ശമ്പളം വൈകി; കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Posted on: October 4, 2016 10:13 pm | Last updated: October 4, 2016 at 10:13 pm
ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോക്കുമുന്നില്‍ നിരാഹാരമിരിക്കുന്ന ഇ കെ ജോര്‍ജിന് പിന്തുണയുമായെത്തിയ തൊഴിലാളികള്‍.
ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോക്കുമുന്നില്‍ നിരാഹാരമിരിക്കുന്ന ഇ കെ ജോര്‍ജിന് പിന്തുണയുമായെത്തിയ തൊഴിലാളികള്‍.

താമരശ്ശേരി: ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. സെപ്റ്റംബര്‍ 30 ന് ലഭിക്കേണ്ട ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് അനുകൂല തൊഴിലാളികള്‍ സമരം ആരംഭിച്ചത്. സംസ്ഥാന വ്യാപകമായി ഒരു വിഭാഗം കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാര്‍ നിരാഹാര സമരം ആരംഭിച്ചെങ്കിലും വൈകിട്ടോടെ പല ഡിപ്പോകളിലെയും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിനാല്‍ സമരം പിന്‍വലിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി എംബ്ലോയീസ് യൂണിയന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന വൈസ് പ്രസിഡന്റും താമരശ്ശേരി ഡിപ്പോയിലെ ഹെഡ് വെഹിക്കിള്‍ സൂപ്രണ്ടുമായ ഇ കെ ജോര്‍ജ് ഇന്ന് രാവിലെ മുതല്‍ ഡിപ്പോക്കുമുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. ഇന്ന് മുതല്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. കൂട്ടത്തോടെ അവധിയെടുക്കാനും സര്‍വീസ് തടയാനും ആലോചനയുണ്ട്. ഇടതുപക്ഷ തൊഴിലാളികളും നാളെ മുതല്‍ പണിമുടക്കുമെന്നാണ് സൂചന.