വെള്ളം പാഴാക്കിയതിന് ഷാര്‍ജയില്‍ 1,159 പേര്‍ക്ക് പിഴ

Posted on: October 5, 2016 9:29 pm | Last updated: October 5, 2016 at 9:29 pm

ഷാര്‍ജ: കഴിഞ്ഞ എട്ടു മാസത്തിനിടക്ക് വെള്ളം പാഴാക്കിയതിന് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സിവ) 1,159 താമസക്കാര്‍ക്ക് പിഴ ചുമത്തി. ജല വൈദ്യുത നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പാഴാക്കുന്നുണ്ടോയെന്നും അറിയാന്‍ സിവ 203,605 പരിശോധനകളാണ് നടത്തിയത്.
സിവയുടെ പരിശോധനയില്‍ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് ആളുകള്‍ ജലം പാഴാക്കുന്നതായി കണ്ടെത്തിയത്. ജലം പാഴാകുന്നത് തടയാനായി സിവ എമിറേറ്റിലെ 280 മസ്ജിദുകളിലും ഏഴ് സര്‍ക്കാര്‍ കെട്ടിടങ്ങളിലുമായി 524 വാട്ടര്‍ കണ്‍സര്‍വേഷന്‍ ഡിവൈസുകള്‍ സ്ഥാപിച്ചിരുന്നു. വൈദ്യുതിയും ജലവും പാഴാക്കുന്നതിനെതിരെ മുഴുവന്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളുമായി സഹകരിച്ച് സിവ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചെയര്‍മാന്‍ ഡോ. റാശിദ് അല്‍ ലീം പറഞ്ഞു.
മസ്ജിദുകളിലേയും സര്‍ക്കാര്‍ ഓഫീസുകളിലേയും ജലമാലിന്യം നിയന്ത്രിക്കാനായി സിവ പദ്ധതി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് സിവ ടെക്‌നിക്കല്‍ സപ്പോര്‍ട് മേധാവി അഹ്മദ് അല്‍ മെഹ്ദര്‍ പറഞ്ഞു.