കോഴിക്കോഴ: മാണിയുടെ ഹര്‍ജി തള്ളി; കണ്ണും കാതും തുറന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി

Posted on: October 4, 2016 1:19 pm | Last updated: October 4, 2016 at 4:16 pm

km mani copyകൊച്ചി: ഇറച്ചിക്കോഴി മൊത്തക്കച്ചവടക്കാര്‍ക്ക് അനധികൃത നികുതി ഇളവ് നല്‍കിയ കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന മുന്‍ മന്ത്രി കെഎം മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ കേസില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി മാണിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയും ചെയ്തു. കേസില്‍ മാണിക്ക് സാമ്പത്തിക നേട്ടം ഉണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുന്നെ് കോടതി നിരീക്ഷിച്ചു. കേസില്‍ കണ്ണും കാതും തുറന്ന് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നികുതി വെട്ടിപ്പിന് അവസരം ഒരുക്കിയതിലൂടെ സര്‍ക്കാറിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. അഭിഭാഷകനായ നോബിള്‍ മാത്യുവാണ് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത്. നികുതി വെട്ടിച്ചതിനു തൃശ്ശൂരിലെ തോംസണ്‍സ് ഗ്രൂപ്പിനു ചുമത്തിയ പിഴയായ 64 കോടി രൂപ മാണി ധനമന്ത്രിയായിരിക്കെ എഴുതിത്തള്ളിയെന്നു നോബിള്‍ മാത്യുവിന്റെ പരാതിയില്‍ പറയുന്നു. 2014ലെ ബജറ്റില്‍ ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നികുതി 12.5 ശതമാനത്തില്‍നിന്നു നാലു ശതമാനമാക്കി കുറച്ചിരുന്നു. ഉല്‍പാദകരുടെ സ്വാധീനം മൂലമാണു നികുതി കുറച്ചതെന്നാണ് ആരോപണം.