രദേശങ്ങളിലും ഇതല്ല സാഹചര്യം. ദാദ്രി സംഭവവുമായിബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ പത്രമാധ്യമങ്ങള്‍ സ്‌തോഭജനകമായ വാര്‍ത്തകളാണ് നല്‍കിയത്. ഖൈര്‍നയില്‍നിന്ന് ഹിന്ദുക്കള്‍ പാലായനം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി കണ്ടെത്തുകയും അവിടെനിന്നുണ്ടായ പാലായനം കൂടുതല്‍ സാമ്പത്തികഭദ്രത തേടുന്നതിനുവേണ്ടിയായിരുന്നുവെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സ്ഥാപിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു.ഇത് തന്നെ മാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന രണ്ട് തരം പ്രവണതകളെ കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരെയും സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നവര്‍ക്കെതിരെയും 125. എ വകുപ്പുപ്രകാരം രാജ്യദ്രേഹകുറ്റം ചുമത്തുന്ന സംഭവങ്ങളെ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള അസഹിഷ്ണുതയായി തന്നെ കാണേണണ്ടതുണ്ട്. മാധ്യമങ്ങള്‍ക്കെതിരായും ഈ നിയമം പ്രയോഗിക്കുന്ന സാഹചര്യം പലപ്പോഴുമുണ്ടായിട്ടുണ്ടെന്നും പറഞ്ഞൂ.