Connect with us

Palakkad

ഇരു വൃക്കളും തകരാറിലായ വീട്ടമ്മ ചികിത്സക്കായി സഹായം തേടുന്നു

Published

|

Last Updated

കൂറ്റനാട് : ഇരു വൃക്കകളും തകരാറിലായപ്പോള്‍ പ്രേമക്ക് തകര്‍ന്നത് ഇല്ലായ്മകളിലും കുടുംബത്തോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന സ്വന്തം ജീവിതം തന്നെയായിരുന്നു. നിനച്ചിരിക്കാതെ രോഗം തളര്‍ത്തിയപ്പോള്‍ ജീവിതത്തിന്റെ ഇരുള്‍ മുഖത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പ്രേമയും കുടുംബവും.
കൂറ്റനാട് പയ്യടപ്പടി ഗിരീഷിന്റെ ഭാര്യ പ്രേമയാണ് കഴിഞ്ഞ എട്ടു വര്‍ഷമായി രോഗത്തിന്റെ എല്ലാ പീഡനങ്ങളും അനുഭവിച്ച് കഴിയുന്നത്. ഒരു വര്‍ഷം മുമ്പാണ് രോഗത്തിന്റെ കാഠിന്യം എത്രമാത്രമാണെന്ന് പ്രേമയും കുടുംബവും തിരിച്ചറിയുന്നത്. പന്തല്‍ പണിക്കാരനായ ഗിരീഷിന് ചികിത്സക്കാവശ്യമായഭീമമായ തുക താങ്ങാനാവില്ല.
നാട്ടുകാരുടേയും നല്ല മനസ്സുകളുടേയും സഹായം കൊണ്ടാണ് ഇതുവരെ ചികിത്സയുടെ പല ഘട്ടങ്ങളും കഴിഞ്ഞത്. ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഗ്രീഷ്മ, അഞ്ചാം ക്ലാസ്സുകാരിയായ ശ്രീഷ്മ എന്നിവരാണ് മക്കള്‍. പ്രേമയുടെ പ്രായമായ അച്ഛനും അമ്മയും ഗിരീഷിന്റെ അമ്മയും ഉള്‍പ്പെടുന്നതാണ് കുടുംബം. പ്രേമക്ക് ആരോഗ്യമുള്ള ജീവിതത്തിലേക്ക് മടങ്ങിവരണമെങ്കില്‍് വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുപ്പത് ലക്ഷത്തോളം രൂപയാണ് വൃക്കമാറ്റി വെക്കുന്നതിന് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രേമയേയും കുടുംബത്തേയും സഹായിക്കാന്‍ നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ഐദ്രു ചെയര്‍മാനായും, കെ പി എം ഷരീഫ് കണ്‍വീനറായും, വിപി അഷറഫ് ഖജാന്‍ജിയായും നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കൂറ്റനാട് ഫെഡറല്‍ ബാങ്കില്‍ 16970100054564 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ എഫ് എസ് സി കോഡ് : എഫ്ഡിആര്‍എല്‍ 0001697

Latest