കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനത്തില്‍ പൈതൃക യാത്ര സംഘടിപ്പിക്കും

Posted on: October 5, 2016 11:11 pm | Last updated: October 5, 2016 at 11:11 pm

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപക ദിനമായ ഈ മാസം 10ന് പൈതൃകയാത്ര സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പൈതൃകയാത്രയോടനുബന്ധിച്ച് ജില്ലയിലെ മണ്‍ മറഞ്ഞുപോയ പ്രസ്ഥാന നേതാക്കളുടെയും സൂഫി വര്യന്മാരുടെയും മഖ്ബറ സിയാറത്തും കൂട്ടുപ്രാര്‍ത്ഥനയും നടത്തും. സോണ്‍ തലങ്ങളില്‍ നടത്തുന്ന പൈതൃകയാത്രക്ക് ജില്ലയിലെ പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് മലപ്പുറത്ത് പിറവിയെടുത്ത കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ ബഹുമുഖ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തില്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, എം അബ്ദുര്‍റഹ്മാന്‍ ഹാജി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബ്ദുഹാജി വേങ്ങര, ബശീര്‍ ഹാജി പടിക്കല്‍ സംബന്ധിച്ചു. പി എം മുസ്തഫ കോഡൂര്‍ സ്വാഗതം പറഞ്ഞു.