ഷാര്‍ജയില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന്‌

Posted on: October 4, 2016 6:23 pm | Last updated: October 4, 2016 at 6:23 pm

numbersഷാര്‍ജ: എമിറേറ്റ്‌സ് ലേലക്കമ്പനിയുമായി ചേര്‍ന്ന് ഷാര്‍ജ പോലീസ് 150 ഫാന്‍സി വാഹന നമ്പര്‍ പ്ലേറ്റുകള്‍ ലേലം ചെയ്യും. രണ്ടക്ക നമ്പറുകളും ലേലത്തിനുണ്ട്. ഷാര്‍ജ പോലീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ലേലമാണിത്.
31, 56, 331, 556, 4444, 5556, 33330, 55555 തുടങ്ങിയ അതിവിശിഷ്ടമായ നമ്പറുകളാണ് ലേലത്തിനുള്ളത്. ആവശ്യക്കാര്‍ക്ക് ഈ മാസം 14 (വെള്ളി) വരെ www.emiratesauction.com സൈറ്റിലൂടെ മൂല്യപ്രഖ്യാപനം നടത്താം. ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും.
ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാനുള്ള യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്തന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടിനനുസൃതമായാണ് വിശിഷ്ടമായ വാഹന നമ്പറുകള്‍ ലേലം ചെയ്യുന്നതെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സൈഫ് അല്‍ സരി അല്‍ ശംസി പറഞ്ഞു. ലേലം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 80032 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
കഴിഞ്ഞ ജൂണില്‍ നടത്തിയ ആദ്യത്തെ ലേലത്തില്‍ വിവിധ രാജ്യക്കാരായ 1,340 പേര്‍ പങ്കെടുത്തു. 60 നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിലൂടെ 4.5 കോടി ദിര്‍ഹമാണ് നേടിയത്.