ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി യാത്രക്കാരന്‍

Posted on: October 5, 2016 7:25 pm | Last updated: October 6, 2016 at 7:48 pm

ദോഹ: വിമാനം പുറപ്പെടാന്‍ മണിക്കൂറിനടുത്ത് ബാക്കിയുണ്ടായിട്ടും ബോര്‍ഡിംഗ് പാസ് നല്‍കാതെ തന്നെയും കുടുംബത്തെയും ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ചുവെന്ന പരാതിയുമായി യാത്രക്കാരന്‍. 30 വര്‍ഷമായി ദോഹയില്‍ വ്യാപാരം നടത്തുന്ന കോഴിക്കോട് കൊടുവള്ളിയിലെ സി ടി മുഹമ്മദാണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ മാസം 22ന് കോഴിക്കോട് നിന്നും മുംബൈയിലേക്കാണ് മുഹമ്മദും ഭാര്യയും നാല് മക്കളും ഇന്‍ഡിഗോയുടെ ടിക്കറ്റ് എടുത്തത്. രണ്ടു ദിവസം മുംബൈയില്‍ തങ്ങി ദോഹയിലേക്ക് വരാനായിരുന്നു ഇവരുടെ പദ്ധതി. രാവിലെ 11.40നായിരുന്നു വിമാനം കോഴിക്കോട് നിന്നു പുറപ്പെടേണ്ടത്. മുഹമ്മദും കുടുംബവും 10.45ന് വിമാനത്താവളത്തിലെത്തിയെങ്കിലും ബോര്‍ഡിംഗ് പാസ് നല്‍കാന്‍ ഇന്‍ഡിഗോ സൂപര്‍വൈസര്‍ വിസമ്മതിച്ചുവെന്ന് ഇദ്ദേഹം പറയുന്നു.
കൗണ്ടറില്‍ ഇരുന്ന സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും സൂപ്പര്‍വൈസര്‍ ഇടപെട്ട് തടയുകയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. തന്നെയും കുടുംബത്തെയും കൂടാതെ മറ്റ് നാല് പേരെയും ഇയാള്‍ മടക്കി അയച്ചെന്നും ഇതില്‍ ഒരാളുടെ വിസക്ക് ഒരു ദിവസത്തെ കാലാവധി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മുഹമ്മദ് പറഞ്ഞു. കോഴിക്കോട് ബി ജെ പിയുടെ ദേശീയ കൗണ്‍സില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട നേതാക്കളുടെ വരവും പോക്കും സുരക്ഷ ക്രമീകരണങ്ങളുമെല്ലാം കാരണം റോഡില്‍ കനത്ത ബ്ലോക്കായിരുന്നെന്നും ഇക്കാരണം ഉണര്‍ത്തിയെങ്കിലും സൂപര്‍വൈസര്‍ മനഃപൂൂര്‍വ്വം തങ്ങളോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയായിരുന്നെന്നും മുഹമ്മദ് പറഞ്ഞു. ആറുപേരുടെ ടിക്കറ്റിന് 30000 രൂപക്കുമേല്‍ തുക നല്‍കിയിരുന്നതായും ഇതില്‍ ടാക്‌സ് ഒഴികെ മറ്റൊന്നും തിരിച്ചു നല്‍കാന്‍ കഴിയില്ലെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ തന്നെ അറിയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍നിന്ന് തിരിച്ചയക്കപ്പെട്ടതിനാല്‍ പിന്നീട് ട്രെയിനില്‍ വളരെ പ്രയാസപ്പെട്ടാണ് താനും കുടുംബവും മുംബൈയിലെത്തിയതെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ താന്‍ നിയമ നടപടിക്ക് തയാറെടുക്കുകയാണെന്നും മുഹമ്മദ് പറഞ്ഞു.