Connect with us

Editorial

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും

Published

|

Last Updated

ഗ്രാമങ്ങളില്‍ പോലും മാധ്യമ സെമിനാറുകള്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു സവിശേഷ കാലമാണ് നമ്മുടേത്. ഇത് മാധ്യമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ്. മാധ്യമ നിരൂപണങ്ങളും മാധ്യമങ്ങളാല്‍ നിരൂപിക്കപ്പെടലും ഇവിടെ നിര്‍ലോഭം നടക്കുന്നു. കേരളം പോലെ വലിയ മാധ്യമ സാന്ദ്രതയുള്ള ഒരിടത്ത് മാധ്യമങ്ങളുടെ മാത്സര്യവും ഇതേത്തുടര്‍ന്നുണ്ടാകുന്ന ഇടര്‍ച്ചകളും അതിനു പിറകെ വരുന്ന ചെറിയ പ്രശ്‌നങ്ങളും സ്വാഭാവികമെന്ന് വിലയിരുത്താം. എന്നാല്‍ അഭിഭാഷകരുമായി ഉണ്ടായ പോലുള്ള സങ്കീര്‍ണവും കാലദൈര്‍ഘ്യമേറിയതുമായ സംഭവങ്ങള്‍ അത്ര ലാഘവത്തോടെ കാണാന്‍ കഴിയുമോ?
രണ്ടര മാസമായി തുടര്‍ന്ന അഭിഭാഷക- മാധ്യമ പ്രശ്‌നം രമ്യതയിലെത്തിയാലും അത് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പര്യവസാനിക്കില്ല. ഈ വിഷയം ഇത്ര ദീര്‍ഘകാലം നീണ്ടു എന്നത് തന്നെ പേടിപ്പെടുത്തുന്ന സംഗതിയാണ്. സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പോലുമെത്തിയെങ്കിലും ഒരു തീര്‍പ്പിലുമെത്താതെ കുഴഞ്ഞുമറിഞ്ഞു നീണ്ടുപോകുകയായിരുന്നു. അടിയന്തരാവസ്ഥയുടെ കാലത്ത് പോലും പ്രാബല്യത്തിലാക്കാന്‍ കഴിയാത്ത വിധം വാര്‍ത്തയുടെ സ്രോതസ്സില്‍ തന്നെ അതിന്റെ ശേഖരണം വിലക്കുന്ന നടപടിയാണ് ഉണ്ടായത്. അത്തരമൊരു ലജ്ജാകരമായ നീക്കമാണ് സ്വതന്ത്രമായ നിയമവാഴ്ചയുടെ സംരക്ഷകരില്‍ നിന്ന് ഉണ്ടായത്.
കുറച്ച് വക്കീല്‍മാരുടെ ഭീഷണിയെ തുടര്‍ന്ന് പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചവര്‍ പിന്‍വാങ്ങേണ്ടിവന്നു. അഡ്വക്കറ്റ് ജനറല്‍ ചീഫ് ജസ്റ്റീസുമായി സംഭാഷണം നടത്തുകയും ഹൈക്കോടതിയില്‍ മാധ്യമ വിലക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നെയും ദിവസങ്ങള്‍ നീണ്ടുപോയി. ഇതിനു ശേഷമാണ് ശക്തമായ നിലപാടുമായി മുഖ്യമന്ത്രി രംഗത്തെത്തുന്നത്.
ഭരണഘടനാപരമായ അവകാശങ്ങള്‍ വാദിച്ചുറപ്പിക്കാന്‍ നിയുക്തരായ അഭിഭാഷകര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരു വിഭാഗത്തെ കായികമായി നേരിടുന്നു എന്നു വരുന്നതിനേക്കാള്‍ വലിയ അസംബന്ധം എന്താണുള്ളത്? നീതിന്യായ വ്യവസ്ഥയിലെ അവിശ്വാസം പ്രഖ്യാപിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? ഒരു തൊഴില്‍ സമൂഹത്തെ വലിയ മാന്യത പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു തൊഴില്‍ സമൂഹം ഭീഷണിപ്പെടുത്തുക! ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ജനാധിപത്യം നല്‍കേണ്ടിവരുന്ന വില വലുതായിരിക്കും. മാധ്യമ സ്വാതന്ത്ര്യമെന്നത് അഭിഭാഷകരുടെ ഔദാര്യത്തില്‍ മാത്രം നടപ്പാകേണ്ട ഒന്നായി എന്നതിനേക്കാള്‍ വലിയ പാതകമുണ്ടോ? മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നു എന്തെങ്കിലും അപഭ്രംശങ്ങളുണ്ടായെങ്കില്‍ തന്നെ വടിയും വിലക്കുമായി നേരിട്ട ഈ ഘട്ടത്തെ വലിയ നാണക്കേടായി മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ. എന്നാല്‍, സങ്കുചിത പക്ഷപാതിത്വത്തിന് നില്‍ക്കാതെ പ്രമുഖരായ അഭിഭാഷകര്‍ പലരും വ്യതിരിക്തമായ നിലപാടെടുത്തു എന്നത് പ്രതീക്ഷാര്‍ഹമാണ്.
അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്കും വലിയ പാഠങ്ങള്‍ സമ്മാനിക്കുന്നുണ്ട് ഈ കാലയളവ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ മുന്‍ നിര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് നാട്ടുകാരുടെ വികാരമുണര്‍ത്താന്‍ കഴിഞ്ഞില്ല എന്നത് ആത്മവിമര്‍ശനപരമായി വിലയിരുത്താന്‍ മാധ്യമങ്ങളും സന്നദ്ധമാകണം. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും നാട്ടുകാര്‍ക്കിടയിലും പൊതുബോധം രൂപപ്പെട്ടുവരുന്നോ എന്നു പോലും സന്ദേഹിക്കാവുന്ന അവസ്ഥയുണ്ടായി. അക്ഷരത്തെ ആയുധവും ഉപജീവനവുമായി ഉപയോഗിക്കുന്നവരില്‍ ചിലരുടെ അനവധാനതയോടെയുള്ള സമീപനങ്ങള്‍ ഇതിന് കാരണമായോ എന്നാലോചിക്കണം. “പൊതു” എന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍ അങ്ങനെയല്ലാതെ പെരുമാറുന്നു എന്നും മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനത്തിന്റെയും രാഷ്ട്രീയം “പൊതു” ആയി അവതരിപ്പിക്കുന്നുവെന്നുമൊക്കെയുള്ള പരിഭവമുള്ളവര്‍ ഒരുപാടുണ്ട്.
ഇത്തരം ഇടര്‍ച്ചകളെ സ്വയം വിമര്‍ശപരമായി മാധ്യമ പ്രവര്‍ത്തകര്‍ സമീപിക്കണമെന്ന് പറയുമ്പോള്‍; മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കായികമായി നേരിടാനുള്ള സൗജന്യമായി അത് മാറിക്കൂടാ. സാമാന്യ പൗരനുള്ളതിനപ്പുറമുള്ള സവിശേഷാധികാരമുണ്ടെന്ന ധാരണയാണ് ആദ്യം തിരുത്തപ്പെടേണ്ടത്. അഭിഭാഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണ്. ആരും വ്യവസ്ഥക്ക് അതീതരാകരുത്. നിലവിട്ട് പെരുമാറാതിരിക്കാന്‍ അഭിഭാഷകരും പക്വത പോകാതെ നോക്കാന്‍ മാധ്യമ പ്രവര്‍ത്തകരും കാണിക്കേണ്ട ജാഗ്രതയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. നിയമം അറിയാമെന്ന ധൈര്യത്തില്‍ അത് കൈയിലെടുക്കുന്നതും വാര്‍ത്തയെന്ന പ്രവേശന പാസുള്ളതുകൊണ്ട് അത് അലസമായി ഉപയോഗിക്കുന്നതും ഒരുപോലെ തിരുത്തപ്പെടേണ്ടതുണ്ട്.

---- facebook comment plugin here -----

Latest